ഹിന്ദുമഹാസഭ നേതാവിന്റെ മകന്‍ തെരഞ്ഞെടുത്തത് കമ്യൂണിസത്തിന്റെ പാത; സ്വന്തം നിലപാടുകളില്‍ ഉറച്ചുനിന്ന കരുത്തന്‍; പാര്‍ട്ടിയ്ക്ക് എന്നും തലവേദന സൃഷ്ടിച്ചു; സോമനാഥ് ചാറ്റര്‍ജി മണ്‍മറയുമ്പോള്‍…

കൊല്‍ക്കത്ത:സ്വന്തം നിലപാടുകളില്‍ ഉറച്ചു നിന്നതിലൂടെയാണ് സോമനാഥ് ചാറ്റര്‍ജി ലോകസഭയുടെ ശബ്ദമായത്. അഖില ഭാരതീയ ഹിന്ദുമഹാസഭ നേതാവായ പിതാവിനെ വകവെയ്ക്കാതെയായിരുന്നു മകന്‍ കമ്യൂണിസം തിരഞ്ഞെടുത്തത്.

പിതാവ് എന്‍.സി. ചാറ്റര്‍ജിയുടെ രാഷ്ട്രീയത്തോട് സോമനാഥ് എന്നും അകല്‍ച്ച പാലിച്ചിരുന്നു എന്നത് ഒരു വൈരുദ്ധ്യമായി തോന്നാം. ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന നിയമജ്ഞന്മാരില്‍ ഒരാളായിരുന്ന അദ്ദേഹം മഹാത്മാഗാന്ധി കൊല്ലപ്പെടുന്ന സമയത്ത് ഹിന്ദുമഹാസഭയുടെ അദ്ധ്യക്ഷനായിരുന്നു.

പിന്നീട് അമൃത് സര്‍ ഹിന്ദു കോളജിന്റെ ചെയര്‍മാന്‍ പദവി വരെയെത്തി. എന്നാല്‍ അവസാനം പിതാവിനെ സ്വന്തം പാതയിലെത്തിക്കാന്‍ മകനായി.

സോമനാഥിന്റെ പിതാവ് എന്‍. സി ചാറ്റര്‍ജി ഹിന്ദു കോളജിന്റെ ചെയര്‍മാനായിരുന്ന കാലത്ത്് മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അവിടെ എക്കണോമിക്‌സ് വിദ്യാര്‍ഥിയായിരുന്നു. ഒന്നാം യു.പി.എ. സര്‍ക്കാര്‍ എന്ന വലിയ വെല്ലുവിളി ചൈനീസ് വന്‍മതില്‍ പോലെ മുന്നില്‍ നിന്നപ്പോള്‍ ഡോ. മന്‍മോഹന്‍ സിങ്ങിന്റെ മനസില്‍ ഉയര്‍ന്നുവന്നത് സോമനാഥ് ചാറ്റര്‍ജിയുടെ പേരായിരുന്നു.

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിഗും ചാറ്റര്‍ജി കുടുംബവുമായുള്ള ബന്ധം പല കോണ്‍ഗ്രസ് നേതാക്കള്‍ക്കു പോലും അറിയില്ലായിരുന്നു. തന്റെ ഗുരുവായ എന്‍.സി. ചാറ്റര്‍ജിയുടെ മകന്‍ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മന്‍മോഹന്‍ പറഞ്ഞു…”ഇനി എനിക്ക് സമാധാനത്തോടെ ഉറങ്ങാം, അങ്ങ് മികച്ച സ്പീക്കറാകുമെന്ന് ഉറപ്പുണ്ട്”. ആ വിശ്വാസം പാഴായില്ല. എന്നാല്‍ സ്പീക്കറായതോടെ സോമനാഥിന്റെ ഉറക്കം നഷ്ടമായി.

യുപിഎ സര്‍ക്കാരിനു നേരെ ഉയര്‍ന്ന വലിയ ആരോപണങ്ങള്‍ പാര്‍ലമെന്റിനെ പ്രക്ഷുബ്ദമാക്കിയ സമയമായിരുന്നു അത്. ഈ സമയത്തും ശക്തമായ ഇടപെടലുകളിലൂടെ സഭയെ അദ്ദേഹം തന്റെ വരുതിയില്‍ നിര്‍ത്തി.

