തിരുവല്ല: കോവിഡ് വൈറസ് വകഭേദമായ ഡെല്‍റ്റ പ്ലസ് കണ്ടെത്തിയ കടപ്രയില്‍ നിയന്ത്രണം ശക്തമാക്കി പോലീസ്. പഞ്ചായത്തിലെ 14-ാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന നാലു വയസുകാരന് ഡെല്‍റ്റ പ്ലസ് കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയത്.
സ്ഥലം സന്ദര്‍ശിച്ച തിരുവല്ല ഡിവൈഎസ്പി എസ്. സുനീഷ് ബാബു, സിഐ ബിജു വി. നായര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്നലെ ജനപ്രതിനിധികളുമായി ചര്‍ച്ച നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.
തുടര്‍ന്ന് ഡെല്‍റ്റാ പ്ലസ് സ്ഥിരീകരിച്ച ഭാഗം പൂര്‍ണമായും അടച്ചു. ഈ ഭാഗത്ത് 24 മണിക്കൂര്‍ പോലീസ് നീരീക്ഷണവും ഏര്‍പ്പെടുത്തി.
വാര്‍ഡില്‍ നിലവില്‍ 17 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി കോവിഡ് ബാധിതരായവരെ വീടുകളില്‍ നിന്നും വിവിധ കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിലേക്ക് മാറ്റുന്ന നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
പരിശോധനകളും വര്‍ധിപ്പിച്ചിട്ടുണ്ട്. കോവിഡ് പോസിറ്റീവാകുന്നവരില്‍ നിന്നുള്ള സ്രവം കൂടുതല്‍ പരിശോധനയ്ക്കായി ഡല്‍ഹിയിലെ സിഎസ്ഐആര്ഐജിഐബി ലാബിലേക്ക് അയയ്ക്കും.
നിലവില്‍ കടപ്ര ഗ്രാമപഞ്ചായത്തില്‍ 26.5 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. പഞ്ചായത്ത് മുഴുവന്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങളാകും നിലവിലുണ്ടാകുക.
ന്യൂഡൽഹി: കോവിഡ് ഡെൽറ്റ പ്ലസ് വകഭേദത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം ആശങ്ക രേഖപ്പെടുത്തി. രാജ്യത്ത് ഡെൽറ്റ പ്ലസിന്റെ 40 കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. ഡെൽറ്റ പ്ലസിനെ കരുതിയിരിക്കണമെന്ന് കേരളം, മഹാരാഷ്ട്ര, മധ്യപ്രദേശ്, തമിഴ്നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.