ചെങ്ങന്നൂർ: വെണ്മണി പാറച്ചന്തയിൽ വൃദ്ധദന്പതികളെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വെണ്മണി പാറച്ചന്ത ആഞ്ഞിലിമൂട്ടിൽ എ.പി. ചെറിയാൻ (കുഞ്ഞുമോൻ-70), ഭാര്യ ലില്ലി ചെറിയാൻ (70) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
പുലർച്ചെ ആറോടെ നടക്കാനിറങ്ങിയ ബന്ധുക്കളായ കെ.എം. വർഗീസ്, എം.എൻ. ചാണ്ടി എന്നിവരാണ് ലില്ലി ചെറിയാനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി വീട്ടിൽ വെളിച്ചമില്ലാതിരുന്നതും രാവിലെ ആളനക്കമില്ലാതിരുന്നതും മൂലം ശ്രദ്ധിച്ചതിനെത്തുടർന്നാണ് വീടിന്റെ അടുക്കള ഭാഗത്തെ വാതിൽ തുറന്നുകിടക്കുന്നത് കണ്ടത്.
തുടർന്ന് നടത്തിയ തെരച്ചിലിൽ അടുക്കളയിൽ കൊല്ലപ്പെട്ട നിലയിൽ ലില്ലിചെറിയാനെ കണ്ടെത്തുകയായിരുന്നു. പോലീസിൽ വിവരമറിയിച്ചതിനെത്തുടർന്ന് പോലീസ് നടത്തിയ തെരച്ചിലിലാണ് മുറിക്കുള്ളിൽ ചെറിയാന്റെ മൃതദേഹം കാണപ്പെട്ടത്.
ഞായറാഴ്ച ഇവരുടെ വീട്ടിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ ജോലിക്കായെത്തിയിരുന്നു. ഇവരെ കേന്ദ്രീകരിച്ചാണ് കൊലപാതകത്തിന്റെ സംശയം നീങ്ങുന്നത്. ഡിവൈഎസ്പി അനീഷ് പി. കോര, സിഐ സുധിലാൽ, വെണ്മണി എസ്ഐ വി. രാജീവ് കുമാർ, നൂറനാട് എസ്ഐ ബിജു, കുറത്തികാട് എസ്ഐ വിപിൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
സമീപവാസികളിൽ നിന്നും പോലീസ് വിവരങ്ങൾ ശേഖരിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തുമെന്ന് പോലീസ് അറിയിച്ചു.