ലോക്‌സഭാ സ്പീക്കര്‍ എന്ന നിലയില്‍ രാഷ്ട്രീയത്തിന് അതീതമായ ആദരം ഏറ്റുവാങ്ങിയ ചാറ്റര്‍ജിയുടെ കാലത്ത് പാര്‍ലമെന്റും ജൂഡീഷ്യറിയും ഏറ്റുമുട്ടുന്നതിനും ദേശീയ രാഷ്ട്രീയം സാക്ഷ്യം വഹിച്ചു.

2004 ജൂണിലാണ് സോമനാഥ് ചാറ്റര്‍ജി ലോക്‌സഭാ സ്പീക്കറായത്. ആണവ കരാര്‍ വിഷയത്തില്‍ യുപിഎ സര്‍ക്കാരിനു സിപിഎം. പിന്തുണ പിന്‍വലിച്ചപ്പോള്‍ സോമനാഥിനോടു സ്പീക്കര്‍ സ്ഥാനം രാജിവയ്ക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടു. തയാറാകാതിരുന്ന അദ്ദേഹം അങ്ങനെ പാര്‍ട്ടിക്കു പുറത്താവുകയും ചെയ്തു.

കല്‍ക്കട്ട ഹൈക്കോടതിയില്‍ അഭിഭാഷനായിരിക്കേയാണു സിപിഎമ്മില്‍ ചേര്‍ന്നത്. പലപ്പോഴും സ്വന്തം പാര്‍ട്ടിയായ സിപിഎം അദ്ദേഹത്തെ തള്ളിപ്പറഞ്ഞു. 2008ല്‍ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് യുപിഎ. പരിഗണിച്ച പേരുകളിലൊന്ന് സോമനാഥിന്റേതായിരുന്നു. എന്നാല്‍, സംശയാലുക്കളായ സിപിഎം നേതൃത്വം ആ വാഗ്ദാനം തള്ളി.

നിലപാടുകളുടെ കാര്യത്തില്‍ വന്മതിലായ സോമനാഥ് ചാറ്റര്‍ജി സിപിഎമ്മില്‍ നിന്നു പുറത്തായിട്ട് ഒരു പതിറ്റാണ്ടായെങ്കിലും ബംഗാളിലെ പാര്‍ട്ടിയുടെ തകര്‍ച്ച അദ്ദേഹത്തെ എന്നെന്നും വേദനിപ്പിച്ചിരുന്നു.

സോമനാഥിനെ പാര്‍ട്ടിയിലേക്ക് മടക്കിക്കൊണ്ടു വരാന്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ശ്രമിച്ചെങ്കിലും. സ്വന്തം നിലപാടുകളില്‍ വെള്ളം ചേര്‍ക്കാന്‍ സോമനാഥ് തയ്യാറാകാഞ്ഞതിനാല്‍ അതു സാധ്യമായില്ല.

പാര്‍ട്ടിയില്‍ ചേരാന്‍ പ്രത്യേക അപേക്ഷ നല്‍കണമെന്നായിരുന്നു ആവശ്യം. എന്നാല്‍ അതിനുള്ള തെറ്റൊന്നും താന്‍ ചെയ്തിട്ടില്ലെന്നായിരുന്നു സോമനാഥിന്റെ ഉറച്ച നിലപാട്. പാര്‍ട്ടിക്കു പുറത്ത് നില്‍ക്കുമ്പോഴും സോമനാഥ് ചാറ്റര്‍ജിയുടെ മനസ് എപ്പോഴും ഇടതുപക്ഷത്തായിരുന്നു. ലോക്‌സഭ കണ്ട മികച്ച സ്പീക്കര്‍മാരില്‍ ഒരാളാകാന്‍ അദ്ദേഹത്തിനു തുണയായതും ഈ ചങ്കുറപ്പായിരുന്നു.

Related posts