മംഗളൂരു: കോവിഡ് ബാധിച്ചതായുള്ള ഭീതി മൂലം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് സന്ദേശമയച്ചതിനു ശേഷം യുവദമ്പതികള്‍ ജീവനൊടുക്കി.
സൂറത്കല്‍ ബൈക്കംപാടിയിലെ അപ്പാര്‍ട്ട്മെന്റില്‍ താമസിക്കുകയായിരുന്ന രമേശ് (40), ഭാര്യ ഗുണ സുവര്‍ണ (35) എന്നിവരെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
മരണശേഷം നടത്തിയ പരിശോധനയില്‍ ഇരുവര്‍ക്കും കോവിഡ് ബാധിച്ചിരുന്നില്ലെന്ന് കണ്ടെത്തി.
ഒരാഴ്ചയായി തങ്ങള്‍ക്ക് കോവിഡ് ലക്ഷണങ്ങളുണ്ടെന്നും രോഗഭീതിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ കടുത്ത ആശങ്കയാകുന്ന സാഹചര്യത്തില്‍ സ്വയം ജീവിതം അവസാനിപ്പിക്കുകയാണെന്നും പറഞ്ഞ് ഇന്നലെ രാവിലെയാണ് സിറ്റി പോലീസ് കമ്മീഷണര്‍ എന്‍.ശശികുമാറിന് ശബ്ദസന്ദേശം അയച്ചത്.
എടുത്തുചാടിയുള്ള തീരുമാനമൊന്നും വേണ്ടെന്ന് കമ്മീഷണര്‍ ഇവര്‍ക്ക് മറുപടി സന്ദേശം അയയ്ക്കുകയും ഇവരെ കണ്ടെത്തുന്നതിന് സമൂഹമാധ്യമങ്ങളുടെ സഹായം തേടുകയും ചെയ്തിരുന്നു.
ചുരുങ്ങിയ സമയത്തിനുള്ളില്‍ത്തന്നെ ബൈക്കംപാടിയിലെ അപ്പാര്‍ട്ട്മെന്റ് കണ്ടെത്തി പോലീസ് കുതിച്ചെത്തിയെങ്കിലും ഇരുവരെയും തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.
ഗുണ സുവര്‍ണ പ്രമേഹരോഗബാധിതയായിരുന്നു. കുട്ടികളില്ലാത്ത വിഷമവും തങ്ങളെ അലട്ടുന്നതായി ദമ്പതികളുടെ സന്ദേശത്തില്‍ പറഞ്ഞിരുന്നു.
എങ്ങോട്ടും പുറത്തിറങ്ങുകപോലും ചെയ്യാതിരുന്നിട്ടും തങ്ങള്‍ക്ക് കോവിഡ് ബാധിച്ചത് ആകെ തകര്‍ത്തുകളഞ്ഞതായി സന്ദേശത്തില്‍ പറഞ്ഞിരുന്നു.
പ്രമേഹരോഗിയായ സുവര്‍ണയ്ക്ക് കോവിഡ് ബാധിക്കുന്നത് മാരകമായേക്കാമെന്ന ഭീതിയും ഇവര്‍ക്കുണ്ടായിരുന്നതായി സംശയിക്കുന്നു.
തങ്ങളുടെ അന്ത്യകര്‍മങ്ങള്‍ നടത്തുന്നതിനായി ശരണ്‍, സത്യജിത്ത് എന്നീ സുഹൃത്തുക്കളെ ചുമതലപ്പെടുത്തുന്നതായും അതിനായി ഒരു ലക്ഷം രൂപ മാറ്റിവച്ചിട്ടുണ്ടെന്നും സന്ദേശത്തില്‍ പറഞ്ഞിരുന്നു.
സൂറത്കല്‍ പോലീസ് മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടത്തിയശേഷം ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തിയപ്പോഴാണ് ഇരുവര്‍ക്കും കോവിഡ് ബാധിച്ചിരുന്നില്ലെന്ന് കണ്ടെത്തിയത്.