ഡെല്‍റ്റാ വകഭേദം അമേരിക്കയെ കീഴടക്കിക്കൊണ്ടിരിക്കുകയാണ്. ജനസംഖ്യയുടെ 53 ശതമാനം പേര്‍ക്കും രണ്ടു ഡോസ് വൈറസ് നല്‍കിയിട്ടും പ്രതിദിന രോഗബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നാലിരട്ടിയായാണ് രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നത്. ലേബര്‍ ഡേ വാരാന്ത്യത്തിലേക്ക് കടക്കുമ്പോള്‍, അമേരിക്ക നേരിടുന്ന പ്രതിസന്ധി അതീവ ഗുരുതരമാണ്.
കഴിഞ്ഞ ഒരാഴ്ച്ചയിലെ പ്രതിദിന രോഗബാധിതരുടെ എണ്ണത്തിന്റെ ശരാശരി 1,63,000 ആണെന്ന് കഴിഞ്ഞ വെള്ളിയാഴ്ച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. 2020-ലെ ലേബര്‍ ഡേ വാരാന്ത്യത്തിലെ കണക്കിന്റെ 300 ശതമാനം കൂടുതലാണിത്.
അതുപോലെ ചികിത്സതേടി ആശുപത്രികളില്‍ എത്തുന്നവരുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തിന്റേതിനേക്കാള്‍ ഇരട്ടിയായി ഉയര്‍ന്നപ്പോള്‍ മരണ നിരക്കില്‍ ഉണ്ടായിരിക്കുന്നത് 80 ശതമാനത്തിന്റെ വര്‍ദ്ധനവാണ്.
53 ശതമാനം പേര്‍ക്ക് രണ്ടു ഡോസുകളും അതുപോലെ 62 ശതമാനത്തിലേറെ പേര്‍ക്ക് ചുരുങ്ങിയത് ഒരു ഡോസ് വാക്‌സിനും നല്‍കിക്കഴിഞ്ഞ രാജ്യത്തെ അവസ്ഥയാണിത്.
രോഗവ്യാപനം കുതിച്ചുയരുമ്പോഴും അതിനനുസരിച്ചുള്ള ഒരു വര്‍ദ്ധനവ് ചികിത്സതേടി ആശുപത്രികളില്‍ എത്തുന്ന രോഗികളുടെ എണ്ണത്തിലും മരണനിരക്കിലും ഉണ്ടാകുന്നില്ല എന്നതു മാത്രമാണ് ആശ്വാസം.
രോഗം ഗുരുതരമാകാതെ നോക്കാന്‍ വാക്‌സിന്‍ കാര്യക്ഷമമാണെന്നതിന്റെ തെളിവാണിതെന്നാണ് ശാസ്ത്രലോകം പറയുന്നത്.
ഡെല്‍റ്റ കാട്ടുതീ പോലെ പടരുന്നതിനിടെ പുതിയ അതിമാരക വകഭേദമായ എംയു ലോസ് ഏഞ്ചല്‍സിലും മയാമിയിലും വ്യാപിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
ആദ്യമായി കൊളംബിയയില്‍ കണ്ടെത്തിയ ഈ വകഭേദത്തെ കുറിച്ച് ഇപ്പോഴും ശാസ്ത്രലോകത്തിന് കൂടുതല്‍ വിവരങ്ങള്‍ ഒന്നും ലഭ്യമല്ല. എന്നാല്‍, വാക്‌സിനെ അതിജീവിക്കാന്‍ കെല്‍പുള്ള ജനിതകമാറ്റം ഇതിന് സംഭവിച്ചിട്ടുള്ളതായി അനുമാനിക്കുന്നു. ലോകാരോഗ്യ സംഘടന പുറത്തിറക്കിയ ഒരു കുറിപ്പിലാണ് ഇത് പറഞ്ഞിരിക്കുന്നത്.
ജൂണ്‍ 19 നും ഓഗസ്റ്റ് 21 നും ഇടയില്‍ 167 എംയു കേസുകളാണ് ലോസ് ഏഞ്ചലസില്‍ ഉണ്ടായതെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. ഇതോടെ ലോസ് ഏഞ്ചലസിലെ ജനങ്ങള്‍ കൂടുതല്‍ കരുതല്‍ എടുക്കണമെന്ന് ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടു.
ഫ്‌ളോറിഡയിലും എംയു വകഭേദം കണ്ടെത്തിയിട്ടുണ്ട്. ഇപ്പോള്‍ ഡെല്‍റ്റ വകഭേദം തന്നെയാണ് ഇവിടെ നാശം വിതയ്ക്കുന്നതെങ്കിലും എംയു വകഭേദത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത് മിയാമിയില്‍ നിന്നായിരുന്നു.
അമേരിക്കയിലെ മൊത്തം കോവിഡ് വ്യാപനത്തിന്റെയും കോവിഡ് മരണങ്ങളുടെയും അഞ്ചിലൊന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ഫ്‌ളോറിഡയില്‍ നിന്നാണ്.
ഇവിടെ പല ആശുപത്രികളും മൃതദേഹങ്ങള്‍ സൂക്ഷിക്കുവാന്‍ റെഫ്രിജറേറ്റഡ് ട്രക്കുകള്‍ വാടകയ്ക്ക് എടുത്തിരിക്കുകയാണ്. അതുപോലെ സെമിത്തേരികളിലും ശ്മശാനങ്ങളീലും മൃതദേഹങ്ങളുമായി ആളൂകള്‍ കാത്തുനില്‍ക്കുന്ന ദുരിതപൂര്‍ണമായ സാഹചര്യവുമുണ്ട്.