കോട്ടയം: ജില്ലയില് വേനല്മഴ ലഭിച്ച സാഹചര്യത്തില് ഡെങ്കിപ്പനി വ്യാപിക്കാതിരിക്കാന് ശ്രദ്ധിക്കണമെന്ന് ജില്ലാ മെഡിക്കല് ഓഫീസര് ഡോ. പി.എന്. വിദ്യാധരന് അറിയിച്ചു.
വീട്ടിലും പരിസരത്തും ചെറുപാത്രങ്ങളിലും മറ്റും കെട്ടിനില്ക്കുന്ന വെള്ളം നീക്കം ചെയ്യണം. ചെറുപാത്രങ്ങളില് കെട്ടിനില്ക്കുന്ന ശുദ്ധജലത്തിലാണ് ഡെങ്കി വൈറസ് പരത്തുന്ന ഈഡിസ് കൊതുകുകള് മുട്ടയിടുന്നത്.
കുടിവെള്ളം ശേഖരിച്ചു വച്ചിരിക്കുന്ന ടാങ്കുകളിലും പാത്രങ്ങളിലും കൊതുകുകടക്കാതെ അടച്ചുസൂക്ഷിക്കണം. ആഴ്ചയിലൊരിക്കലെങ്കിലും വീട്ടിനുള്ളിലും പരിസരത്തും കെട്ടിനില്ക്കുന്ന വെള്ളം ഒഴിവാക്കാനും ശുചിയാക്കാനും ശ്രദ്ധിക്കണം.
മഞ്ഞപ്പിത്തംപകരാതിരിക്കാനും ജാഗ്രത വേണം
ടാങ്കറുകളില്നിന്ന് വാങ്ങി ഉപയോഗിക്കുന്ന കുടിവെള്ളത്തിലൂടെ മഞ്ഞപ്പിത്തം, ടൈഫോയ്ഡ് തുടങ്ങിയ ജലജന്യരോഗങ്ങള് പടരാനിടയുണ്ട്. അതിനാല് കുടിവെള്ള സ്രോതസുകള് ആഴ്ചയിലൊരിക്കല് ക്ലോറിനേറ്റ് ചെയ്യുകയോ, കുടിവെള്ളം ക്ലോറിന് ഗുളിക ഉപയോഗിച്ച് ശുദ്ധീകരിക്കുകയോ ചെയ്യണം.
ക്ലോറിനേറ്റ് ചെയ്ത വെള്ളമായാലും തിളപ്പിച്ചാറിമാത്രമേ കുടിക്കാനുപയോഗിക്കാവൂ. വഴിയോരങ്ങളില് തുറന്ന് വച്ച് വില്ക്കുന്ന ഭക്ഷണ പാനീയങ്ങള് വാങ്ങി ഉപയോഗിക്കുന്നത് പരമാവധി ഒഴിവാക്കണം.
ജ്യൂസ്, സര്ബത്ത് എന്നിവ വില്ക്കുന്നവര് ശുചിത്വം പാലിക്കാന് പ്രത്യേകം ശ്രദ്ധിക്കണം. ശീതളപാനീയങ്ങളില് ഉപയോഗിക്കുന്ന ഐസ് ശുദ്ധജലം ഉപയോഗിച്ചുണ്ടാക്കിയതാണെന്നു ഉറപ്പാക്കണം.
പാനീയങ്ങള് തയാറാക്കാന് ഉപയോഗിക്കുന്ന മിക്സി, ജ്യൂസറുകള്, പാത്രങ്ങള് എന്നിവ ഓരോപ്രാവശ്യവും ശുചിയാക്കണം. ഇത്തരം കടകളില് ആരോഗ്യവകുപ്പിന്റെ നിരീക്ഷണവും പരിശോധനയും ശക്തമാക്കുമെന്നും ജില്ലാ മെഡിക്കല് ഓഫീസര് അറിയിച്ചു.