പത്തനംതിട്ട: മഴ ശക്തമായതോടെ ജില്ലയിൽ പനിബാധിതരുടെ എണ്ണത്തിൽ വൻ വർധന. പനി ബാധിച്ച് ഇന്നലെ മാത്രം 320 പേരാണ് വിവിധ സർക്കാർ ആശുപത്രികളിലായി ചികിത്സ തേടിയത്. ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ആശുപത്രിയിലെത്തിയ എട്ട് പേരില്‍ അഞ്ച് പേർക്കും ഇന്നലെ ഡെങ്കിപ്പനി സ്ഥിരീകരിച്ചു.
മൂന്ന് പേര്‍ക്ക് എലിപ്പനിയും രണ്ട് പേര്‍ക്ക് ഹെപ്പറ്റൈറ്റിസ് എ യും ഒരാള്‍ക്ക് ഹെപ്പറ്റൈറ്റിസ് ബി യും ഒരാള്‍ക്ക് ചിക്കന്‍പോക്സും സ്ഥിരീകരിച്ചു.
വയറിളക്ക രോഗങ്ങള്‍ക്ക് 61 പേര് ചികിത്സ തേടി. കോന്നി, പ്രമാടം പഞ്ചായത്തുകളിലാണ് ഹെപ്പറ്റൈറ്റിസ് സ്ഥിരീകരിച്ചത്. ഓമല്ലൂര്‍, ഇലന്തൂര്‍, കോന്നി പഞ്ചായത്തുകളിലാണ് എലിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്. പത്തനംതിട്ട നഗരസഭ, വല്ലന, ഇലന്തൂര്‍ എന്നിവിടങ്ങളിലാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചതെന്നും ഡിഎംഒ അറിയിച്ചു.
ജനുവരി മുതൽ ഇന്നലെ വരെ ജില്ലയിൽ 130 പേരിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഒരാഴ്ച മുന്‍പ് മന്ത്രിതല അവലോകനയോഗത്തിൽ 77 പേരിൽ ഡെങ്കിപ്പനി ബാധിച്ചുവെന്നാണ് ആരോഗ്യവകുപ്പ് നൽകിയ കണക്ക്. മഴ ശക്തമായിരുന്ന ഒരാഴ്ചയ്ക്കിടെ ഡെങ്കിയും എലിപ്പനിയും വർധിച്ചുവരുന്നതാണ് കണ്ടത്.
ജൂൺ ഒന്നു മുതൽ ഇന്നലെ വരെ 36 പേർക്കാണ ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.എലിപ്പനി ഒരാഴ്ച മുന്‍പ് 38 പേരിലാണ് സ്ഥിരീകരിച്ചിരുന്നത്. ജൂണിൽ മാത്രം എട്ടുപേരിൽ എലിപ്പനി സ്ഥിരീകരിച്ചു.
മുൻവർഷങ്ങളെ അപേക്ഷിച്ച് ജില്ലയിൽ ഡെങ്കി, എലിപ്പനി ബാധിതരുടെ എണ്ണത്തിൽ വർധനയാണ് കണ്ടുവരുന്നത്. ഇക്കൊല്ലം മഴ ആരംഭിക്കുന്നതിനു മുന്‍പേ ഡെങ്കിപ്പനി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നു റിപ്പോർട്ട് ചെയ്തിരുന്നു.
മഴ കൂടി ആരംഭിച്ചതോടെ പ്രതിദിനം ശരാശരി അഞ്ചിനും പത്തിനും ഇടയിൽ ഡെങ്കിപ്പനിയെങ്കിലും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. എലിപ്പനി ബാധിതരുടെ എണ്ണത്തിലും വർധന കണ്ടുവരുന്നു. ജൂണിൽ ഇതേവരെ 16 പേരിലാണ് എലിപ്പനി കണ്ടുവരുന്നത്.
തെക്കൻ ജില്ലകളിൽ ഡെങ്കി അടക്കമുള്ള പകർച്ചവ്യാധികൾ ഏറ്റവും കൂടുതൽ കണ്ടുവരുന്നത് പത്തനംതിട്ട ജില്ലയിലാണെന്ന് ഡിഎംഒ ഡോ.എ.എൽ. ഷീജ ചൂണ്ടിക്കാട്ടി. മറ്റു ജില്ലകളിൽ ഡെങ്കിയുടെ എണ്ണം കുറഞ്ഞിരുന്നു.
എന്നാൽ പത്തനംതിട്ടയിൽ മുൻവർഷത്തെ അപേക്ഷിച്ച് കുറവുണ്ടായിട്ടില്ല. മഞ്ഞപ്പിത്തവും ഇതര മഴക്കാല രോഗങ്ങളുടെ എണ്ണവും വർധിച്ചുവരികയാണ്. മഞ്ഞപ്പിത്തം ഹെപ്പറ്റൈറ്റിസ് ബിയും കണ്ടുവരുന്നു.