ഡെന്മാർക്ക് ഫുട്ബോൾ ക്ലബ് റേൻഡേഴ്സിന്റെ ഒന്നാം നന്പർ ഗോൾകീപ്പറായ ഹാനെസ് ഹാൾഡോർസന്റെ സ്വപ്നമാണ് തന്റെ ടീം ഡാനിഷ് സൂപ്പർ ലീഗ് ചാന്പ്യന്മാരാകുന്നത്. അതു നടന്നില്ല. എന്നാൽ, ഹാൾഡോർസണെ ഐസ്ലൻഡിന്റെ ലോകകപ്പ് ടീമിൽ ഒന്നാം നന്പർ ഗോളിയായി പരിശീലകൻ ഹൈമിർ ഹാൾഗ്രിംസണ് പ്രഖ്യാപിച്ചു. ലോകകപ്പിൽ ഐസ്ലൻഡ് ഉൾപ്പെട്ടതോ ഏറ്റവും കഠിനമായ ഗ്രൂപ്പെന്നു വിശേഷിപ്പിക്കുന്ന ഗ്രൂപ്പ് ഡിയിൽ അർജന്റീന, ക്രൊയേഷ്യ, നൈജീരിയ എന്നിവർക്കൊപ്പം. ഐസ്ലൻഡാണെങ്കിൽ ആദ്യമായി ലോകകപ്പിനെത്തിയ ടീം.
ഇതിനു മുന്പ് പ്രധാന ടൂർണമെന്റിൽ കളിച്ചത് 2016 ഫ്രാൻസ് യൂറോകപ്പിൽ. അന്ന് അരങ്ങേറ്റക്കാരുടെ യാതൊരു ആശങ്കയുമില്ലാതെ ക്വാർട്ടർ ഫൈനൽ വരെയെത്തി. അവിടെയും ഗോൾകീപ്പർ ഹാൾഡോർസണായിരുന്നു. ലോകകപ്പ് യോഗ്യതാ റൗണ്ടിലും മികച്ച പ്രകടനം.
ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായി നേരിട്ട് റഷ്യയിലേക്കു യോഗ്യത നേടുകയും ചെയ്തു. യോഗ്യതാ റൗണ്ടുകളിൽ ഐസ്ലൻഡിന്റെ വല കാത്തത് ഹാൾഡോർസണായിരുന്നു. യൂറോ കപ്പിലെയും ലോകകപ്പ് യോഗ്യതാ ഘട്ടങ്ങളിലെയും പ്രകടനം അബദ്ധമല്ലെന്ന് ലോകകപ്പിലെ ആദ്യ മത്സരത്തിൽ കരുത്തരായ അർജന്റീനയ്ക്കെതിരേയുള്ള മത്സരത്തിലൂടെ ഐസ്ലൻഡ് തെളിയിച്ചു.
വെറും 3,48,500 ജനസംഖ്യയുള്ള രാജ്യത്തിന്റേതാണ് ഈ നേട്ടമെന്നോർക്കണം. ലോകകപ്പിനു യോഗ്യത നേടുന്നതിൽ ഏറ്റവും ജനസംഖ്യ കുറഞ്ഞ രാജ്യമാണ് ഐസ്ലൻഡ്. വർഷത്തിൽ കൂടുതൽ സമയവും മഞ്ഞുമൂടിക്കിടക്കുന്ന രാജ്യത്തു ഫുട്ബോൾ കളിക്കാൻ പ്രത്യേക സംവിധാനമാണ് അസോസിയേഷൻ ഒരുക്കിയിരിക്കുന്നത്. ആ ടീമിൽ വലിയ സൂപ്പർ താരങ്ങളൊന്നുമില്ല. ആകെ പറയാനുള്ളത് എവർട്ടന്റെ ഗിൽഫി സിഗാർഡ്സണ് മാത്രം. പരിശീലകൻ ഹൈമിർ ഹാൾഗ്രിംസണ് ദന്തഡോക്ടറായിരുന്നു.
അർജന്റീനയ്ക്കെതിരേ സമനില നേടിയ ഐസ്ലൻഡിന്റെ പ്രകടനത്തിൽ ഗോൾകീപ്പർ ഹാൾഡോർസന്റെ മികവ് എടുത്തുപറയേണ്ടിയിരിക്കുന്നു. ഒന്പത് സേവുകളാണ് അദ്ദേഹം നടത്തിയത്. ഇതിൽ അർജന്റൈൻ സൂപ്പർതാരം ലയണൽ മെസിയുടെ പെനാൽറ്റിയുമുണ്ടായിരുന്നു.
