കൊച്ചി: ജില്ലയിൽ കാലവർഷം ശക്തി പ്രാപിച്ചതിനാൽ ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്നു ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. മഴക്കാലത്ത് കൊതുകുകൾ മുട്ടയിട്ട് പെരുകുന്നതിന് അനുകൂല സാഹചര്യമാണുള്ളത്. ഓരോരുത്തരും തങ്ങളുടെ വീടും പരിസരവും വൃത്തിയാക്കി സൂക്ഷിക്കണം.
മഴവെള്ളം കെട്ടിക്കിടന്ന് ഡെങ്കിപ്പനിക്ക് കാരണമായ ഈഡിസ് കൊതുകു വളരാനുള്ള സാഹചര്യം ഒഴിവാക്കണം. പൈനാപ്പിൾ, റബർ, കൊക്കോ തോട്ടങ്ങൾ തുടങ്ങിയിടങ്ങളിൽ ചെറിയ അളവിൽ പോലും വെള്ളം കെട്ടിക്കിടക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
വെള്ളം ശേഖരിച്ചു വയ്ക്കുന്ന പാത്രങ്ങൾ, അലക്ഷ്യമായി വലിച്ചെറിയുന്ന പാഴ്വസ്തുക്കൾ, ടയറുകൾ, മേൽക്കൂരയിൽ ഉപയോഗിക്കുന്ന ടാർപോളിന്റെ മടക്കുകൾ, ചെടിച്ചെട്ടികളുടെ അടിയിൽ വയ്ക്കുന്ന പാത്രങ്ങൾ, വീടിന്റെ സണ്ഷെയ്ഡ്, കെട്ടിടനിർമാണ സ്ഥലങ്ങൾ തുടങ്ങിയ ഇടങ്ങളിൽ മഴവെള്ളം കെട്ടിക്കിടക്കാതിരിക്കാൻ ശ്രദ്ധിക്കണം.
ഇതിനായി ആഴ്ചയിലൊരിക്കൽ എല്ലാവരും ഡ്രൈ ഡേ ആയി ആചരിച്ച് കൊതുക് വളരാനിടയുള്ള എല്ലാ വസ്തുക്കളും വീട്, ഓഫീസ്, പരിസരങ്ങൾ എന്നിവിടങ്ങളിൽ നിന്നും നീക്കം ചെയ്യണം. പനിയോടൊപ്പം തലവേദന, കണ്ണിനുപുറകിലെ വേദന, പേശിവേദന, സന്ധിവേദന എന്നിവയാണ് ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണങ്ങൾ. കൂടാതെ ശരീരത്തിൽ ചുവന്ന് തടിച്ച പാടുകളും ഉണ്ടാകാം.
ഒരുപ്രാവശ്യം ഡെങ്കിപ്പനി ബാധിച്ചവർക്ക് വീണ്ടും രോഗബാധയുണ്ടായാൽ മാരകമാകുന്നതിനുള്ള സാധ്യത കൂടുതലാണ്. ആദ്യ ഘട്ടത്തിൽ ഈ രോഗം തനിയെ ഭേദപ്പെട്ടേക്കാം. എന്നാൽ ഗുരുതരമായേക്കാവുന്ന ഡെങ്കു ഹെമറാജിക് പനി, ഡെങ്കു ഷോക്ക് സിൻഡ്രോം എന്നിവ പിടിപ്പെട്ടാൽ മരണം വരെ സംഭവിക്കാം.
ഹെമറാജിക് ഫീവറായാൽ മൂക്കിൽ നിന്നും വായിൽ നിന്നും മോണയിൽ നിന്നും രക്തസ്രാവം അമിതമായ ദാഹം, നാഡിമിടിപ്പ് കുറയൽ, ശ്വാസോഛാസത്തിന് ബുദ്ധിമുട്ട്, കറുത്ത നിറത്തിൽ മലം പോകുക, ബോധക്ഷയം എന്നിവ സംഭവിക്കാം.ഡെങ്കിപ്പനിക്ക് പ്രത്യേകം ചികിത്സയില്ല.
പനി പല രോഗങ്ങളുടെയും ലക്ഷണമാകാമെന്നതിനാൽ സ്വയം ചികിത്സിക്കാതെ തൊട്ടടുത്തുള്ള സർക്കാർ ആരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടേണ്ടതാണ്. പനി പൂർണമായും മാറുന്നതുവരെ വിശ്രമിക്കണം. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻ വെള്ളം തുടങ്ങിയവ ധാരാളം കുടിക്കുന്നതും നല്ലതാണ്.
ഡെങ്കിപ്പനി ബാധിതർ പകൽ സമയം വിശ്രമിക്കുന്നതും, ഉറങ്ങുന്നതും നിർബന്ധമായും കൊതുകുവലയ്ക്കുള്ളിൽ ആയിരിക്കണം. കുട്ടികൾക്ക് രോഗബാധ ഉണ്ടായാൽ പൂർണമായി സുഖപ്പെട്ടതിനു ശേഷം മാത്രം അവരെ സ്കൂളിൽ വിടുക.