പഴയന്നൂർ: നെൽപാടങ്ങളിൽ വൻവിളവു കിട്ടുവാൻ രാസവളങ്ങൾ കൂടുതലായി ഉപയോഗിക്കുന്നതിനുപകരം ജൈവവള പദ്ധതിയുമായി പഴയന്നൂർ പഞ്ചായത്തും കൃഷിഭവനും.
പരന്പരാഗത കർഷകർ നെൽപാടങ്ങളിൽ നെൽകൃഷിയുടെ ഇടവേളകളിൽ ജൈവവളമായി ഉപയോഗിച്ചിരുന്ന പയർ കൃഷിപോലെ തന്നെ പുതിയ ജൈവവള പദ്ധതിയാണ് ഡെയിഞ്ച കൃഷിയും.
ഏപ്രിൽ മാസവസാനത്തോടെ പാടങ്ങളിൽ വിതയ്ക്കുന്ന ഡെയിഞ്ച വിത്തും പയറും ചെടിയായി പുഷ്പിക്കുന്നതിനു മുന്പ് ഉഴുതുമറിക്കുകയാണ്. ഇതിനുശേഷമായിരിക്കും നടീൽ ആരംഭിക്കുക.
ഇതുമൂലം ഡെയിഞ്ചയും പയറും ജൈവവളമായി മാറുകയും 40 കിലോ യൂറിയ പാടത്തു ഉപയോഗിക്കുന്നതിനു തുല്യമായ നൈട്രജൻ മണ്ണിൽ ഉണ്ടാവുകയും നെൽവിളവ് വർധിക്കുകയും ചെയ്യുമെന്ന് കൃഷിഭവനിലെ ഉദ്യോഗസ്ഥർ പറയുന്നു.
കൂടാതെ മണ്ണിന്റെ ജൈവഘടനയ്ക്കും പരിസ്ഥിതിക്കും യാതൊരു മാറ്റവും സംഭവിക്കുകയില്ല. ഇതിനായി പഴയന്നൂർ പഞ്ചായത്തും കൃഷിഭവനും 90 ശതമാനം സബ്സിഡിയോടെ ഡെയിഞ്ച, പയർ വിത്തുകൾ കർഷകർക്കു വിതരണം ചെയ്തു.
ഈ വർഷം ആറുപാടശേഖരങ്ങളിലാണ് ഈ രീതി പരീക്ഷിച്ചത്. കിഴക്കെപ്പാടം, നീലിച്ചിറ, കിഴക്കുമുറി, ചെറുകര, ചീരക്കുഴി, തോപ്പിൽക്കുളം എന്നിവിടങ്ങളിലെ 50 ഏക്കറിൽ പരീക്ഷിച്ച കൃഷിരീതി വരും വർഷങ്ങളിൽ 150 ഏക്കറിലേക്കു വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്.