പത്തനംതിട്ട: ജില്ലയില്‍ ഡെങ്കിപ്പനി പ്രതിരോധ നടപടികള്‍ പാളുന്നു. തദ്ദേശ സ്ഥാപനങ്ങളുടെ അനാസ്ഥയെന്ന് ആരോഗ്യവകുപ്പ്. കൊതുകു ജന്യ രോഗങ്ങള്‍ വ്യാപകമാകുന്നതായി മുന്നറിയിപ്പുകള്‍ നല്കുമ്പോഴും ഇതിനെ പ്രതിരോധിക്കാനുള്ള നടപടികള്‍ നഗരസഭകളും പഞ്ചായത്തുകളും സ്വീകരിക്കുന്നില്ല.
കൊതുക് മുട്ടയിടുന്ന സാഹചര്യങ്ങള്‍ കണ്ടെത്തി 2023-ലെ കേരള പൊതുജനാരോഗ്യ നിയമപ്രകാരം നടപടിയെടുക്കാനാകും. ഓരോ കുറ്റത്തിനും നിയമത്തിലെ വകുപ്പുകള്‍ പ്രകാരം 10,000 രൂപ വരെ പിഴ ചുമത്താം. എന്നാല്‍ തദ്ദേശ സ്ഥാപനങ്ങള്‍ ഇത്തരത്തില്‍ പരിശോധനകള്‍ക്കു തയാറാകുന്നില്ലെന്ന് ആരോഗ്യവകുപ്പ് പറയുന്നു. മാലിന്യങ്ങള്‍ അലക്ഷ്യമായി തള്ളുന്നവര്‍ക്കെതിരേ പോലും നടപടികളുണ്ടാകുന്നില്ല.
കൊതുകുകളെ നശിപ്പിക്കാനുള്ള ഫോഗിംഗ് അടക്കമുള്ള നടപടികളും ഉണ്ടാകുന്നില്ല. ഡ്രൈ ഡേ ആചരണങ്ങളും പ്രഹസനമായി. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലാണ് വിവിധ ഇടങ്ങളിലായി ഡ്രൈഡേ ആചരണത്തിന് ആഹ്വാനം ഉള്ളത്.
പ്രതിരോധത്തില്‍ ഗുരുതര വീഴ്ചയെന്ന്
പത്തനംതിട്ട: നഗരത്തില്‍ ഡെങ്കിപ്പനി പടര്‍ന്നു പിടിച്ചിട്ടും പ്രതിരോധ പ്രവര്‍ത്തനം നടത്തുന്നതില്‍ ആരോഗ്യ വകുപ്പും നഗരസഭയും ഗുരുതര വീഴ്ചയാണ് വരുത്തിയതെന്ന് യുഡിഎഫ്. രണ്ടാഴ്ചയായി ജലവിതരണം മുടങ്ങിയിട്ടും പുനഃസ്ഥാപിക്കാന്‍ ഒരു നടപടിയും എടുക്കുന്നില്ല. റിംഗ് റോഡ് മുഴുവന്‍ ഇരുട്ടിലാണ്. ഈ ഭാഗങ്ങളില്‍ മാലിന്യം തള്ളല്‍ വ്യാപകമാണ്. നഗരത്തിലും വാര്‍ഡുകളിലും തെരുവ് വിളക്കുകള്‍ കത്തിക്കാൻ നടപടി സ്വീകരിക്കുന്നില്ല. മാലിന്യ സംസ്കരണ സംവിധാനങ്ങള്‍ പാളിയിട്ടും നടപടിയില്ല.
മാലിന്യം തള്ളുന്നതു വിലക്കാനും കൊതുകുകളുടെ സാന്ദ്രത കുറയ്ക്കുന്നതിലും നഗരസഭ ഇടപെടലുണ്ടാകുന്നില്ലെന്ന് യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് കെ. ജാസിംകുട്ടി പറഞ്ഞു.