കോട്ടയം: മെഡിക്കൽ കോളജിലും ജനറൽ ആശുപത്രിയിലും പനി ബാധിച്ച് ചികിത്സ തേടിയെത്തുന്നവരുടെ എണ്ണത്തിൽ വർധന. കാലവർഷം ശക്തിപ്പെട്ടതോടെ ജില്ലയിൽ ഡെങ്കിപ്പനിയും വൈറൽപനിയും പടരുകയാണ്. 10 പേർക്കുകൂടി ഇന്നലെ ജില്ലയിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 15 പേർ ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളുമായി വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. മലയോരമേഖലയായ എരുമേലി, കാഞ്ഞിരപ്പള്ളി, മുക്കൂട്ടുതറ, ഈരാറ്റുപേട്ട, ഏന്തയാർ, വണ്ടൻപതാൽ, കൂവപ്പള്ളി, കൊടുങ്ങൂർ പ്രദേശങ്ങളിലാണ് പനി ബാധിച്ചവർ ഏറെയും. ഡെങ്കിപ്പനി കൂടുതൽ മാരകമാകുകയാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
നവജാതശിശുക്കളിൽവരെ രോഗം കണ്ടെത്തിയിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. വൈറൽ പനി ബാധിതരുടെ എണ്ണവും കൂടുന്നതായിട്ടാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ മാസം 12വരെ കോട്ടയം ജില്ലയിൽ 5398 പേർ പനിക്ക് ചികിത്സക്കെത്തിയതായാണ് ഒൗദ്യോഗിക കണക്ക്. ആറുമാസത്തിനിടെ 143 പേർക്കും ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. വാഴൂരാണ് ഈ മാസം ഏറ്റവും കൂടുതൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്യപ്പെട്ട പ്രദേശം.
കോട്ടയം, കൂരോപ്പട, എലിക്കുളം, കാഞ്ഞിരപ്പള്ളി, ചിറക്കടവ്, ഈരാറ്റുപേട്ട, മീനച്ചിൽ, മൂന്നിലവ്, മുണ്ടക്കയം, ഞീഴൂർ, പള്ളിക്കത്തോട്, പനച്ചിക്കാട്, ഉഴവൂർ, പാന്പാടി, വാഴപ്പള്ളി, മാടപ്പള്ളി, മുളക്കുളം എന്നിവിടങ്ങളിലാണ് ഡെങ്കിപ്പനി ബാധിതരെ കണ്ടെത്തിയ പ്രദേശങ്ങൾ. രണ്ടാഴ്ചയ്ക്കിടെ 14 പേർക്ക് എച്ച് വണ്‍ എൻ വണ്‍ സ്ഥിരീകരിച്ചു.
ഡെങ്കിപ്പനിക്കു കാരണമാവുന്ന ഈഡിസ് കൊതുകുകൾ പെരുകുന്നതാണു രോഗം പടരാൻ കാരണം. എന്നാൽ വീടുകൾ കേന്ദ്രീകരിച്ചുള്ള കൊതുക് നിയന്ത്രണമാർഗങ്ങളൊന്നും ഇത്തവണ കാര്യക്ഷമമായി നടന്നില്ലെന്ന് വ്യാപക പരാതിയുണ്ട്.
താലൂക്ക്, ജില്ല ആശുപത്രികളിൽ ആവശ്യമെങ്കിൽ പനി വാർഡുകൾ ക്രമീകരിക്കാനുള്ള മന്ത്രി കെ.കെ. ഷൈലജയുടെ നിർദേശം ജില്ലയിലൊരിടത്തും പ്രാവർത്തികമായില്ല.
തദ്ദേശസ്ഥാപനങ്ങളുടെ സഹായത്തോടെ ആശുപത്രികളിൽ കൊതുകുവലകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഒരുക്കണമെന്നും മന്ത്രി നിർദേശിച്ചിരുന്നു. സർക്കാർ അനുമതിയില്ലാതെ നിസാരമായ കാരണങ്ങൾക്ക് അവധിയെടുക്കുന്നതു നിയന്ത്രിക്കണമെന്നും നിർദേശമുണ്ട്. മന്ത്രിയുടെ ഓഫീസ്, ആരോഗ്യ വകുപ്പ് ഡയറക്ടറുടെ കാര്യാലയം, മെഡിക്കൽ കോളജ് തുടങ്ങിയ സ്ഥലങ്ങളിൽ പ്രത്യേക മോണിറ്ററിംഗ് സംവിധാനം തുടങ്ങുമെന്നും അറിയിച്ചു. പകർച്ചവ്യാധികളുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയിക്കാൻ ഫോണ്‍ സംവിധാനവും ഏർപ്പെടുത്തി. ഫോണ്‍: 04712327876, 9946102865.