സ്വന്തം ജന്മദിനം മറന്നു പോയാല്പ്പോലും ഒരു ഇന്ത്യക്കാരന് മറക്കാത്ത ഒരു ദിനമുണ്ട്. 2016 നവംബര്‍ എട്ട്. ഒരു രാത്രി ഇരുട്ടി വെളുത്തപ്പോള്‍ കയ്യിലുള്ള നോട്ടുകള്‍ അസാധുവായ ആ ദിനം. പിന്നീടുള്ള കുറേ നാളുകളില്‍ ചങ്കിടിപ്പോടെ തലങ്ങും വിലങ്ങും ഓടിയത്. ഇതൊന്നും ഒരു ശരാശരി ഇന്ത്യക്കാരന് മറക്കില്ല. ആ ദിനം നല്കിയ ഷോക്ക് ഇതുവരെ മാറിയിട്ടില്ലെങ്കിലും ഇപ്പോഴിതാ ആ സംഭവം നടന്നിട്ട് രണ്ട് വര്‍ഷമായിരിക്കുന്നു. ഒരു കറുത്ത ദിനത്തിന്റെ രണ്ടാം വാര്‍ഷികം.
വിപ്ലവകരമായ ആ നീക്കം കൊണ്ട് എന്ത് ഗുണമുണ്ടായി എന്ന ചോദ്യമാണ് ഇപ്പോള്‍ രാജ്യത്തെ ജനങ്ങള്‍ ചോദിക്കുന്നത്. പ്രതീക്ഷയ്ക്ക് വക നല്കുന്ന ഒന്നും ആ തീരുമാനത്തിലൂടെ ഉണ്ടായിട്ടില്ലെന്നാണ്, സാമ്പത്തിക മേഖലയുമായി ബന്ധപ്പെട്ട് പുറത്തു വരുന്ന ഓരോ വാര്‍ത്തയില്‍ നിന്നും വ്യക്തമാവുന്നത്.
നിരോധനത്തിന്റെ രണ്ടാം വാര്‍ഷികമെത്തുമ്പോള്‍ ഇന്ത്യന്‍ സാമ്പത്തിക രംഗം കടുത്ത തകര്‍ച്ചയിലാണ്. റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനശേഖരത്തില്‍ നിന്ന് പണംവാങ്ങാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തെ അംഗീകരിക്കാത്തത് ആര്.ബി.ഐയും കേന്ദ്രവും തമ്മിലുള്ള ഏറ്റുമുട്ടലില്‍ എത്തിച്ചിരിക്കുന്നു.
നോട്ടുനിരോധന ലക്ഷ്യങ്ങള്‍ പരാജയപ്പെട്ടെന്ന് ഓഗസ്റ്റില്‍ പുറത്തിറങ്ങിയ ആര്.ബി.ഐ വാര്‍ഷിക റിപ്പോര്‍ട്ട് ബോധ്യപ്പെടുത്തുകയും ചെയ്തു. കള്ളപ്പണം, കള്ളനോട്ട്, ഭീകരവാദം എന്നിവ നേരിടാന്‍ നോട്ടുനിരോധനം നടപ്പാക്കുന്നുവെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി 2016 നവംബര്‍ എട്ടിന് വ്യക്തമാക്കിയത്.
15.41 ലക്ഷം കോടി രൂപയുടെ കറന്‍സിയാണ് പൊടുന്നനെ നിരോധിക്കപ്പെട്ടത്. ഇതില്‍ നാലര ലക്ഷം കോടി രൂപയെങ്കിലും ബാങ്കുകളിലേക്ക് തിരികെയെത്തില്ലെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചിരുന്നു. എന്നാല്‍, 15.31 ലക്ഷം കോടി രൂപ തിരികെ എത്തി. എത്താതിരുന്നത് 10,720 കോടി രൂപ മാത്രം. ഇക്കാലത്ത് കണ്ടെടുത്ത കള്ളനോട്ട് ആകട്ടെ വെറും പതിനൊന്ന് കോടി രൂപ മാത്രവും.
ജനം നട്ടം തിരിഞ്ഞ തീരുമാനത്തിന്റെ രണ്ടാം വാര്‍ഷികത്തിലാണ് റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനത്തില്‍ നിന്ന് 3.6 ലക്ഷം കോടി രൂപ പൊതുമേഖലാ ബാങ്കുകളുടെ മൂലധന ആസ്തി മെച്ചപ്പെടുത്താന്‍ കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നതെന്നത് രാജ്യത്തിന്റെ സാമ്പത്തിക മേഖല ഏതവസ്ഥയിലാണെന്നതിന് കൂടുതല്‍ വ്യക്തത നല്കുന്നു.