പത്തനംതിട്ട: മുൻ വർഷങ്ങളെ അപേക്ഷിച്ച് ജില്ലയിൽ ഡെങ്കിപ്പനി ബാധിച്ചരുടെ എണ്ണത്തിലുണ്ടായ വർധന ആശങ്കപ്പെടുത്തുന്നതെന്ന് ഡിഎംഒ ഡോ. എ. എൽ. ഷീജ പത്രസമ്മേളനത്തിൽ പറഞ്ഞു. സാധാരണ മേയ്, ജൂണ്‍, ജൂലൈ മാസങ്ങളിലാണ് ഡെങ്കിപ്പനി കണ്ടു വരുന്നതെങ്കിൽ ഇത്തവണ ജില്ലയിൽ നേരത്തെ രോഗം എത്തി.
ഈ വർഷം ഇതേവരെ 49 പേർ ജില്ലയിലെ ആശുപത്രികളിൽ ചികിൽസ തേടി. അടുത്ത ഘട്ടത്തിലും ഡങ്കിപ്പനി നിയന്ത്രിക്കാൻ കഴിഞ്ഞില്ലെങ്കിൽ മരണസംഖ്യ ഉയരുമെന്ന ആശങ്ക ആരോഗ്യ വകുപ്പിനുണ്ട്.
കഴിഞ്ഞ വർഷം ഏപ്രിൽ വരെയുള്ള മാസങ്ങളിൽ 19 ഡെങ്കി കേസുകൾ മാത്രം റിപ്പോർട്ട് ചെയ്തയിടത്താണ് ഇത്തവണ 49 പേർ ആശുപത്രികളിൽ ചികിൽസ തേടിയത്. ചാത്തങ്കരി, എഴുമറ്റൂർ സിഎച്ച്സികളുടെ പരിധിയൊഴിച്ച് ജില്ലയിൽ എല്ലായിടത്തും ഡെങ്കിപ്പനി റിപോർട്ട് ചെയ്തിട്ടുണ്ട്.
റബർ തോട്ടങ്ങൾ ഏറെയുള്ള മലയോര പ്രദേശങ്ങളിലാണ് ഡെങ്കിപ്പനി ഏറെയും കണ്ടെത്തിയിട്ടുള്ളത്്. വല്ലന, റാന്നി, കോന്നി, വെച്ചൂച്ചിറ, ളാഹ, പെരുനാട്, ഏനാദിമംഗലം, കടമനിട്ട പ്രദേശങ്ങളിൽ നിന്നുമാണ് കൂടുതൽ പേർ ഡെങ്കിപ്പനിയ്ക്ക് ചികിൽസ തേടിയിട്ടുള്ളത്.
മന്ത് രോഗവും കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഈ വർഷം 63 പേരിൽ മന്ത് രോഗം കണ്ടു. കഴിഞ്ഞ വർഷം 145 പേർക്കായിരുന്നു മന്ത് രോഗം. ഇതര സംസ്ഥാന തൊഴിലാളികളിലാണ് രോഗം കണ്ടതെന്നും അവർ പറഞ്ഞു. രാത്രികാല രക്തപരിശോധനയിലൂടെയാണ് രോഗം സ്ഥിരീകരിച്ചുവരുന്നതെന്നും ഡിഎംഒ പറഞ്ഞു.നു