കോട്ടയം: മുണ്ടക്കയം, കാഞ്ഞിരപ്പള്ളി മേഖലകളിൽ ഡെങ്കിപ്പനി പടർന്നു പിടിക്കുന്നു. കാലാവസ്ഥാ വ്യതിയാനംമൂലം കുട്ടികളും പ്രായമായവരുമാണ് കൂടുതലായും പനിയുടെ പിടിയിൽ അകപ്പെട്ടിരിക്കുന്നത്.ഇടക്കുന്നം, വടക്കേമല മേഖലകളിൽ നിരവധി പേർക്കു ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.
ഇതോടെ ഈ പ്രദേശങ്ങളിൽ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി കൊതുക് പെരുകുന്ന സ്ഥലങ്ങൾ കണ്ടെത്തി നശിപ്പിക്കുകയും പ്രദേശത്ത് ഫോഗിംഗ് നടത്തുകയും ചെയ്തിരുന്നു.
കൊതുകുകളുടെ സാന്ദ്രത താലൂക്കിന്റെ പല മേഖലകളിലും കൂടുതലാണ്. മഴവെള്ളം വീടിന്റെ പരിസരങ്ങളിൽ കെട്ടിക്കിടക്കുവാൻ ഇടവരാതെ സൂക്ഷിക്കണം. സർക്കാർ ആശുപത്രികളിൽ നിന്നും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ നിന്നും സൗജന്യമായി ലഭിക്കുന്ന ക്ലോറിൻ പൊടി ഉപയോഗിച്ച് ജലസ്രോതസുകളിൽ ക്ലോറിനേഷൻ നടത്തുകയും ചെയ്താലേ കൊതുകു ശല്യം ഒഴിവാക്കാൻ സാധിക്കൂ.
മുണ്ടക്കയം, കാഞ്ഞിരപ്പള്ളി മേഖലകളുടെ ഭൂരിഭാഗം പ്രദേശങ്ങളും റബർ തോട്ടങ്ങളാൽ നിറഞ്ഞതാണ്. വൻകിട എസ്റ്റേറ്റുകളും ചെറുകിട റബർ കർഷകരും ഉള്ള മേഖലയിൽ റബർ ചിരട്ടയിലെ ജലത്തിൽ കൊതുകുകൾ പെരുകുകയും രോഗം പരത്തുകയും ചെയ്യുന്നുവെന്നു ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു.
റബർ പാൽ ശേഖരിച്ചശേഷം കമഴ്ത്തിവയ്ക്കാത്ത ചിരട്ടയിലെ വെള്ളത്തിലാണ് കൊതുകുകൾ മുട്ടയിട്ടു പെരുകുന്നത്. ഇങ്ങനെ കൊതുകു പെരുകാനുള്ള സാഹചര്യം ഒഴിവാക്കണമെന്നു ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്കിയിരുന്നു.