കോട്ടയം: കോവിഡ് -19 പ്രതിരോധം തുടരുന്നതിനൊപ്പം ജില്ലയിൽ ഡെങ്കിപ്പനിക്കും എലിപ്പനിക്കുമെതിരേ ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വർഗീസ്. ഇതിനോടകം ചില കേന്ദ്രങ്ങളിൽ രണ്ടു രോഗങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇടയ്ക്കിടെ മഴ പെയ്യുന്ന സാഹചര്യത്തിൽ കൊതുകുകൾ പെരുകുന്നത് ഒഴിവാക്കിയില്ലെങ്കിൽ രോഗങ്ങൾ പടർന്നു പിടിക്കാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പു നൽകി. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും ഉപേക്ഷിക്കപ്പെട്ട പാത്രങ്ങൾ, ടയറുകൾ, ചെടിച്ചട്ടികൾ തുടങ്ങിയവയിൽ വെള്ളം കെട്ടിനിൽക്കുന്നില്ലെന്ന് ഉറപ്പാക്കുകയും വേണം.
റബർ തോട്ടങ്ങളിൽ ചിരട്ടകൾ കമഴ്ത്തി സൂക്ഷിക്കണം. ലോക് ഡൗണിൽ പൂട്ടിക്കിടക്കുന്ന സ്ഥാപനങ്ങളുടെ പരിസരങ്ങളിലും ഉറവിട നശീകരണം നടത്തണം. ബ്രേക്ക് ദ ചെയിൻ കാന്പയിനിന്റെ ഭാഗമായി നേരത്തെ പൊതു സ്ഥലങ്ങളിലും വ്യാപാര സ്ഥാപനങ്ങളുടെ പരിസരത്തും സ്ഥാപിച്ചിട്ടുള്ള കാനുകളിലും പാത്രങ്ങളിലും മലിന ജലം കെട്ടി നിന്ന് കൊതുകു പെരുകാൻ സാധ്യതയുണ്ട്.
മാലിന്യങ്ങൾ കൈകാര്യം ചെയ്യുന്നവർക്കും മലിന ജലവുമായി സന്പർക്കം പുലർത്തുന്നവർക്കും എലിപ്പനി ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. പനിയുള്ളവർ സ്വയം ചികിത്സ ഒഴിവാക്കി വിദഗ്ധ ചികിത്സ തേടണം. എലിപ്പനി ബാധിച്ചവർക്ക് കൃത്യ സമയത്ത് ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ മരണം സംഭവിച്ചേക്കാമെന്നും ഡിഎംഒ പറഞ്ഞു.