കോപ്പൻഹേഗൻ: ബുർഖയും നിഖാബും രാജ്യത്ത് നിരോധിയ്ക്കാൻ ഡെൻമാർക്ക് പാർലമെന്റ് അനുമതി നൽകി. മുഖം മൂടിയുള്ള വസ്ത്രങ്ങൾ നിരോധിക്കുന്നതിന് അനുകൂലമായിട്ടാണ് പാർലമെൻറിലെ ഭൂരിപക്ഷം അംഗങ്ങളും വോട്ട് ചെയ്തത്.
75 അംഗങ്ങൾ അനുകൂലിച്ചപ്പോൾ 30 അംഗങ്ങൾ മാത്രമാണ് ബില്ലിനെ എതിർത്തത്. പുതിയ നിയമം അനുസരിച്ചില്ലെങ്കിൽ ആറു മാസം വരെ തടവു ശിക്ഷയും പിഴയും ലഭിയ്ക്കുന്ന നിയമമാണ് പാർലമെന്റ് പാസാക്കിയത്. ലിബറൽ, കണ്‍സർവേറ്റീവ്, ഡാനിഷ് പീപ്പിൾസ് പാർട്ടികൾ എന്നിവർ ബില്ലിന് അനുകൂലമായി വോട്ട് ചെയ്തു. സോഷ്യൽ ഡെമോക്രാറ്റുകളും മെറ്റേ ജേർസ്കോവ് എന്നീ കക്ഷികളാണ് എതിർത്തത്.
നടപ്പു വർഷം ഓഗസ്റ്റ് ഒന്നു മുതൽ ഇസ്ലാമിക് ബുർഖ, നിഖാബ് എന്നിവയെ നിരോധിച്ചുകൊണ്ടുള്ള ഉത്തരവു നടപ്പിൽ വരും. നിയമം ലംഘിയ്ക്കുന്നവർ 134 യൂറോ(1000 ക്രോണ്‍) പിഴയടച്ചാൽ മതി. എന്നാൽ രണ്ടാം പ്രവശ്യമോ അതിനു മുകളിലോ തവണ പിടിക്കപ്പെട്ടാൽ ആറുമാസം തടവും പിഴതുക വർധിയ്ക്കുകയും ചെയ്യും.
ബുർക്ക നിരോധിയ്ക്കുന്ന യൂറോപ്യൻ യൂണിയനിലെ അഞ്ചാമത്തെ രാജ്യമായി ഡെൻമാർക്ക്. ഓസ്ട്രിയ, ബെൽജിയം, ബൾഗേറിയ, ഫ്രാൻസ് എന്നിവയാണ് നിലവിൽ ബുർഖ നിരോധിച്ച രാജ്യങ്ങൾ. ജർമനിയിലെ 16 സ്റ്റേറ്റുകളിലും ബുർഖ നിരോധിച്ചപ്പോൾ , നെതർലാന്റ്സിലും, ഇറ്റലിയിലും ഭാഗികമായിട്ടാണ് നിരോധനം.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