ബ്രിട്ടനില്‍ രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ച ശേഷവും മരണമടഞ്ഞ 42 പേരില്‍ മൂന്നിലൊന്നു പേരെയും ബാധിച്ചിരുന്നത് ഇന്ത്യയില്‍ നിന്നെത്തിയ ഡെല്‍റ്റ വകഭേദം എന്ന് തെളിഞ്ഞിരിക്കുകയാണ്.
ബ്രിട്ടനിലെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായും നീക്കം ചെയ്യുന്നത് നാലാഴ്ച്ചത്തെക്ക് കൂടി നീട്ടാന്‍ ഒരുങ്ങുന്ന സാഹചര്യത്തിലാണ് ഞെട്ടിപ്പിക്കുന്ന ഈ റിപ്പോര്‍ട്ട് പുറത്തുവരുന്നത്.
പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടിന്റെ ഈ റിപ്പോര്‍ട്ട് പ്രകാരം രണ്ടു ഡോസുകളും എടുത്തിട്ടും കോവിഡ് മൂലം മരണമടഞ്ഞവരില്‍ 29 ശതമാനം പേരിലും ഡെല്‍റ്റ വകഭേദത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു.
അടച്ചിട്ടയിടങ്ങളില്‍ കെന്റ് വകഭേദത്തേക്കാള്‍ 64 ശതമാനം അധികമാണ് ഡെല്‍റ്റാ വകഭേദത്തിന്റെ വ്യാപനശേഷി. നിലവില്‍ ബ്രിട്ടനില്‍ ഏറ്റവും വ്യാപകമായുള്ളത് ഈ വകഭേദമാണ്. മൊത്തം രോഗികളീല്‍ 90 ശതമാനം പേരില്‍ വരെ ഇതിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്.
രോഗവ്യാപന തോതില്‍ വര്‍ദ്ധനയുണ്ടാകുന്നതിനൊപ്പം, ഈ റിപ്പോര്‍ട്ടുകൂടി വന്നതോടെ ബ്രിട്ടനില്‍ ഒരു മൂന്നാം തരംഗം ഉണ്ടാകുമെന്ന ആശങ്ക വര്‍ദ്ധിച്ചിരിക്കുകയാണ്.
ഇതേ നിലയില്‍ വ്യാപനം തുടരുകയാണെങ്കില്‍ ജൂലായ് പകുതിയാകുമ്പോഴേക്കും പ്രതിദിനം 80,000 പേര്‍ക്ക് വരെ രോഗബാധ സ്ഥിരീകരിക്കുന്ന സാഹചര്യം ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
രണ്ടാം തരംഗം അതിന്റെ മൂര്‍ദ്ധന്യത്തിലെത്തിയ ജനുവരിമാസത്തില്‍ പോലും പ്രതിദിനം പരമാവധി 70,000 പേര്‍ക്കായിരുന്നു രോഗം സ്ഥിരീകരിച്ചിരുന്നത്.
പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടിന്റെ ഈ റിപ്പോര്‍ട്ടില്‍ പറയുന്നത് വാക്‌സിന്റെ ആദ്യ ഡോസ് മാത്രം എടുത്തവര്‍ക്ക് ഡെല്‍റ്റ വകഭേദത്തിനെതിരെയുള്ള പ്രതിരോധം 33 ശതമാനം മാത്രമാണെന്നാണ്.
രണ്ടു ഡോസുകളും എടുത്തുകഴിയുമ്പോള്‍ ഇത് 81 ശതമാനമായി ഉയരും. അതേസമയം ആല്‍ഫ വകഭേദത്തിന് ഈ പ്രതിരോധ ശേഷി യഥാക്രമം 51 ശതമാനവും 88.4 ശതമാനവുമാണ്.
ഓക്‌സ്‌ഫോര്‍ഡ്-അസ്ട്രസെനെകയുടെ വാക്‌സിനാണ് ബ്രിട്ടനില്‍ 70 ശതമാനത്തോളം ഉപയോഗിച്ചിട്ടുള്ളത്. ഇതിന് ഇന്ത്യന്‍ വകഭേദത്തെ ചെറുക്കാന്‍ കഴിവു കുറവാണെന്നുള്ള റിപ്പോര്‍ട്ട് ഇന്ത്യയിലാകെ ആശങ്ക പടര്‍ത്തുകയാണ്.
അസ്ട്രസെനെക വാക്‌സിന്‍( കോവിഷീല്‍ഡ്) ആണ് ഇന്ത്യയിലും പ്രധാനമായും ഉപയോഗിക്കുന്നത്. ഇതിനാല്‍ തീര്‍ത്ത പ്രതിരോധം പ്രതീക്ഷിച്ചതിലും ദുര്‍ബലമാണെന്ന തിരിച്ചറിവില്‍ പകച്ചിരിക്കുകയാണ് ഇന്ത്യന്‍ സമൂഹം.