കെട്ടിക്കിടക്കുന്ന വെളളത്തിലാണു കൊതുകു മുട്ടയിടുന്നത്. വീടിന്റെ പരിസരപ്രദേശങ്ങളിൽ വെളളം കെട്ടിനില്‍ക്കുന്ന സാഹചര്യം ഒഴിവാക്കുക. കൊതുകിനു മുട്ടയിടാൻ ഒരു കുളത്തിലെ വെളളം വേണമെന്നില്ല. ഇലയുടെയും നാന്പുകളുടെയും മടക്കിൽ തങ്ങിനില്ക്കുന്ന വെളളം മതിയാകും. ഉപേക്ഷിച്ച കുപ്പിയുടെ അടപ്പിൽ കെട്ടിനില്‍ക്കുന്ന മഴവെളളത്തിൽ പോലും ഈഡിസ് മുട്ടകൾ കണ്ടെത്തിയിട്ടുണ്ട്. ഇതുപോലെതന്നെ അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് കവറുകളിൽ തങ്ങിനില്ക്കുന്ന ഏതാനും തുളളി വെളളം പോലും കൊതുക ുകൾക്കു മുട്ടയിടാനുളള ഇടങ്ങളായി മാറുന്നു. മനുഷ്യന്റെ ശ്രദ്ധയെത്താത്ത ഇടങ്ങളിൽ കിടക്കുന്ന ഈഡിസ് മുട്ടകൾ അപകടകാരികളാകുന്നു. അതിനാൽ മരുന്നു തളിച്ചാലൊന്നും കൊതുകുമുട്ടകളെ പൂർണമായും നശിപ്പിക്കാനാവില്ല.
* ആറു മാസം മുതൽ ഒരു വർഷം വരെ ഇവയ്ക്ക് ആയുസുണ്ട്. മുട്ടവിരിഞ്ഞിറങ്ങുന്ന കൊതുകുകൾക്ക് ഒരു മാസം വരെയും…അര കിലോമീറ്റർ വരെ പറന്നെത്താനുളള ശേഷിയുണ്ട്. ഒരു പ്രദേശമാകെ ഡെങ്കിപ്പനി വ്യാപിക്കുന്നതിനു പിന്നിലെ രഹസ്യം ഇതാണ്. ഒരു പ്രദേശത്തു തന്നെ പനി ആവർത്തിച്ചു വ്യാപിക്കുന്നതും അതുകൊണ്ടുതന്നെ.
* വേനൽക്കാലത്ത് ഈഡിസ് മുട്ടകൾ നശിക്കില്ല. ചൂടുകൂടിയ കാലാവസ്ഥയിലും ഈഡിസ് മുട്ടകൾ കേടുകൂടാതെ തുടരും. പിന്നെ ഇടയ്ക്കിടെ മഴയും ചൂടും ഇടകലർന്നു വന്നുപോകുന്ന പുതിയ കാലത്തിന്റെ അവസ്ഥയും! ഒരു തുളളി വെളളം കിട്ടിയാൽ മുട്ട വിരിയും. അതിനാൽ വെളളം കെട്ടിനില്ക്കാനുളള സാഹചര്യം പരമാവധി ഒഴിവാക്കണം.
* മഴവെളളം പാഴ് വസ്തുക്കളിലും മരങ്ങളിലെ ഫലാവശിഷ്ടങ്ങളിൽപോലും ചെറിയ തോതിൽ തങ്ങിനില്ക്കും. മഴ മാറിയാലും ആ വെളളം ആഴ്ചകളോളം അവിടെ കെട്ടിനില്ക്കും. താവളം തേടി നടക്കുന്ന കൊതുകുകൾ അവിടെ തന്പടിക്കും. മഴയെ കുറ്റം പറയും മുന്‍പേ, ചുറ്റുപാടും കണ്‍തുറന്നു കാണുക. മുൻകരുതലെടുത്താൽ രോഗങ്ങൾ ഒരുപരിധിവരെ അകന്നു നില്ക്കും. വെറുതേ നടക്കുന്നതിനിടെ ഇത്തരം പാഴ് വസ്തുക്കൾ വെളളം തങ്ങിനില്ക്കാനിടനല്കാത്ത വിധം മറിച്ചിടാം. ഉപയോഗശൂന്യമായ ടയറുകൾക്കുളളിലും വെളളം കെട്ടിനില്ക്കാനിടയുണ്ട്. അതും ശ്രദ്ധിക്കണം. വാട്ടർടാങ്കുകളും ജലം ശേഖരിച്ചു വച്ചിരിക്കുന്ന മറ്റു പാത്രങ്ങളും അടച്ചുസൂക്ഷിക്കണം.
* മറ്റൊരു വില്ലൻ റബർമരങ്ങളിലെ ചിരട്ടകളാണ്. ഇവയിൽ വെളളം തങ്ങിനിൽക്കാനുളള സാധ്യത ഏറെയാണ്, അതിനാൽ ഉപയോഗശേഷവും ടാപ്പിംഗ് ഇല്ലാത്ത കാലത്തും ഇവ കമഴ്ത്തിവയ്ക്കാൻ ശ്രദ്ധിക്കണം. ഇക്കാര്യങ്ങൾ ഉറപ്പുവരുത്തേണ്ടത് ഒരു വ്യക്തിയുടെ മാത്രം ചുമതലയല്ല. എല്ലാവരുടെയും ചുമതലയാണെന്ന് ഈ വൈകിയ വേളയിലെങ്കിലും തിരിച്ചറിയുക. വീടിനുളളിലെ ചെടിച്ചട്ടികളിൽ വെളളം കെട്ടിനിൽക്കാൻ അനുവദിക്കരുത്. ചട്ടികളിലെയും അലങ്കാര ചെടികൾ വളർത്തുന്ന പാത്രങ്ങളിലെയും വെള്ളം എല്ലാ ആഴ്ചയിലും മാറ്റുക.
* ഉപയോഗിക്കാത്ത കക്കൂസുകളുടെ ഫ്ളഷ് ടാങ്കുകൾ, ക്ലോസറ്റുകൾ എന്നിവയിൽ കൊതുകുകൾ മുട്ടയിടാനുളള സാഹചര്യം ഏറെയാണ്. അതിനാൽ അവ നന്നായി മൂടിയിടണം. വീടിനോടു ചേർന്ന കക്കൂസിലും പലപ്പോഴും ഡെങ്കിപ്പനി പരത്തുന്ന കൊതുകുകളെ കണ്ടെത്തിയിട്ടുണ്ട്. അതിനാൽ അതീവ ജാഗ്രത വേണം. സോപ്പുപെട്ടിയുടെ അടപ്പിനുളളിൽ തങ്ങിനില്ക്കുന്ന ഏതാനും തുളളി വെളളത്തിലും ഈഡിസ് കൊതുകുകൾ മുട്ടയിടാം.
* രാത്രിയും പകലും കൊതുകിന്റെ കടിയേല്‍ക്കാതെ സൂക്ഷിക്കുക. കൃഷിയിടങ്ങളിൽ പണിയെടുക്കുന്നവരും യാത്ര ചെയ്യുന്നവരും കൊതുകുകടിയേല്ക്കാതെ സൂക്ഷിക്കുക. ശരീരം പൂർണമായും മൂടിക്കിടക്കുന്ന വസ്ത്രം ധരിക്കുക. രാത്രി ഉറങ്ങുന്പോൾ കൊതുകുവല ഉപയോഗിക്കുക. മുറിയിൽ കുന്തിരിക്കം പുകയ്ക്കുക.