നിസാരമെന്നു കരുതിയ കൊതുകുകടി ഇപ്പോൾ ഭീകരമായിക്കൊണ്ടിരിക്കുന്നു. ഒരൊറ്റ കടി മതി ഒരുത്തനെ വക വരുത്താൻ എന്നതാണു കാരണം.
രോഗ പ്രതിരോധശേഷി വർധിപ്പിച്ചും കാലാവസ്ഥയ്ക്കനുസരിച്ച് ജീവിതശൈലിയിൽ മാറ്റം വരുത്തിയും കൊതുകിന് വളരാനുള്ള അനുകൂല സാഹചര്യങ്ങൾ ഒഴിവാക്കിയും ഈ ഭീകരനെ നിസാരനാക്കുവാൻ നമുക്കാവും.
ഈഡിസ് ഈജിപ്റ്റി
മന്തും മലമ്പനിയും മാത്രം ഉണ്ടാക്കി നടന്നിരുന്ന ക്യൂലക്സ് , അനോഫിലസ് കൊതുകുകൾ അല്ല ഇപ്പോൾ ഡെങ്കിപ്പനിയും ചിക്കുൻഗുനിയയും ഉണ്ടാക്കി മനുഷ്യരെ വിരട്ടുന്നത്.
അത് ഈഡിസ് ഈജിപ്റ്റി, ആൾബോപിക്റ്റസ് വിഭാഗത്തിൽപെട്ട കൊതുകുകളാണ്. ഒരാളിൽ നിന്നു മറ്റൊരാളിലേക്ക് രോഗം പകരണമെങ്കിൽ കൊതുകിലൂടെ മാത്രമേ സാധിക്കൂ.
ഈഡിസ് ഈജിപ്തി എന്ന വിഭാഗത്തിൽപ്പെട്ട പെൺ കൊതുകുകളാണ് ഡെങ്കിപ്പനി എന്ന പകർച്ചപ്പനി പരത്തുന്നത്.ശരീരത്തിൽ കാണുന്ന പ്രത്യേക വരകൾ കാരണം ടൈഗർ മോസ്ക്വിറ്റോ എന്നും ഇവ അറിയപ്പെടുന്നു.
കൊതുകുകടിയിലൂടെ മാത്രം
ഡെങ്കിപ്പനി ബാധിച്ച ഒരാളെ കൊതുക് കടിക്കാതിരിക്കാൻ അതീവ ശ്രദ്ധ വേണം. ഒരു പ്രദേശത്തെ കൊതുകുകളുടെ സാന്ദ്രത ക്രമാതീതമായി വർധിക്കുമ്പോൾ മാത്രമേ രോഗം പകരാൻ ആവശ്യമായ അത്രയും വൈറസുകൾ ആക്ടീവ്
ആവുകയുള്ളൂ.
പെൺകൊതുകുകൾ മാത്രമേ മനുഷ്യനെ കടിച്ച് രോഗം പകർത്തുന്നുള്ളു. ആൺ കൊതുകുകൾക്ക് മനുഷ്യന്റെ ചോരയോട് അത്ര കമ്പമില്ല.പെൺ കൊതുകിൽ പ്രത്യുല്പാദന പ്രക്രിയ നടക്കുന്നതിന് മനുഷ്യരക്തം ആവശ്യമാണ്.
അതിനാലാണ് പെൺകൊതുകുകൾ ഇവിടെ പ്രതികളായി മാറുന്നത്. കൊതുകുകടിയേറ്റാൽ മാത്രമേ രോഗം പകരു.
കടിയേല്ക്കാതിരിക്കാൻ
ഈഡിസ് വിഭാഗത്തിൽപെട്ട കൊതുക് പകൽ സമയത്താണ് കടിക്കുന്നത്; അതും മങ്ങിയ വെളിച്ചത്തിൽ. അതുകൊണ്ട് പകൽ സമയം ശരീരം പരമാവധി മറയുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ഉപയോഗിക്കണം.
ഉദാ:-ഫുൾ കൈ ഷർട്ട്, പാ ന്റ്സ് തുടങ്ങിയവ. ഡെങ്കിപ്പനിയും ചിക്കുൻഗുനിയയും പകൽ കടിക്കുന്ന വിഭാഗം കൊതുകുകളിലൂടെയും മന്തും മലേറിയയും രാത്രിയിൽ കടിക്കുന്ന വിഭാഗം കൊതുകിലൂടെയും ആണ് പകരുന്നത്.
കൊതുകുവല
കടി ഏൽക്കാതിരിക്കാൻ കൊതുകുവല ഉപയോഗിക്കുന്നത് വളരെ നല്ലത്. പനി ഉള്ളവർ കൊതുകുവല ഉപയോഗിച്ചാൽ പനി പകരുന്നത് തടയാം.
രോഗിയെ കടിക്കുന്ന കൊതുക് മറ്റൊരാളിനെ കടിക്കാൻ സാഹചര്യമുണ്ടായാൽ മാത്രമേ രോഗം പകരു. രോഗം പകരാതിരിക്കാൻ പനി ഉള്ളവർ കൊതുകുവല ഉപയോഗിക്കുന്നത് സാമൂഹിക പ്രതിബദ്ധതയായി കണക്കാക്കണം.
വെള്ളം കെട്ടി നില്ക്കാതെ…
ഒരാഴ്ചയിൽ കൂടുതൽ കെട്ടിനിൽക്കുന്ന വെള്ളത്തിൽ കൊതുക് വളരും. ഈഡിസ് വിഭാഗത്തിലുള്ള കൊതുകുകൾ ശുദ്ധജലത്തിൽ ആണ് വളരുന്നത്.
ടെറസിലും പ്ലാസ്റ്റിക് കപ്പുകളിലും പാത്രങ്ങളിലും കരിക്കിൻ തൊണ്ട്, ചിരട്ട, കുപ്പിയുടെ അടപ്പുകൾ, പൊട്ടിയ കുപ്പി കഷണങ്ങൾ, ടയറുകൾ, മുട്ടത്തോട് എന്നിവയിലും റോഡിലും പാടത്തും വെള്ളം കെട്ടിനിൽക്കാതെ ശ്രദ്ധിക്കണം.
(തുടരും)
വിവരങ്ങൾ – ഡോ. ഷർമദ് ഖാൻ BAMS, MD സീനിയർ മെഡിക്കൽ ഓഫീസർ, ഗവ. ആയുർവേദ ഡിസ്പെൻസറി, നേമം, തിരുവനന്തപുരം ഫോൺ – 9447963481