2014 ബ്രസീൽ ലോകകപ്പിനു യോഗ്യത ഘട്ടത്തിൽ ഐസ്ലൻഡ് പ്ലേ ഓഫ് വരെയെത്തിയിരുന്നു. അന്ന് പരിശീലകൻ സ്വീഡന്റെ ലാറസ് ലാഗർബാക്കായിരുന്നു. ഹൈമിർ സഹപരിശീലകനും. അപ്പോൾ ഹാൾഡോർസണ് ഐസ്ലൻഡ് ലീഗിലായിരുന്നു കളിക്കുന്നത്. മറ്റുള്ളവർ പുറത്തുള്ള ലീഗുകളിലും. കളിക്കാരെ മികവിലേക്കു യർത്താനായി യൂറോപ്പിലെ വലിയ ലീഗുകളിലേക്ക് അയച്ചു.
ഐസ്ലൻഡ് ലീഗ് സെമി പ്രഫഷണലായതുകൊണ്ട് കളിക്കാർക്ക് ജീവിക്കാൻ മറ്റ് ജോലി ചെയ്യേണ്ടതുണ്ട്. 2002 മുതലാണ് ഹാൾഡോർസണ് ഐസ്ലൻഡ് ഫുട്ബോൾ ലീഗിൽ കളിച്ചു തുടങ്ങിയത്. ഫുട്ബോൾ കളിക്കാരനൊപ്പം പാർട്ട് ടൈമായി സിനിമാ സംവിധായകനും എഡിറ്ററുമായി പ്രവർത്തിച്ചു. 2012ൽ അദ്ദേഹം നിർമിച്ച ഐസ്ലൻഡിന്റെ യൂറോവിഷൻ സോണ് കോണ്ടസ്റ്റ് എൻട്രിയിൽ നെവർ ഫൊർഗറ്റ് അന്താരാഷ്ട്രതലത്തിൽ വലിയ ഹിറ്റായി. ഗ്രെറ്റ സലോമും ജോൻസിയുമാണ് ഗാനം ആലപിച്ചത്.
2014 ലോകകപ്പിനു യോഗ്യത നേടാതെ പ്ലേ ഓഫിൽ സാഗ്രെബിൽ വച്ച് ഐസ്ലൻഡ് 2-0ന് ക്രൊയേഷ്യയോടു തോറ്റു. ആ തോൽവി ഐസ്ലൻഡ് ടീമിനെ തീർത്തും ഉലച്ചു. കളിക്കാർ പലരും വിരമിക്കൽ തീരുമാനത്തിൽ വരെയെത്തി. ഹാൾഡോർസണും അതിലുണ്ടായിരുന്നു.
എന്നാൽ, ലാഗർബാക് ടീമിനൊപ്പം നിന്നു. ഹൈമിറിനെ ജോയിന്റ് പരിശീലകനാക്കി. പിന്നീടുള്ളത് ഐസ്ലൻഡ് ചരിത്രത്തിലെ നാഴികകല്ലുകളാണ്. 2016 യൂറോകപ്പിൽ ഇംഗ്ലണ്ടിനോട് ജയിച്ച് ക്വാർട്ടർ ഫൈനൽ. 2018 റഷ്യ ലോകകപ്പിനു യോഗ്യത. ലോകകപ്പിലെ ആദ്യ മത്സരത്തിൽതന്നെ അർജന്റീനയെ വിറപ്പിച്ചു.
വന്നത് മെസിയുടെ പെനാൽറ്റികളെക്കുറിച്ച് പഠിച്ചശേഷം
ലോകത്തെ ഏറ്റവും മികച്ച കളിക്കാരനെതിരേ ഇറങ്ങിയതോടെ തന്റെ സ്വപ്നം സഫലമായെന്ന് ലയണൽ മെസിയുടെ പെനാൽറ്റി തടഞ്ഞ ഹാനെസ് ഹാൾഡോർസണ് പറഞ്ഞു. അർജന്റീനയെ സമനിലയിൽ കുരുക്കി തന്റെ ടീം തങ്ങളുടെ ലോകകപ്പിലെ ആദ്യ മത്സരത്തിൽ പ്രധാനപ്പെട്ട പോയിന്റ് നേടിയെടുത്തു.
അർജന്റൈൻ സൂപ്പർ താരമായ മെസിയുടെ പെനാൽറ്റി കിക്കുകൾ പലതും കണ്ടു പഠിച്ച് ഗൃഹപാഠം ചെയ്തിരുന്നതായും താരം പറഞ്ഞു. പെനാൽറ്റി തടഞ്ഞിട്ടുകൊണ്ട് ഹാൾഡോർസണ് താരമാകുകയും ചെയ്തു. മെസി പെനാൽറ്റി എടുക്കാൻ നിന്നപ്പോൾ മെസിയുടെ തല മുന്നോട്ടു വരുന്നത് ശ്രദ്ധിച്ചു. അപ്പോൾ മനസിലായി മെസി ഇടതുവശത്തേക്ക് പന്ത് പായിക്കുമെന്ന്. കൃത്യമായി ഡൈവ് ചെയ്ത് പന്ത് രക്ഷപ്പെടുത്തിയെന്നും ഹാൾഡോർസൺ പറഞ്ഞു.