കൊടുങ്ങല്ലൂർ: യുവദമ്പതിമാരെ യും രണ്ടു പെണ്മക്കളെയും കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.
ചന്തപ്പുര ഉഴുവത്തുകടവ് ഇന്ത്യൻ ഫാർമസിക്ക് എതിർവശത്തുള്ള കാടാംപറമ്പത്ത് ആഷിഫ്(41), ഭാര്യ അബീറ (34), മക്കളായ അസ്ഹറ ഫാത്തിമ (12), അനയ് നീസ (8) എന്നിവരെയാണ് വീടിന്റെ മുകൾനിലയിലുള്ള മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
വിഷവാതകമായ കാർബൺ മോണോക്സൈഡ് ശ്വസിച്ച് മരിച്ചതായാണ് നിഗമനം. വാതകം പുറത്തുപോകാതിരിക്കാൻ ജനലുകളിലും വാതിലുകളിലും സെല്ലോടേപ്പ്കൊണ്ട് ഒട്ടിച്ചിരുന്നു.
കടബാധ്യതയാണ് കൂട്ട ആത്മഹത്യക്കു കാരണമെന്നാണു സൂചന. ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്.
അമേരിക്കൻ കമ്പനിയിൽ സോഫ്റ്റ്വെയർ എൻജിനിയറായി കൊച്ചിയിൽ ജോലിചെയ്യുകയായിരുന്നു ആഷിഫ്.
കുറച്ചുകാലമായി വർക്ക് ഫ്രം ഹോം രീതിയിൽ ജോലി ചെയ്തു വരികയായിരുന്നു.
ഒരുകോടി രൂപയിലേറെ മുടക്കി നിർമിച്ച വീടിന്റെ മുകൾനിലയിലാണ് ആഷിഫിന്റെ കുടുംബം താമസിച്ചിരുന്നത്.
ഇന്നലെ രാവിലെ പതിനൊന്നായിട്ടും മുകളിലെ മുറിയിൽനിന്നാരും പുറത്തുവരാത്തതിനാൽ താഴെ താമസിച്ചിരുന്ന ആഷിഫിന്റെ സഹോദരി മുകളിൽ ചെന്നുനോക്കിയപ്പോൾ മുറി അകത്തുനിന്ന് അടച്ച നിലയിലായിരുന്നു.
വിളിച്ചിട്ടും വിളി കേൾക്കാത്തതിനെതുടർന്ന് ആഷിഫിന്റെ സഹോദരനെ വിളിച്ചുവരുത്തി വാതിൽ പൊളിച്ച് അകത്തുകയറിയപ്പോഴാണു നാലുപേരും മരിച്ചുകിടക്കുന്നതു കണ്ടത്.
ശനിയാഴ്ച ഭക്ഷണം കഴിച്ച് രാത്രി ഉറങ്ങാൻ പോയവരാണ് നാലുപേരും.
സഹോദരിയെ കൂടാതെ ആഷിഫിന്റെ അമ്മയും വീട്ടിലുണ്ടായിരുന്നു. കൊടുങ്ങല്ലൂർ ഡിവൈഎസ്പി സലീഷ് ശങ്കരന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
മുറിക്കുളളിൽ ഒരു പാത്രത്തിൽ കൽക്കരി കത്തിച്ച നിലയിൽ കാണപ്പെട്ടു. സിങ്ക് ഓക്സെഡും കാൽസ്യം കാർബണേറ്റും കൽക്കരി ഉപയോഗിച്ചുചൂടാക്കിയാൽ കാർബണ് മോണോക്സെഡ് ഉണ്ടാകും.
ഈ വാതകം ശ്വസിച്ചാണോ നാലുപേരും മരിച്ചതെന്ന അന്വേഷണം നടത്തുമെന്നു പോലീസ് പറഞ്ഞു. തൃശൂരിൽനിന്നു ഡോഗ് സ്ക്വാഡിനെ കൊണ്ടുവന്നു പരിശോധന നടത്തി.
റൂറൽ എസ്പി ഐശ്വര്യ ദോഗ്ര, വി.ആർ. സുനിൽകുമാർ എംഎൽഎ, നഗരസഭ ചെയർപേഴ്സണ് എം.യു. ഷിനിജ തുടങ്ങിയവർ സ്ഥലത്തെത്തിയിരുന്നു.
മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.