കോടാലി: മഴ തുടങ്ങിയതോടെ മലയോര പഞ്ചായത്തായ മറ്റത്തൂരിൽ ഡെങ്കിപ്പനി വ്യാപകമായി. പഞ്ചായത്തിലെ . ആറാം വാർഡിലെ കോടാലി കുട്ടിയന്പലം പരിസരത്ത് മാത്രം എട്ടുപേർക്ക് ഡെങ്കിപ്പനി ബാധിച്ചു. എന്നാൽ മൂന്നുപേർക്ക് മാത്രമാണ് രോഗബാധ സ്ഥിരികരിച്ചിട്ടുള്ളതെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നത്.
രോഗം വ്യാപകമാകുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് മറ്റത്തൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ അവലോകനയോഗം ചേർന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്പിളി സോമൻ അധ്യക്ഷയായിരുന്നു. ജില്ലാ ടെക്നിക്കൽ അസി. സുരേഷ്കുമാർ ,ഹെൽത്ത് സൂപ്പർവൈസർ സി.ആർ. സുരേഷ്, സൂപ്രണ്ട് ഡോ. ശിൽപ ബേബി, ഡോ. കെ.ബി. സോന, ഡോ. നീതു പ്രേം, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ്. ബൈജു എന്നിവർ സംസാരിച്ചു.
പ്രതിരോധ പ്രവർത്തനങ്ങൾ ഉൗർജിതമാക്കിയതായി ഉദ്യോഗസ്ഥർ അറിയിച്ചു. ആശ വർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ വീടുകൾ കയറിയിറങ്ങി ബോധവൽക്കരണ പരിപാടികൾ നടത്തി വരുന്നതായും ഫോഗിങ് നടത്തുന്നതായും അധികൃതർ അറിയിച്ചു.
ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്യപ്പെട്ട കോടാലി കുട്ടിയന്പലം പരിസരത്ത് ഡെങ്കിപ്പനി നിവാരണ പ്രവർത്തനത്തിന്റെ ഭാഗമായി ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു. അതേ സമയം പനി വ്യാപകമായിട്ടും ആരോഗ്യവകുപ്പ് ഉണർന്നു പ്രവർത്തിക്കുന്നില്ലെന്നും വേണ്ടത്ര ബോധവൽക്കരണ -പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നില്ലെന്ന് നാട്ടുകാർ പരാതിപ്പെട്ടു.