
എരുമേലി: ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തിരിക്കുന്ന സാഹചര്യത്തിൽ എരുമേലിയുടെ വിവിധ പ്രദേശങ്ങൾ ഇന്നു മെഡിക്കൽ സംഘം സന്ദർശിക്കും. കോട്ടയത്തുനിന്നെത്തുന്ന പ്രത്യേക മെഡിക്കൽ സംഘം എരുമേലി ഉൾപ്പെടെ കാഞ്ഞിരപ്പള്ളി താലൂക്കിലെ രോഗബാധിത പ്രദേശങ്ങളിൽ പരിശോധന നടത്തും.
ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളുമായി ചികിത്സ തേടുന്നവരുടെ എണ്ണം ദിവസവും വർധിക്കുകയാണ്. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കാഞ്ഞിരപ്പള്ളി താലൂക്കിലെ പഞ്ചായത്തുകളിൽ ഫോഗിംഗ് ആരംഭിച്ചിട്ടുണ്ട്.
കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽ ഡെങ്കിപ്പനിയെ തുടർന്ന് ഒന്പതു പേർ ചികിത്സ തേടി. എരുമേലിയുടെ സമീപ പഞ്ചായത്തായ വെച്ചൂച്ചിറയിൽ രോഗലക്ഷണങ്ങളുമായി 30 പേർ ചികിത്സയിലുണ്ട്. മുണ്ടക്കയം, കൂട്ടിക്കൽ, കോരുത്തോട് പഞ്ചായത്തുകളിലും ഡെങ്കിപ്പനിയുടെ സമാനമായ രോഗലക്ഷണങ്ങളോടെ നിരവധി പേരാണു ചികിത്സ തേടിയിരിക്കുന്നത്.
വേനൽമഴയ്ക്കു പിന്നാലെയാണു പ്രദേശത്ത് ഡെങ്കിപ്പനി ഭീതി ഉയർന്നത്. ലോക്ക് ഡൗണായതോടെ മേഖലയിലെ റബർ തോട്ടങ്ങളിൽ ടാപ്പിംഗ് മുടങ്ങിയിരിക്കുകയാണ്. റബർ ചിരട്ടകളിലും കൈതതോട്ടങ്ങളിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലാണു കൊതുകിന്റെ കൂത്താടികൾ ഏറെയും പെരുകുന്നത്.
മേഖലയിൽ കൊതുകുകളുടെ സാന്ദ്രത വർധിച്ചതോടെ വൈറൽ പനിയും വ്യാപകമായി. റിപ്പോർട്ട് ചെയ്യുന്നു. ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്ത മേഖലയിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ കൊതുക് പെരുകുന്ന സ്ഥലങ്ങൾ കണ്ടത്തി ഉറവിടനശീകരണവും ഫോഗിംഗും ബോധവത്കരണവും തുടങ്ങിയിട്ടുണ്ട്.
രോഗലക്ഷണങ്ങൾ ഉള്ളവർ സ്വയം ചികിത്സ നടത്താതെ ആശുപത്രികളിലെത്തണമെന്നാണ് നിർദേശം. മെഡിക്കൽ സംഘം നിർദേശിക്കുന്ന രീതിയിലായിരിക്കും പഞ്ചായത്ത് അധികൃതർ തുടർനടപടികൾ സ്വീകരിക്കുന്നത്.