കോട്ടയം: ജില്ലയില്‍ ഡെങ്കിപ്പനി പടരുന്നു. പനി ബാധിച്ചവരുടെ എണ്ണം കൂടിയതോടെ ജില്ലാ ആരോഗ്യവകുപ്പു പരിശോധനകള്‍ ശക്തമാക്കി. ഈമാസം ഇതുവരെ 39 പേര് ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സതേടി ഇതില്‍ എട്ടു പേര്‍ക്കു രോഗം സ്ഥിരീകരിച്ചു. ചങ്ങനാശേരി നഗരസഭയിലും പരിസരപ്രദേശങ്ങളിലുമാണു കൂടുതല്‍ പേര്‍ക്കു രോഗം ബാധിച്ചത്.
ഈ പ്രദേശങ്ങളിലുള്ളവര്‍ കൊതുകിന്റെ ഉറവിടങ്ങള്‍ ഇല്ലാതാക്കാന്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.എന്‍. വിദ്യാധരന് പറഞ്ഞു.
വീടിനുചുറ്റും മഴവെള്ളം കെട്ടിനില്‍ക്കുന്ന ചെറുപാത്രങ്ങള്‍, ചിരട്ടകള്‍, സണ്‍ഷേഡുകള്‍, മരപ്പൊത്തുകള്‍, വീട്ടിനകത്തും പുറത്തുമുള്ള ചെടിച്ചട്ടികള്‍, ഫ്രിഡ്ജിനു പുറകിലെ ട്രേ, എന്നിവയില്‍നിന്ന് കെട്ടിനില്‍ക്കുന്ന വെള്ളം അടിയന്തരമായി നീക്കണം. കുടിവെള്ളം ശേഖരിച്ചുവച്ചിരിക്കുന്ന ടാങ്കുകളില്‍ കൊതുകു കടക്കാതെ സൂക്ഷിക്കണം. ഇവ കൊതുകുവല ഉപയോഗിച്ച് മൂടിയിടണം.
ആഴ്ചയിലൊരിക്കലെങ്കിലും വീട്ടിനുള്ളിലും പരിസരത്തുമുള്ള കെട്ടിനില്‍ക്കുന്ന വെള്ളം ഒഴിവാക്കാനും പരിസരം ശുചിയാക്കാനും ശ്രദ്ധിക്കുന്നതു രോഗവ്യാപനം തടയും. ആരോഗ്യ വകുപ്പ് കൊതുകുനിവാരണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ പ്രദേശങ്ങളില്‍ ഫോഗിംഗ്, സ്പ്രേയിംഗ് തുടങ്ങിയ കൊതുകുനിവാരണ പ്രവര്‍ത്തങ്ങള്‍ ശക്തമാക്കിയിട്ടുണ്ടെന്ന് ഡിഎംഒ പറഞ്ഞു.