പത്തനംതിട്ട: കൊതുക് ജന്യ രോഗങ്ങൾ വ്യാപകമാകുന്ന സാഹചര്യത്തിൽ കൊതുക് മുട്ടയിടുന്ന സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നത് 2023-ലെ കേരള പൊതുജനാരോഗ്യ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണെന്ന് ആരോഗ്യ വകുപ്പ്.
ഓരോ കുറ്റത്തിനും നിയമത്തിലെ വകുപ്പുകള്‍ പ്രകാരം 10,000 രൂപ വരെ പിഴ ചുമത്താം. തങ്ങളുടെ ഉടമസ്ഥതയിലുളള ഓരോ വീടിന്റെയും സ്ഥാപനത്തിനന്റെയും അകത്തും, പരിസരത്തും കൊതുകിന്റെ പ്രജനനത്തിനുളള സാഹചര്യമില്ലെന്ന് ഉറപ്പുവരുത്തണമെന്ന് ഡിഎംഒ ഡോ. എൽ. അനിതാകുമാരി നിർദേശിച്ചു.
വീടുകളിലും കടകള്‍ ഉള്‍പ്പെടെയുളള സ്ഥാപനങ്ങളിലും വിദ്യാലയങ്ങളിലും തോട്ടങ്ങളിലും കൊതുകുകള്‍ മുട്ടയിട്ട് വളരുന്ന തരത്തിലുളള മാലിന്യങ്ങള്‍, പാഴ്വസ്തുക്കള്, ചിരട്ടകള്‍, പാളകള്‍, ടയറുകള്‍, ചെടിച്ചട്ടികള്‍, തുറന്ന ടാങ്കുകള്‍ തുടങ്ങിയവ ഇല്ല എന്ന് ഉടമസ്ഥര്‍ ഉറപ്പുവരുത്തണം.
റബർ പാല് ശേഖരിക്കുന്ന ചിരട്ടകള്‍, പാത്രങ്ങള്‍, ഫ്രിഡ്ജിന്റെ പിറകിലെ ട്രേ, ഇന്‍ഡോര്‍ പ്ലാന്റുകള്‍ എന്നിവയിലും വെളളം കെട്ടിനില്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. എല്ലാ വെളളിയാഴ്ചയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ശനിയാഴ്ച സ്ഥാപനങ്ങളിലും ഞായറാഴ്ച വീടുകളിലും ഡ്രൈ ഡേ ആചരിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.