കൊച്ചി: കോർപറേഷൻ പരിധിയിൽ ഡെങ്കിപ്പനി പടർന്നു പിടിക്കുന്നു. ഡെങ്കിപ്പനി ബാധിച്ച് ആശുപത്രികളിൽ എത്തുന്നവരുടെ എണ്ണം അനുദിനം വർധിച്ചു വരികയാണ്. കൊതുകുകൾ വഴിയാണു രോഗം പടരുന്നത്. കോർപറേഷന്റെ മിക്ക മേഖലകളിലും ഡെങ്കിപ്പനി വ്യാപകമായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ഡെങ്കിപ്പനി പടരുന്നതിനുള്ള സാഹചര്യം നഗരത്തിലും പരിസരപ്രദേശങ്ങളിലും അധികമാണ്.
പൊതുയിടങ്ങളിലും വഴിയരികിലും മറ്റും മാലിന്യങ്ങൾ കുന്നുകൂടി കിടക്കുന്നു. ഇത് കൊതുകുകൾ പെരുകുന്നതിന് സഹായിക്കും. പനി പടരുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടികളുമായി ആരോഗ്യവകുപ്പ് രംഗത്തിറങ്ങി. പനി കൂടുതൽ ആളുകളിലേക്കു വ്യാപിക്കാതിരിക്കാനാവശ്യമായ കരുതൽ നടപടികളോടൊപ്പം പൊതുജനങ്ങൾക്കു കൃത്യമായ ബോധവൽകരണവുമാണ് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ നൽകി വരുന്നത്.
പകൽ സമയത്തു ചൂടുകൂടുകയും വൈകുന്നരമാകുന്നതോടെ കനത്ത മഴയും ചെയ്യുന്ന കാലാവസ്ഥ പനി പടരുന്നതിന് സഹായമാകുന്നതാണ്. ഈ കാലാവസ്ഥ കണക്കിലെടുത്ത് ഒരോരുത്തരും വീടുകളിൽനിന്നുതന്നെ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിനൊപ്പം പറന്പിലും ടെറസിന് മുകളിലും വെള്ളംകെട്ടി നിൽക്കാനുള്ള സാഹചര്യം പരമാവധി ഒഴിവാക്കണമെന്നും ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി.
അഡീഷണൽ ഡിഎംഒ അടക്കമുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വിവിധയിടങ്ങളിൽ നേരിട്ടെത്തി പരിശോധന നടത്തുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു. കോർപറേഷന്റെ നേതൃത്വത്തിൽ കൃത്യമായ ഇടവേളകളിൽ ഫോഗിംഗ് നടത്തിവരുന്നതായി ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷ പ്രതിഭാ അൻസാരി അറിയിച്ചു.
അതേസമയം ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കൂടിയിട്ടും പ്രദേശത്ത് ആരോഗ്യവകുപ്പ് അധികൃതർ ബോധവൽകരണോ മുൻ കരുതൽ നടപടികളെക്കുറിച്ച് വിശദീകരിക്കുകയോ ചെയ്തിട്ടില്ലെന്ന് കമ്മട്ടിപ്പാടം, ഉദയകോളനി, ഗാന്ധിനഗർ എന്നിവിടങ്ങളിലെ താമസക്കാർ പറഞ്ഞു.
ഓരോ ദിവസവും ഒരോരുത്തരെ ഡെങ്കിപ്പനി മൂലം ആശുപത്രിയിൽ കൊണ്ടുപോകേണ്ട സാഹചര്യമാണുള്ളത്. ഈ സ്ഥിതി തുടർന്നാൽ പ്രദേശത്തെ മുഴുവൻ ആളുകളിലേക്കും പനി പടരുമെന്നും അത് ഒഴിവാക്കാൻ അധികൃതൽ വേണ്ട നടപടികൾ കൈകൊള്ളണമെന്നും അവർ പറഞ്ഞു.
ഡെങ്കിപ്പനിക്കു കാരണം കോര്പറേഷന് അലംഭാവം: മന്ത്രി
കൊച്ചി: നഗരം ഡെങ്കിപ്പനിയുടെ പിടിയിലായത് കൊച്ചി കോര്‍പറേഷന്റെ അലംഭാവം മൂലമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. നഗരവും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതില്‍ കോര്‍പറേഷന്റെ ഭാഗത്തുനിന്നു വന്‍ വീഴ്ചയാണുണ്ടായിരിക്കുന്നത്. എറണാകുളത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി മനു റോയിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം ഇന്നലെ സന്ദര്‍ശിച്ച ചില കോളനികളുടെ പരിതാപകരമായ അവസ്ഥയും മന്ത്രി ചൂണ്ടിക്കാട്ടി.
കരിത്തല, പണിക്കശേരി, കുടുംബി കോളനികള്‍ കൊതുകുകളുടെ കേന്ദ്രങ്ങളാണ്. ഈ കോളനികളെല്ലാം പൊട്ടിപ്പെളിഞ്ഞു വൃത്തികേടായ നിലയിലാണ്. കുടിവെള്ള പൈപ്പുകളും കക്കൂസ് ടാങ്കുകളും എല്ലാം പൊട്ടിപ്പൊളിഞ്ഞ് ഒഴുകുന്നു. കൊതുകുകളുടെ താവളമാണിവിടം. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ആരോഗ്യമേഖലയില്‍നിന്നുള്ള പ്രവര്‍ത്തകരാണ് മുന്നില്‍ നില്‍ക്കുന്നത്. ഇവര്‍ നടത്തുന്ന ഫോഗിംഗ് മൂലമാണ് അല്പമെങ്കിലും ശുചീകരണം നടക്കുന്നത്.
ഇവിടെയൊന്നും കോര്‍പറേഷന്റെ ശുചീകരണ പ്രവര്‍ത്തകരെ കാണാനില്ല. പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് ആരോഗ്യവകുപ്പ് ഇരുപതു വീടുകള്‍ വീതം ചേര്‍ത്ത് സ്ക്വാഡുകള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഇവരുടെ നേതൃത്വത്തില്‍ ഫോഗിംഗ് നടക്കുന്നു. ആരോഗ്യ പ്രവര്‍ത്തകരുമായി സഹകരിക്കാന്‍ കോര്പറേഷന് മുന്നോട്ടുവന്നാല്‍ മാത്രമേ ഡെങ്കിപ്പനി പോലുള്ള പകര്‍ച്ചവ്യാധികള്‍ നിയന്ത്രണ വിധേയമാക്കാന്‍ സാധിക്കൂവെന്നും കെ.കെ. ശൈലജ പറഞ്ഞു.