കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി പഞ്ചായത്തിന്റെ പലയിടങ്ങളിലായി ഡെങ്കിപ്പനി പടർന്നു പിടിക്കുന്നു. പ്രതിരോധ പ്രവർത്തനങ്ങൾ ഉൗർജിതമാക്കി ആരോഗ്യ വകുപ്പ്. കഴിഞ്ഞ മാസം 25മുതൽ പഞ്ചായത്തിൽ ഒന്പത് പേർക്കാണ് ഡെങ്കിപ്പനി സ്ഥീരികരികരിച്ചിരിക്കുന്നത്.
പഞ്ചായത്തിലെ 13-ാം വാർഡിൽ രണ്ട് പേർക്കും 14-ാം വാർഡിൽ അഞ്ച് പേർക്കും 16-ാം വാർഡിലും 20-ാം വാർഡിലും ഒരോത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 14-ാം വാർഡിലാണ് ഏറ്റവും ഒടുവിൽ രോഗം സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിച്ച ഒരാൾ മെഡിക്കൽ കോളജിലെ ചികിത്സയ്ക്കുശേഷം തിരിച്ചെത്തി. ഏറ്റവും ഒടുവിൽ രോഗം സ്ഥിരീകരിച്ചയാൾ മാത്രമാണ് നിലവിൽ ചികിത്സയിലുള്ളത്. രോഗം സ്ഥിരീകരിച്ച മേഖലകളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഉൗർജിതമാക്കിയതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
രോഗം പരുത്തുന്ന കൊതുകുകളുടെ സാന്ദ്രതയില്ലാതാക്കാൻ ഫോഗിംഗ് അടക്കമുള്ള ഉറവിട നശീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. റബർ തോട്ടങ്ങളോടനുബന്ധിച്ച മേഖലകളിൽ താമസിക്കുന്നവരിലാണ് രോഗം കണ്ടെത്തിയിട്ടുള്ളത്.
അതിനാൽ റബർ ചിരട്ടകൾ കമിഴ്ത്തിവച്ച് കൂത്താടികൾ ഇല്ലാതാക്കാനുള്ള സാഹചര്യം ഉണ്ടാക്കണം. വീടുകളിലെ ഫ്രിഡ്ജിന്റെ പിൻവശത്തുള്ള ട്രേയിലെ മലിനജലം ആഴ്ചയിൽ ഒരുവട്ടമെങ്കിലും എടുത്ത് കളയണം.
വീടുകളുടെ പരിസരത്ത് ഉപയോഗ ശുന്യമായി കിടക്കുന്ന പാത്രങ്ങളിൽ വെള്ളം കെട്ടികിടക്കുന്ന സാഹചര്യവും ഒഴിവാക്കി പരിസരം വൃത്തിയായി സൂക്ഷിക്കണമെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.