കൊല്ലം: ജില്ലയില്‍ അഞ്ചല്‍, ഏരൂര്‍, കടയ്ക്കല്‍, കരവാളൂര്‍ മേഖലകളില്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി.വി. ഷേര്‍ളി അറിയിച്ചു.
ജില്ലയില്‍ ഈ വര്‍ഷം ഇതുവരെ 128 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ശുദ്ധജലത്തില്‍ മുട്ടിയിട്ടു വളരുന്ന ഈഡിസ് കൊതുകുകളാണ് രോഗം പരത്തുന്നത്. കടുത്ത പനി, തലവേദന, ക്ഷീണം, ശരീരവേദന, ദേഹത്ത് ചുവന്നു തിണിര്‍ത്ത പാടുകള്‍ തുടങ്ങിയ രോഗലക്ഷണങ്ങള്‍ ശ്രദ്ധയില്‍പെടുന്നവര്‍ സ്വയം ചികിത്സ ഒഴിവാക്കി സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടണം.
വീടിനുള്ളിലും പരിസരങ്ങളിലും വെള്ളം കെട്ടിനില്‍ക്കുന്ന സാഹചര്യം ഒഴിവാക്കണം. തീരേദശമേഖലയില് ട്രോളിംഗ് നിരോധനവുമായി ബന്ധപ്പെട്ട് കരയില്‍ കയറ്റിവച്ചിരിക്കുന്ന ബോട്ടുകളില്‍ വെള്ളം കെട്ടിനില്‍ക്കുന്നത് ഒഴിവാക്കാന്‍ ഫിഷറീസ് വകുപ്പിനും ബോട്ടുടമകള്‍ക്കും നിര്‍ദേശം നല്കി.
റബര്‍ പ്ലാന്റേഷന് മേഖലയില്‍ ചിരട്ടകള്‍ കമിഴ്ത്തി വയ്ക്കണമെന്ന് അറിയിച്ചിട്ടുണ്ട്. കൊതുകു നിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും പങ്കാളികളാകണമെന്നും ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ പൊതുജനാരോഗ്യ നിയമവും പഞ്ചായത്തീരാജ് ചട്ടങ്ങളും അനുസരിച്ച് നടപടികള്‍ സ്വീകരിക്കുമെന്നും ഡി.എം.ഒ അറിയിച്ചു.