ഡെങ്കിപ്പനി അറിയേണ്ടതെല്ലാം

dengueമഴ ശക്തമായതോടെ പല ജില്ലകളിലും ഡെങ്കിപ്പനി തലയുയര്‍ത്തിക്കഴിഞ്ഞിരിക്കുന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി തുടങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. വൈറസ് മൂലമാണ് ഡെങ്കിപ്പനി ഉണ്ടാവുന്നത്. ഫഌ പനി പോലെ പെട്ടെന്ന് വരുന്ന ഈ പനി രണ്ടുവിധം.

ഒന്ന്- സാധാരണ ഡെങ്കിപ്പനി
രണ്ട്-ഡെങ്കി ഹെമറാജിക് പനി

സാധാരണ ഡെങ്കിപ്പനിയില്‍ ഉയര്‍ന്ന താപനില, തലവേദന, കണ്ണിന്റെ പിന്നില്‍ വേദന, ദേഹനൊമ്പരം, സന്ധിവേദന എന്നിവ കാണപ്പെടുന്നു. ഗുരുതരമായി മാറാവുന്ന ഡെങ്കി ഹെമറാജിക് പനി വന്നാല്‍ രക്തസ്രാവം ഉണ്ടാവുകയും രോഗി ഷോക്ക് എന്ന അവസ്ഥയിലേക്ക് പോവുകയും ചെയ്യാം. ഒരുപക്ഷേ മരണം വരെ സംഭവിക്കാം. കുട്ടികളിലാണ് ഇത് കൂടുതല്‍ മാരകം. രക്തസ്രാവം സാധാരണ പനി വന്ന് രണ്ടു മൂന്ന് ദിവസത്തിനു ശേഷമാണ് ഉണ്ടാകുന്നത്. ഉയര്‍ന്ന താപനില പലപ്പോഴും അഞ്ച്, ആറ് ദിവസങ്ങള്‍ നീണ്ടുനിന്നേക്കും. പനി സാധാരണ മൂന്നു നാലുദിവസം കഴിയുമ്പോള്‍ കുറയുകയും പിന്നീട് കൂടുകയും ചെയ്യാം. രോഗിക്ക് വല്ലാത്ത അസ്വസ്ഥതയും ക്ഷീണവും അനുഭവപ്പെടാം.

ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍

പെട്ടെന്നുണ്ടാവുന്ന ഉയര്‍ന്ന താപനില, വല്ലാത്ത തലവേദന (പ്രത്യേകിച്ചു തലയുടെ ഉച്ചിയില്‍), കണ്ണിന്റെ പിന്നിലെ വേദന, പ്രത്യേകിച്ച് കണ്ണുകള്‍ ചലിപ്പിക്കുമ്പോഴുണ്ടാകുന്ന വേദന, ദേഹനൊമ്പരം, സന്ധിവേദന
ഓക്കാനം, ഛര്‍ദില്‍.

ഡെങ്കി ഹെമറാജിക് പനി
ഇതിന്റെ ലക്ഷണങ്ങള്‍ സാധാരണ ഡെങ്കിപ്പനി പോലെ തന്നെയാണ്.
താഴെ പറയുന്ന ലക്ഷണങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്.  വയറിലെ കഠിനമായ വേദന. മൂക്ക്, വായ്, മോണ എന്നിവിടങ്ങളില്‍നിന്നുള്ള രക്തസ്രാവം.  ടാര്‍ പോലെ കറുത്ത മലം. വല്ലാത്ത ദാഹം.
(വരണ്ട വായ്) തണുത്ത് വിളറിയ തൊലി, പലപ്പോഴും കൈയും കാലും തണുത്തിരിക്കും.

