ഏഴ് വയസുള്ള കുട്ടിയുടെ വായയിൽ നിന്നും ഡോക്ടർമാർ പുറത്തെടുത്തത് 567 പല്ലുകൾ. തമിഴ്നാട് സ്വദേശിയായ രവീന്ദ്രനാഥിന്റെ വായയിൽ നിന്നാണ് ഇത്രെയും പല്ലുകൾ ഡോക്ടർമാർ നീക്കം ചെയ്തത്.
വലത്തെ കവിൾ അസാധാരണമായി വീർത്തിരിക്കുന്നതിനെ തുടർന്നാണ് മാതാപിതാക്കൾ കുട്ടിയുമായി സവിത ഡെന്റൽ ആശുപത്രിയിലെത്തിയത്. പല്ലിന് കേട് വന്നതായിരിക്കുമെന്നാണ് ഇവർ ആദ്യം കരുതിയത്.
എന്നാൽ പിന്നീട് നടത്തിയ പരിശോധനയിലാണ് നൂറുകണക്കിന് പല്ലുകൾ കുട്ടിയുടെ വായയിലുണ്ടെന്ന് കണ്ടെത്തിയത്. പല്ലുകളിലേറയും ഉണ്ടായിരുന്നത് താടിയെല്ലിനോട് ചേർന്നായിരുന്നു. ശസ്ത്രക്രിയ നടത്തിയാണ് കുട്ടിക്ക് ആവശ്യമായ 21 പല്ലുകൾ നിലനിർത്തി ബാക്കി പല്ലുകൾ നീക്കം ചെയ്തത്.
ശസ്ത്രക്രിയയുടെ ആവശ്യത്തെപ്പറ്റി ആദ്യം മാതാപിതാക്കളെ പറഞ്ഞു മനസിലാക്കി. പക്ഷെ ഡോക്ടർമാരും പോസ്റ്റ് ഗ്രാജുവേറ്റ് വിദ്യാർഥികളും ഏറെ പണിപ്പെട്ടാണ് കുട്ടിയെ ശസ്ത്രക്രിയ ചെയ്യാൻ സമ്മതിപ്പിച്ചത്. കുട്ടി സമ്മതിക്കാത്തത് കൊണ്ടാണ് ശസ്ത്രക്രിയ ഇത്രെയും നാൾ നീണ്ടുപോയതെന്ന് ഡോക്ടർമാർ പറഞ്ഞു.
ഏകദേശം അഞ്ച് മണിക്കൂർ നീണ്ട പരിശ്രമത്തിനു ശേഷമാണ് ശസ്ത്രക്രിയയ പൂർണമായത്. ഇത്രയും പല്ലുകളുണ്ടാകാൻ കാരണമെന്താണെന്ന് ഇതുവരെയും ഡോക്ടർമാർക്ക് കണ്ടെത്താനായിട്ടില്ല. എന്നാൽ മൊബൈൽ ടവറുകളുടെ റേഡിയേഷനും ജനിതക പ്രശ്നങ്ങളും ഇതിന് കാരണമായേക്കാം എന്ന് ഡോക്ടർമാർ പറയുന്നു. രവീന്ദ്രനാഥിന്റെ ചികിത്സ തികച്ചും സൗജന്യമായാണ് നൽകിയതെന്ന് ആശുപത്രിയുടെ സ്ഥാപക ചെയർമാൻ എൻ.എം. വീരയ്യൻ പറഞ്ഞു.