പുനലൂർ: പുനലൂർ താലൂക്കിൽ ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയവ വ്യാപകമാകുന്നത് കണക്കിലെടുത്തു കോവിഡ് വ്യാപനത്തെ തുടർന്നു പ്രവർത്തന രഹിതമായി കിടക്കുന്ന പബ്ലിക് കംഫർട്ട് സ്റ്റേഷനുകളും മറ്റും ഫയർഫോഴ്സിനെ ഉപയോഗിച്ചു ശുചീകരിച്ചു വൃത്തിയാക്കുമെന്ന് മന്ത്രി കെ രാജു പറഞ്ഞു.
രോഗ പ്രതിരോധ പ്രവർത്തനങ്ങ ളെ സംബന്ധിച്ചു ചർച്ച ചെയ്യാൻ പുനലൂർ ആർ പി എൽ ഹെഡ് ഓഫീസിലെ കോൺഫറൻസ് ഹാളിൽ ചേർന്ന സംയുക്ത ട്രേഡ് യൂണിയൻ നേതാക്കളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. പുനലൂർ താലൂക്കിൽ 30 ഓളം പേർക്കാണ് ഡെങ്കിപ്പനി പടർന്നു പിടിച്ചത്.
കൊതുകുകളിൽ നിന്നും രോഗം പടർന്നു പിടിക്കുന്നത് കണക്കിലെടുത്തു രോഗ പ്രതിരോഗ പ്രവർത്തനങ്ങൾ ശക്തമാക്കും. കൊതുകുകളെ നശിപ്പിക്കാൻ ഫോഗിംഗിന് പുറമെ സ്പ്രേയിംഗും നടത്തും. ഇതിന് പഞ്ചായത്തു ഭരണ സമിതികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഇവർ വാർഡ്തല കമ്മിറ്റികൾ രൂപികരിച്ചു ഉടൻ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിക്കാൻ അഞ്ചലിൽ ചേർന്ന ജനപ്രതിനിധികളുടെ യോഗത്തിൽ ബന്ധപ്പെട്ടവരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
കൊതുകുകളെ നിർമ്മാർജനം ചെയ്യാൻ വൻകിട റബർ തോട്ടങ്ങൾക്ക് പുറമെ ചെറുകിട തോട്ടങ്ങളിലെയും ചിരട്ടകൾ കളിഴ്ത്തി വയ്ക്കാൻ നടപടി സ്വീകരിക്കാൻ പ്ലാന്റേൻ കോർപ്പറേഷൻ അധികൃതരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
പുനലൂർ ആർ ഡി ഒ ബി.ശശികുമാർ, സംയുക്ത ട്രേഡ് യൂണിയൻ നേതാക്കളായ സി അജയപ്രസാദ്, എസ് ബിജു, പി എസ് ചെറിയാൻ, എൻ കോമളകുമാർ, സി വിജയകുമാർ, മോഹൻദാസ്, തടിക്കാട് ഗോപാലകൃഷ്ണൻ, കെ.കെ സുരേന്ദ്രൻ തുടങ്ങിയ നിരവധി നേതാക്കളും ആരോഗ്യ പ്രവർത്തകരും യോഗത്തിൽ പങ്കെടുത്തു.