ഡെങ്കിപ്പനി സംശയിച്ചാല്‍

ഡെങ്കിപ്പനിയെന്നു സംശയം തോന്നിയാല്‍ എത്രയും വേഗം ഡോക്ടറെ കാണണം. ഉചിതമായ ചികിത്സ നല്‍കിയാല്‍ ഡെങ്കിപ്പനിയുടെ പരിണിത ഫലങ്ങള്‍ ഒഴിവാക്കാന്‍ കഴിയും.
ആസ്പിരിന്‍, ബ്രൂഫന്‍ തുടങ്ങിയ വേദന സംഹാരികള്‍ കഴിയുന്നതും ഒഴിവാക്കണം, അവ ഒരു പക്ഷേ രക്തസ്രാവം വര്‍ധിപ്പിച്ച് ഗുരുതരമായ പ്രശ്‌നങ്ങളുണ്ടാക്കാം. പാരസെറ്റമോള്‍ ഡോക്ടറുടെ ഉപദേശമനുസരിച്ച് നല്‍കുക.
കഠിനമായ വയര്‍വേദന, കറുത്തമലം, മൂക്ക്, വായ്, ത്വക്ക് എന്നിവയിലെ രക്തസ്രാവം. എന്നിവ രോഗത്തിന്റെ ഗുരുതരാവസ്ഥ സൂചിപ്പിക്കുന്നു. രോഗിയെ എത്രയും വേഗം ആശുപത്രിയിലെത്തിക്കണം. രോഗിക്ക് കുടിക്കാന്‍ ധാരാളം ജലം കൊടുക്കണം.

പനി വന്നാല്‍ ശ്രദ്ധിക്കേണ്ടത്

വേദനസംഹാരികള്‍ കഴിവതും ഒഴിവാക്കുക. ആസ്പിരിന്‍, ബ്രൂഫന്‍ എന്നിവ പ്രത്യേകിച്ചു ഒഴിവാക്കുക.
ദിവസേന 10 മുതല്‍ 15 വരെ ഗ്ലാസ് ജലം കുടിക്കുക.
ഡെങ്കിപ്പനി ബാധിച്ച രോഗികള്‍ക്ക് പ്രത്യേകം കൊതുകു വലകള്‍ നല്‍കണം.

ഡെങ്കിപ്പനിയും ലബോറട്ടറി
പരിശോധനകളും

ലക്ഷണങ്ങള്‍ വന്ന് ഒരാഴ്ച കഴിയുമ്പോള്‍ രക്തത്തിലെ ഐജിഎം ആന്റി ബോഡീസ് കൂടി വരുന്നതായി കാണാം.
ഐജിഎം ആന്റി ബോഡീസ് സൂചിപ്പിക്കുന്നത് മുന്‍പ് ഡെങ്കിപ്പനി വന്നിട്ടുണ്ടോ എന്നതാണ്. രക്ത പരിശോധന നടത്തുമ്പോള്‍ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞതായി കാണാം. പനി വന്ന് മൂന്നുദിവസത്തിനും എട്ടു ദിവസത്തിനുമിടയില്‍ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം ഒരു ലക്ഷത്തില്‍ താഴെ വന്നേക്കാം. പിസിവി സാധാരണയില്‍നിന്നു 20 ശതമാനം വരെ കൂടാം. രക്തത്തില്‍ നിന്നും പ്ലാസ്മ, ലീക്ക് ചെയ്യുന്നതു കൊണ്ടാണിങ്ങനെ സംഭവിക്കുന്നത്.
ഈ അവസരത്തില്‍ ശ്വാസകോശത്തിലും ഉദരത്തിലും വെള്ളക്കെട്ട് ഉണ്ടാവാം. രക്തത്തിലെ പ്രോട്ടീന്‍ കുറയുകയും ചെയ്യും. ഡെങ്കി ഹെമറേജിക് പനിയില്‍ മരണം സംഭവിക്കുന്നത്. പലപ്പോഴും പ്ലാസ്മ ചോര്‍ന്ന്, രോഗി ഷോക്ക് എന്ന അവസ്ഥയില്‍ പോകുന്നതുകൊാണ്. ഹെമറ്റോക്രിറ്റ് (പിസിവി), പ്ലേറ്റ്‌ലെറ്റ് എണ്ണം എന്നിവ രോഗനിര്‍ണയത്തിലും ചികിത്സയിലും ഏറെ പ്രാധാന്യമുള്ളതാണ്. പ്ലേറ്റ്‌ലെറ്റ് എണ്ണം കുറയുകയും പിസിവി കൂടുകയും ചെയ്യുന്നത് ഡെങ്കി ഹെമറാജിക് പനിയുടെ പ്രത്യേക ലക്ഷണമാണ്.

ഡോ. ഡൊമിനിക് പാലേട്ട്,
സീനിയര്‍ സ്‌പെഷലിസ്റ്റ്
കിംസ് ഹോസ്പിറ്റല്‍, കോട്ടയം

Related posts