കൊച്ചി: തൃശൂര്‍ ലോക്സഭാ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപി ജയിച്ചത് പ്രകാശ് ജാവദേകര്‍ – ഇ.പി. ജയരാജന് കൂടിക്കാഴ്ചയിലെ പാക്കേജിന്റെ ഭാഗമായാണെന്ന് ദല്ലാള്‍ നന്ദകുമാര്‍.
ലാവ്ലിന് കേസ് ഒഴിവാക്കും, മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരായ അന്വേഷണം ഇല്ലാതാക്കും എന്നിവയായിരുന്നു കൂടിക്കാഴ്ചയില്‍ ഉണ്ടായ പാക്കേജ്. നീക്കുപോക്ക് തൃശൂരില്‍ മാത്രമായിരുന്നു. തിരുവനന്തപുരത്ത് അത് ഉണ്ടായിരുന്നില്ലെന്നും കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് നന്ദകുമാര്‍ പറഞ്ഞു.
എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജനുമായി ബിജെപി നേതാവ് പ്രകാശ് ജാവദേകര്‍ കൂടിക്കാഴ്ച നടത്തിയിരുന്നെന്ന് നന്ദകുമാര്‍ നേരത്തേ പറഞ്ഞിരുന്നു. ബിജെപി അഖിലേന്ത്യാ നേതാവിനെ കേരളത്തിലെ മുതിര്‍ന്ന സിപിഎം നേതാവ് കണ്ടിരുന്നുവെന്ന് ശോഭ സുരേന്ദ്രന് പറഞ്ഞത് ഇ.പി. ജയരാജനെക്കുറിച്ചായിരുന്നുവെന്നും നന്ദകുമാര്‍ പറഞ്ഞിരുന്നു.
കേസുകള്‍ പിന്‍വലിക്കുന്ന കാര്യത്തില്‍ ജാവദേകറിന്റെ വീട്ടില്‍വച്ച് അമിത് ഷാ ഉറപ്പുതരുമെന്നും അവിടെവച്ച് സംസാരിക്കാമെന്നും ഭാഷ പ്രശ്നമാണെങ്കില്‍ നന്ദകുമാറിനെ കൂടെ കൂട്ടാമെന്നും ജാവദേകര്‍ പറഞ്ഞതായും നന്ദകുമാര്‍ വെളിപ്പെടുത്തിയിരുന്നു.