കോട്ടയം: പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നീസ് ജോസഫ് (62) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
മലയാള സിനിമയിലെ എക്കാലത്തേയും വലിയ ഹിറ്റുകളുടെ സൃഷ്ടാവാണ് വിടവാങ്ങിയത്.
1985ല്‍ ജേസി സംവിധാനം ചെയ്ത “ഈറന്‍ സന്ധ്യയ്ക്ക്’ എന്ന ചിത്രത്തിനു തിരക്കഥ എഴുതിയാണ് ചലച്ചിത്രരംഗത്ത് പ്രവേശിച്ചത്.
ഡെന്നീസ് ജോസഫ് രചിച്ച രാജാവിന്റെ മകൻ, ന്യൂഡൽഹി,സംഘം, നമ്പർ 20 മദ്രാസ് മെയിൽ, കോട്ടയം കുഞ്ഞച്ചൻ, നായർ സാബ് തുടങ്ങിയ ചിത്രങ്ങൾ ബോക്സ് ഓഫീസിൽ വൻ തരംഗമാണ് സൃഷ്ടിച്ചത്.
ആദ്യകാലങ്ങളിൽ സംവിധായകൻ ജോഷിയുമായുള്ള ചേർന്നുള്ള കൂട്ടുക്കെട്ട് നിരവധി ഹിറ്റുകളാണ് മലയാള പ്രേക്ഷകർക്ക് സമ്മാനിച്ചത്.
പതിമൂന്നോളം സിനിമകളാണ് ജോഷി-ഡെന്നീസ് ജോസഫ് കൂട്ടുകെട്ടിൽ പിറന്നത്. മറ്റു സംവിധായകർക്കൊപ്പം വഴിയോരക്കാഴ്ചകൾ, കിഴക്കൻ പത്രോസ്, ഇന്ദ്രജാലം, ആകാശദൂത് തുടങ്ങിയ മികച്ച സിനിമകൾക്കും തിരക്കഥയെഴുതി.
അഞ്ച് സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. അദ്ദേഹം ആദ്യമായി സംവിധാനം നിർവഹിച്ച “മനു അങ്കിൾ’ 1988ൽ ദേശീയ പുരസ്കാരം നേടി.
അഗ്രജൻ, തുടര്‍ക്കഥ, അപ്പു, അതർവം എന്നിവയാണ് ഡെന്നീസ് ജോസഫ് സംവിധാനം ചെയ്ത മറ്റ് സിനിമകൾ.
കോട്ടയം ജില്ലയിലെ ഏറ്റുമാനൂരില്‍ 1957 ഒക്ടോബര്‍ 20ന് എം.എൻ. ജോസഫിന്റെയും ഏലിയാമ്മ ജോസഫിന്റെയും മകനായി ജനിച്ചു.
ഏറ്റുമാനൂര്‍ ഗവണ്മെന്റ് ഹൈസ്കൂളിൽ നിന്ന് സ്കൂള്‍ വിദ്യാഭ്യാസവും കുറവിലങ്ങാട് ദേവമാതാ കോളെജില്‍ നിന്നും ബിരുദവും നേടി. പിന്നീട് ഫാര്‍മസിയില്‍ ഡിപ്ലോമയും കരസ്ഥമാക്കി.
അദ്ദേഹത്തിന്റെ ഏറ്റവും അവസാനം പുറത്തുവന്ന ചിത്രം പ്രിയദർശന്റെ ഗീതാഞ്ജലിയാണ്. ഒമർ ലുലു സംവിധാനം ചെയ്യുന്ന പവർസ്റ്റാർ എന്ന സിനിമ ചിത്രീകരണത്തിലാണ്.
സിനിമയ്ക്ക് അകത്തും പുറത്തുമുള്ള തന്റെ ജീവിതത്തെ കുറിച്ച് അദ്ദേഹമെഴുതിയ “നിറക്കൂട്ടുകളില്ലാതെ’ എന്ന പുസ്തകം മമ്മൂട്ടിയാണ് പ്രകാശനം ചെയ്തത്.
നടൻ ജോസ് പ്രകാശിന്റെ മരുമകനാണ് ഡെന്നീസ് ജോസഫ്. ഭാര്യ: ലീന. മക്കൾ: എലിസബത്ത്, റോസി, ജോസ്.