പാലാ: രാമപുരത്ത് ഡെങ്കിപ്പനി പടരുന്നു. പഞ്ചായത്തിലെ 15, 16 വാർഡുകളിലെ കൂടപ്പുലം പ്രദേശത്താണ് ഡെങ്കിപ്പനി കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ മാർച്ച് 23നാണ് രാമപുരം സ്പെഷാലിറ്റി ആശുപത്രിയിൽ ആദ്യ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തത്.
തുടർന്നു നിരീക്ഷണം നടക്കുന്നതിനിടെ ഏപ്രിൽ 15 വരെയുള്ള ഇടവേളകളിൽ ഏഴു പേരാണ് രാമപുരത്ത് ഡെങ്കിപ്പനി ബാധിച്ച് ചികിത്സ തേടിയിരിക്കുന്നത്. ആറു പേർ ആശുപത്രിയിൽ ചികിത്സയിലും ഒരാൾ ആശുപത്രി വിടുകയും ചെയ്തു.
വെളിയന്നൂർ പഞ്ചായത്തിലെ അരീക്കര ഭാഗത്ത് കഴിഞ്ഞ ഫെബ്രുവരിയിൽ മൂന്നു പേർക്ക് ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തിരുന്നു. പനിബാധിച്ച് ഒരാൾ മരിക്കുകയും ചെയ്തിരുന്നു. ഇതിന് ഏതാനും കിലോമീറ്റർ മാത്രം അകലെയാണ് ഇപ്പോൾ ഡെങ്കിപ്പനി കണ്ടെത്തിയ കൂടപ്പുലം പ്രദേശം.
കരൂർ പഞ്ചായത്തിലെ ഒന്നാം വാർഡ് കുടക്കച്ചിറ ഭാഗത്തു അഞ്ചു പേർക്കും ഉഴവൂർ ടൗണ് മേഖലയിൽ നാലാം വാർഡിൽ നാലു പേർക്കും കഴിഞ്ഞയാഴ്ച ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് പറയുന്നു.
തുടർച്ചയായി ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആരോഗ്യവകുപ്പ് രാമപുരത്ത് പ്രത്യേക നിരീക്ഷണം നടത്തിവരികയാണ്. കൂടപ്പുലം റബർതോട്ടം മേഖലയാണ്.
കൊതുകുകളാണ് ഡെങ്കിപ്പനിക്ക് കാരണമാകുന്നത്. താലൂക്കിൽ കഴിഞ്ഞ ദിവസങ്ങളിൽ ഒറ്റപ്പെട്ട കനത്ത മഴ പെയ്തിരുന്നു. മഴ തുടരുന്ന സാഹചര്യത്തിൽ മുൻകരുതൽ എടുത്തില്ലെങ്കിൽ കൊതുകുകളുടെ വ്യാപനം രൂക്ഷമാകും.
ജില്ലാ മെഡിക്കൽ സംഘത്തിന്റെ മേൽനോട്ടത്തിൽ രാമപുരത്ത് കൂടപ്പുലം വാർഡിൽ ഫോഗിംഗ് നടത്തി. കൊതുകുജന്യ രോഗങ്ങളെക്കുറിച്ച് പഠിക്കുന്ന ജില്ലാ വെക്ടർ കണ്ട്രോൾ യൂണിറ്റ് സ്ഥലത്തെത്തി കൂടുതൽ പഠനങ്ങൾ നടത്തിവരികയാണ്. മുൻകരുതലിന്റെ ഭാഗമായി ബോധവത്കരണ പ്രവർത്തനങ്ങൾ നടന്നുവരുന്നു.
തോട്ടങ്ങളിൽ റബർചിരട്ടകൾ കമിഴ്ത്തി വയ്ക്കുക, കൊതുക് പെരുകുന്ന സാഹചര്യം ഒഴിവാക്കുക, മഴവെള്ളം കെട്ടിനിന്നു മലിനജലമാകാതെ സൂക്ഷിക്കുക, ഫ്രിഡ്ജിലും മറ്റും മലിനജലം തങ്ങി നിൽക്കുന്നുണ്ടോയെന്നു പരിശോധിക്കുക എന്നിവയാണു മുൻകരുതൽ പ്രവർത്തനങ്ങളെന്ന് ഹെൽത്ത് സൂപ്പർവൈസർ ജോണ്സണ് മാത്യു പറഞ്ഞു.