പോലീസ് സേനയെ ഞെട്ടിച്ച് 12 ഡിവൈഎസ്പിമാരെ സിഐമാരാക്കി തരം താഴ്ത്തി !ഇങ്ങനെയൊരു കൂട്ട തരംതാഴ്ത്തല്‍ ചരിത്രത്തിലാദ്യം; ഇലക്ഷനു മുന്നോടിയായുള്ള അഴിച്ചുപണി ഇങ്ങനെ…

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പൊലീസില്‍ വന്‍ അഴിച്ചുപണി. അച്ചടക്ക നടപടി നേരിട്ട 12 ഡിവൈഎസ്പിമാരെയാണ് സിഐമാരായി തരംതാഴ്ത്തിയത്. ചരിത്രത്തില്‍ ആദ്യമായാണു പൊലീസില്‍ കൂട്ടത്തോടെയുള്ള തരംതാഴ്ത്തല്‍. താല്‍കാലിക സ്ഥാനക്കയറ്റം ലഭിച്ചവരാണു നടപടി നേരിട്ടത്. 53 ഡിവൈഎസ്പിമാര്‍ക്കും 11 എഎസ്പിമാര്‍ക്കും സ്ഥലംമാറ്റം. അതേസമയം 26 സിഐമാര്‍ക്കു ഡിവൈഎസ്പിമാരായി സ്ഥാനക്കയറ്റം നല്‍കി.

ഒഴിവുണ്ടായ ഡിവൈഎസ്പി തസ്തികയിലേക്കാണു സിഐമാര്‍ക്കു സ്ഥാനക്കയറ്റം നല്‍കിയത്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്രയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ തരംതാഴ്ത്താന്‍ ശുപാര്‍ശ ചെയ്യുന്നത്. വകുപ്പുതല നടപടി നേരിട്ടവര്‍ക്കും ആരോപണ വിധേയര്‍ക്കും സ്ഥാനക്കയറ്റം ലഭിക്കാറുണ്ട്. അച്ചടക്ക നടപടി സ്ഥാനക്കയറ്റത്തിനു തടസ്സമല്ലെന്ന പൊലീസ് ആക്ടിലെ വകുപ്പിന്റെ ചുവടുപിടിച്ചായിരുന്നു ഇത്. ഈ വകുപ്പ് സര്‍ക്കാര്‍ രണ്ടാഴ്ച മുന്‍പു റദ്ദാക്കിയതോടെയാണു സ്ഥാനക്കയറ്റങ്ങള്‍ പുനഃപരിശോധിക്കാന്‍ തീരുമാനിച്ചത്.

2014 മുതല്‍ സീനിയോറിറ്റി തര്‍ക്കം മൂലം താല്‍ക്കാലിക പ്രമോഷന്‍ മാത്രം നല്‍കിയിരുന്നതുകൊണ്ട് സര്‍ക്കാര്‍ തീരുമാനത്തിനു നിയമതടസ്സമില്ലെന്നാണു സൂചന. ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയാണു താല്‍ക്കാലിക സ്ഥാനക്കയറ്റം കിട്ടിയ 151 ഡിവൈഎസ്പിമാരുടെ വിവരങ്ങള്‍ പരിശോധിച്ച് 12 പേരെ ഒഴിവാക്കാന്‍ നിര്‍ദേശിച്ചത്. ബാക്കിയുള്ള 139 പേരെ സ്ഥിരപ്പെടുത്താനാണു ശുപാര്‍ശ. ഒഴിവാക്കിയവര്‍ക്ക് എതിരെ തരംതാഴ്ത്തല്‍ ഉള്‍പ്പെടെയുള്ള നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് ആഭ്യന്തര സെക്രട്ടറി സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

Related posts