തൊടുപുഴ: കോവിഡ് ഭീതിക്കിടയിൽ കാലവർഷം ശക്തിപ്രാപിച്ചു തുടങ്ങിയതോടെ പല മേഖലകളും പകർച്ചവ്യാധി ഭീഷണിയിൽ. ഡെങ്കിപ്പനി, എലിപ്പനി എന്നിവ ഇതിനോടകം പല മേഖലകളിലും കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ആശുപത്രികളിൽ പനി ബാധിച്ചെത്തുവന്നവരുടെ എണ്ണത്തിലും വർധനവുണ്ടായിട്ടുണ്ട്. പനി ബാധിച്ചെത്തുന്നവർക്ക് കോവിഡ് രോഗവുമായി ബന്ധപ്പെട്ടുള്ള ജാഗ്രത പരിശോധനകളും വേണ്ടി വരുമെന്നതിനാൽ ഒട്ടേറെപേർ വീടുകളിൽതന്നെ പ്രതിരോധമാർഗങ്ങൾ അവലംബിച്ചു കഴിയുന്നുണ്ട്.
ഈമാസം ഇതുവരെ ജില്ലയിൽ ഡെങ്കിപ്പനി സംശയത്തെതുടർന്ന് 115 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ 23 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.
എലിപ്പനി സംശയത്തെതുടർന്ന് എട്ടുപേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചെങ്കിലും നാലുപേർക്കാണ് രോഗം സ്ഥിരീകരിച്ചത്. വൈറൽ പനി പിടിപെട്ട് വിവിധ ആശുപത്രികളിൽ ഈമാസം ചികിൽസ തേടിയത് 3033 പേരാണ്. ഹൈറേഞ്ചിനെ അപേക്ഷിച്ച് ലോ റേഞ്ചിലുള്ളവർക്കാണ് രോഗബാധ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടത്.
ഇടക്കാലത്ത് ലഭിച്ച വേനൽമഴയെ തുടർന്നാണ് ജില്ലയിൽ ഡെങ്കിപ്പനി വ്യാപകമായി റിപ്പോർട്ട് ചെയ്തുതുടങ്ങിയത്. പനി, ശരീര ക്ഷീണം, തലവേദന, കണ്ണുകൾക്കുപിന്നിൽ വേദന, പേശികളിലും സന്ധികളിലും വേദന, വിശപ്പില്ലായ്മ, ഓക്കാനവും ഛർദിയും എന്നിവയാണ് ഡെങ്കിപ്പനി ലക്ഷണങ്ങൾ. കടുത്ത പനിയോടൊപ്പം പേശി വേദനയും ശരീരവേദനയും തലവേദനയും ഉണ്ടാകുന്നതോടെ രോഗികൾ അതീവ ക്ഷീണിതരാകും.
മഴ ശക്തിപ്പെട്ടതോടെയാണ് എലിപ്പനി പടർന്നുപിടിക്കാനുള്ള സാധ്യതയേറിയത്. വിറയലോടുകൂടിയ പനി, കഠിനമായ തലവേദന, ശരീരവേദന, കണ്ണിനു ചുവപ്പ്, തൊലിപ്പുറത്ത് ചുവന്ന തടിപ്പ് തുടങ്ങിയ ലക്ഷണങ്ങൾ എലിപ്പനിയുടേതാകാമെന്ന് അധികൃതർ പറഞ്ഞു.
ആരോഗ്യ പ്രവർത്തകർ കോവിഡ് രോഗവുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണെങ്കിലും ജലജന്യ രോഗങ്ങൾക്ക് സാധ്യതയേറിയതിനാൽ സർക്കാർ ആശുപത്രികളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്. സർക്കാർ ആശുപത്രികൾ തോറും പകർച്ചപ്പനി ബാധിതർക്കായി പനി ക്ലിനിക്കുകളും തുറന്നിട്ടുണ്ട്. ആശുപത്രികളിൽ ചികിൽസ തേടുന്നതോടൊപ്പം പൂർണ തോതിലുള്ള വിശ്രമവും ഡോക്ടർമാർ നിർദേശിക്കുന്നു.
ഇതിനിടെ മഴക്കാല പൂർവ രോഗ ശുചീകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ആരോഗ്യ പ്രവർത്തകർക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ട്. മലിനജലം കെട്ടിനിൽക്കാനുള്ള സാധ്യതകൾ ഇല്ലാതാക്കുകയും ഉറവിട നശീകരണം നടത്തുന്നതിനും മുൻകൈയെടുക്കണമെന്നും നിർദേശമുണ്ട്. കോവിഡ് രോഗവുമായി ബന്ധപ്പെട്ട് കളക്ടറുടെയും മറ്റു മുതിർന്ന ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ ചേരുന്ന യോഗങ്ങളിൽ ഇതുമായി ബന്ധപ്പെട്ടുള്ള നിർദേശങ്ങളും നൽകി വരുന്നുണ്ട്. മഴ ശക്തിയായി പെയ്തുതുടങ്ങിയതോടെയാണ് മുന്നൊരുക്കങ്ങൾ തുടങ്ങിയത്. രണ്ടുദിവസമായി ജില്ലയിൽ ശക്തമായ മഴ തുടരുകയാണ്.