കോഴഞ്ചേരി: ബള്‍ഗേറിയന്‍ ദേശീയ ക്രിക്കറ്റ് ടീമില്‍ ഇടം കണ്ട് കുമ്പനാട് സ്വദേശി. അയർലണ്ടിലെ ബ്ലാഞ്ചസ് ടൗണില്‍ താമസിക്കുന്ന കുമ്പനാട് -കോയിപ്രം മായാലില്‍ വിനു വര്‍ഗീസ്-മോളി ദമ്പതികളുടെ മകന് ഡെല്റി വിനു വര്‍ഗീസിനാണ് (22) ഒരു വിദേശ ക്രിക്കറ്റ് ടീമില്‍ ഇടം കണ്ടെത്താനായത്.
ബള്‍ഗേറിയായില്‍ മൂന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിയായ ഡെല്റി 130-140 കിലോമീറ്റര്‍ സ്പീഡില്‍ പന്തെറിയാന്‍ കഴിവുള്ളതിനാല്‍ മീഡിയം ഫാസ്റ്റ് ബൗളറായാണ് ടീമില്‍ ഇടം പിടിച്ചത്.
തന്റെ ആദ്യ അന്താരാഷ്ട്ര മത്സരം ബള്‍ഗേറിയന്‍ ടീമിനുവേണ്ടിയാണ് കളിച്ചത്. മാള്ട്ടായിക്കെതിരെ റ്റി 20 അന്താരാഷ്ട്ര പരമ്പരയില്‍ രണ്ട് മത്സരങ്ങളാണ് ഡെല്‍റിക്ക് ലഭിച്ചത്. ഡബ്ലിനിലെ സ്വാഡ്സ് ക്രിക്കറ്റ് ക്ലബ്ബിനുവേണ്ടി കളിക്കുന്നുണ്ട്.
ഡെല്റി ജനിച്ചത് നാട്ടിലാണെങ്കിലും ഒന്നാം ക്ലാസ് മുതല്‍ പഠനം നടത്തുന്നത് അയര്‍ലണ്ടിലാണ്. മൂന്ന് വര്‍ഷം കൂടുമ്പോള്‍ നാട്ടില്‍ വരാറുള്ള ഡെല്റി 2018 ലാണ് അവസാനമായി നാട്ടിലെത്തിയതെന്ന് ഡെല്റിയുടെ അമ്മയുടെ സഹോദരിയുടെ മകനായ കുമ്പനാട് കവലയില്‍ സൈനു വര്‍ഗീസ് ജേക്കബ് പറഞ്ഞു.
ഡെല്റിയുടെ പിതാവും, അയര്‍ലണ്ടിലെ ഫാര്‍മസിസ്റ്റുമായ വിനു വര്‍ഗീസും സ്റ്റാഫ് നേഴ്സായ അമ്മ മോളിയും എല്ലാവര്‍ഷവും നാട്ടില്‍ വരാറുണ്ട്. ഡെവിള്‍സ്, ഡെരോണ് എന്നിവര്‍ സഹോദരങ്ങളാണ്.