ചാത്തന്നൂർ: പെട്രോൾ ബോംബാക്രമണക്കേസ് അന്വേഷിക്കുന്ന പ്രത്യേക പോലീസ് സംഘം ദല്ലാൾ നന്ദകുമാറിനെ ലോക് ഡൗൺ പിൻവലിച്ച ശേഷമേ ചോദ്യം ചെയ്യുകയുള്ളുവെന്ന് ചാത്തന്നൂർ എ സിപി വൈ .നിസാമുദീൻ പറഞ്ഞു.
നന്ദകുമാറിനെ ചോദ്യം ചെയ്യാനായി രണ്ടു തവണ നോട്ടീസ് നല്കിയിരുന്നു.ദില്ലിയിലായിരുന്ന നന്ദകുമാർ അന്ന് ഹാജരായില്ല. ഇപ്പോൾ കൊച്ചിയിലെത്തിയ നന്ദകുമാർ ഹാജരാകാൻ തയാറാണെന്ന് അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു.
പെട്രോൾ ബോംബാക്രമണക്കേസിലെ മൂന്നും നാലും പ്രതികളായ ഇ എം സി സി എന്ന അമേരിക്കൻ കമ്പനി ചെയർമാനായ ഷിജു വർഗീസിനും മാനേജർ ശ്രീകാന്തിനും ഹൈക്കോടതി ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിട്ടുള്ളത്.
ഇതനുസരിച്ച് ലോക് ഡൗൺ പിൻവലിച്ചശേഷമുള്ള ആദ്യ വെള്ളിയാഴ്ച മാത്രം ഇവർ അന്വേഷണ ഉദ്യാഗസ്ഥന് മുന്നിൽ ഹാജരായാൽ മതി.
നന്ദകുമാറിനെ ചോദ്യം ചെയ്യുന്നതോടൊപ്പം, ഇവരുടെ സാന്നിധ്യത്തിൽ കുടി മൂന്ന് പേരെയും ചോദ്യം ചെയ്യാനാണ് പോലീസിന്റെ നീക്കം. അതാണ് നന്ദകുമാറിനെ ചോദ്യം ചെയ്യുന്നത് നീട്ടിവച്ചതെന്നറിയുന്നു.
ആഴക്കടൽ മത്സ്യബന്ധന കരാറിലുടെ വിവാദം സൃഷ്ടിച്ച ഇ എം സി സി ചെയർമാൻ ഷിജു വർഗീസ് കുണ്ടറയിൽ മുൻ മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മയ്ക്കെതിരെ മത്സരിച്ചിരുന്നു.
തെരഞ്ഞെടുപ്പു ദിവസം കുരീപ്പള്ളിയിൽ വച്ച് ഷിജുവിന്റെ കാറിന് നേരെ പെട്രോൾ ബോംബാക്രമണമുണ്ടായതായി കേസുണ്ടായി.ഇതിൽ ഷിജു വർഗീസ് ഉൾപ്പെടെ നാല് പേർ അറസ്റ്റിലാവുകയും റിമാൻഡിൽ ജയിലിലാവുകയും ചെയ്തു.
ഷിജു വർഗീസും ശ്രീകാന്തും ഇപ്പോൾ ജാമ്യത്തിലാണ്.ഷിജു വർഗീസിന് സ്ഥാനാർഥിത്വം നൽകിയ ഡമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടിയിലും അതുവഴി ദല്ലാൾ നന്ദകുമാറിലും എത്തി നില്ക്കുകയാണ് അന്വേഷണം.
പെട്രോൾ ബോംബാക്രമണക്കേസിൽ ഷിജു വർഗീസ് ജയിലിൽ കഴിയുമ്പോൾ തന്നെ ഷിജുവിനെക്കുറിച്ച് വിശദമായ അന്വേഷണവും പോലീസ് ആരംഭിച്ചു.