ഈഡിസ് വിഭാഗം കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. ഒരിക്കല്‍ രോഗം വന്നവര്‍ക്ക് വീണ്ടും ഉണ്ടായാല്‍ മാരകമായേക്കാം. എല്ലാവരും താഴെപറയുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതാണ്.
▪️ഈഡിസ് കൊതുകുകള്‍ സാധാരണ മുട്ടയിടുന്ന സ്ഥലങ്ങളായ ചിരട്ട, ടയര്‍, കുപ്പി, ആട്ടുകല്ല്, ഉപയോഗ ശൂന്യമായ പാത്രങ്ങള്‍, വെളളം കെട്ടിനില്‍ക്കാവുന്ന സാധനങ്ങള്‍ തുടങ്ങിയവ ശരിയായ രീതിയില്‍ സംസ്കരിക്കുകയോ വെളളം വീഴാത്ത സ്ഥലങ്ങളില്‍ സൂക്ഷിക്കുകയോ ചെയ്യുക.
▪️മഴക്കാലത്ത് ടെറസിനു മുകളിലും സണ്‍ഷേഡിലും വെളളം കെട്ടി നില്ക്കാന് അനുവദിക്കരുത്.
▪️റഫ്രിജറേറ്ററിനു പുറകിലുളള ട്രേ, ചെടിച്ചട്ടിക്കിടയില്‍ വെക്കുന്ന പാത്രം, പൂക്കളും ചെടികളും നില്ക്കുന്ന പാത്രം, ടെറസ്, ടാങ്ക് എന്നിവയിലെ വെളളം ആഴ്ചയിലൊരിക്കല്‍ പൂര്‍ണമായും നീക്കം ചെയ്യണം.
▪️ജലം സംഭരിച്ചു വയ്ക്കുന്ന ടാങ്കുകളും പാത്രങ്ങളും സിമന്റ് തൊട്ടികളും മറ്റും കൊതുക്
കടക്കാത്ത വിധം മൂടിവയ്ക്കുക.
▪️ഇവയിലെ വെളളം ആഴ്ചയിലൊരിക്കല്‍ ചോര്‍ത്തിക്കളഞ്ഞ് ഉള്‍വശം ഉരച്ചു കഴുകി ഉണങ്ങിയ ശേഷം വീണ്ടും നിറയ്ക്കുക.
▪️മരപ്പൊത്തുകള്‍ മണ്ണിട്ട് മൂടുക. എലി, അണ്ണാന് തുടങ്ങിയവ തുരന്നിടുന്ന നാളികേരം, കായകള്‍ എന്നിവ ആഴ്ചയിലൊരിക്കല്‍ കത്തിച്ചു കളയുകയോ കുഴിച്ചുമൂടുകയോ ചെയ്യുക.
▪️മുളംകുറ്റികള്‍ വെളളം കെട്ടി നില്‍ക്കാത്ത വിധത്തില്‍ വെട്ടിക്കളയുകയോ മണ്ണിട്ട് മൂടുകയോ ചെയ്യുക.
▪️ടാര്‍പോളിന്‍, പ്ലാസ്റ്റിക് ഷീറ്റ് എന്നിവയില്‍ വെളളം കെട്ടി നില്‍ക്കാതെ ശ്രദ്ധിക്കുക.
▪️വീടിന്റെ പരിസരത്തും പുരയിടങ്ങളിലും കാണുന്ന കുഴികള്‍ മണ്ണിട്ട് മൂടുക. അല്ലെങ്കില്‍ ചാല് കീറി വെളളം വറ്റിച്ചുകളയുക.
▪️ഓടകളിലും ചാലുകളിലും വെളളം സുഗമമായി ഒഴുകിപ്പോകുന്നതിനായി ചപ്പുചവറുകളും മണ്ണും മറ്റും യഥാസമയം നീക്കുക. സെപ്റ്റിക് ടാങ്കിന്റെ വെന്റ് പൈപ്പിന്റെ അഗ്രം കൊതുകുവല ഉപയോഗിച്ച് കെട്ടുക.
▪️സ്ലാബിനടിയിലെ വിടവുകള്‍, സുഷിരങ്ങള്‍ എന്നിവ സിമന്റ് കൊണ്ട് അടയ്ക്കുക.
▪️വീടിനുചുറ്റുമുളള പാഴ്ചെടികള്‍, ചപ്പ് ചവറുകള്‍ എന്നിവ നീക്കണം.
▪️കിണറുകള്‍, കുളങ്ങള്‍, ടാങ്കുകള്‍, ഫൗണ്ടനുകള്‍, താത്ക്കാലിക ജലാശയങ്ങള്‍ മുതലായവയില്‍ കൂത്താടി ഭോജി മത്സ്യങ്ങളായ മാനത്തു കണ്ണി, ഗപ്പി, ഗംബൂസിയ എന്നിവ നിക്ഷേപിക്കുക.
▪️ഈഡിസ് കൊതുകിന്റെ കടിയേല്‍ക്കാതിരിക്കാന്‍ പകല്‍ സമയത്ത് ഉറങ്ങുന്നവര്‍ കൊതുകുവല ഉപയോഗിക്കുക.
▪️കീടനാശിനിയില്‍ മുക്കിയ കൊതുകുവല ഉപയോഗിക്കുന്നതാണ് ഏറെ ഉത്തമം.
▪️കൊതുകിനെ അകറ്റാന്‍ കഴിവുളള ലേപനങ്ങള്‍ ദേഹത്ത് പുരട്ടുക.
▪️ശരീരം നന്നായി മൂടുന്ന വസ്ത്രം ധരിക്കുക.
▪️ജനല്‍, വാതില്‍, വെന്റിലേറ്റര്‍ മുതലായവയില്‍ കൊതുക് കടക്കാതെ വല പിടിപ്പിക്കുക.
▪️പനി വന്നാല്‍ സ്വയം ചികിത്സ നടത്താതെ സമീപമുളള ആശുപത്രിയില്‍ ചികിത്സ തേടുക.
▪️റബര്‍ തോട്ടങ്ങളിലെ ചിരട്ടകള്‍, കമുകിന് തോട്ടങ്ങളിലെ പാളകള്‍ എന്നിവയില്‍ വെളളം കെട്ടി നിന്ന് കൊതുക് വളരാനുളള സാഹചര്യം ഒഴിവാക്കുക.
വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം
& നാഷണൽ ഹെൽത്ത് മിഷൻ