കോട്ടയം: ഇടവിട്ട് മഴ പെയ്യുന്ന നിലവിലെ കാലാവസ്ഥ ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകള്‍ പെരുകാന്‍ അനുകൂല സാഹചര്യമാണെന്നും ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍. പ്രിയ. ജില്ലയിലെ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപന പരിധിയിലും കൊതുക് സാന്ദ്രത കൂടിയതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ശുദ്ധജലത്തിലാണ് ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകള്‍ മുട്ടയിടുന്നത്. ചെറുപാത്രങ്ങളിലും സണ്‍ ഷെയ്ഡിലും ഉള്‍പ്പെടെ ഒരിടത്തും വെള്ളം കെട്ടിനില്ക്കാന് അനുവദിക്കരുത്. ആഴ്ചയിലൊരിക്കലെങ്കിലും വീട്ടിലും പരിസരത്തും ഇത്തരത്തില്‍ കെട്ടിനില്‍ക്കുന്ന വെള്ളം ഒഴുക്കിക്കളയണം. കൊതുക് നിര്‍മാര്‍ജനത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ എല്ലാവരും പങ്കാളികളാകണം.
ജൂലൈ മാസത്തിന് മുന്‍ മാസങ്ങളെ അപേക്ഷിച്ച് ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. കോട്ടയം, ചങ്ങനാശേരി, ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റികള്‍, പുതുപ്പള്ളി, എരുമേലി, മറവന്തുരുത്ത്, മരങ്ങാട്ടുപിള്ളി, നെടുംകുന്നം, കാട്ടാമ്പാക് തുടങ്ങിയ പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലാണ് പനിബാധിതര്‍ കൂടുതല്‍.
ശക്തമായ പനി, തലവേദന, ശരീരവേദന, ശരീരത്തിലെ തിണര്‍പ്പുകള്‍ തുടങ്ങിയവയാണ് ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണങ്ങള്‍. ആദ്യതവണത്തെ ഡെങ്കിപ്പനി പലരിലും കാര്യമായ ലക്ഷണങ്ങള്‍ ഉണ്ടാകാറില്ല. എന്നാല്‍ മുന്‍പ് ഡെങ്കിപ്പനി ബാധിച്ചവര്‍ക്ക് പിന്നീട് രോഗം ബാധിച്ചാല്‍ ഗുരുതരമാകാന്‍ സാധ്യത കൂടുതലാണ്. രക്തത്തിലെ പ്ലേറ്റ്ലെറ്റുകള് കുറഞ്ഞ് രക്തസ്രാവവും തുടര്‍ന്ന് കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കില്‍ മരണം വരെ സംഭവിക്കാവുന്ന രോഗമാണിത്.
പകര്‍ച്ചവ്യാധികള്‍ നേരിടാനാവശ്യമായ എല്ലാ മുന്നൊരുക്കങ്ങളും ആരോഗ്യ കേന്ദ്രങ്ങളില്‍ ഒരുക്കിയിട്ടുണ്ട്. മരുന്നുകള്‍, മറ്റു ആവശ്യവസ്തുക്കള്‍ എന്നിവയും സജ്ജമാക്കിയിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.