കുമരകം: വെള്ളപ്പൊക്കത്തിൽ നിന്ന് രക്ഷ നേടാൻ 19 പശുക്കളുമായി ബന്ധുവീട്ടിൽ അഭയം തേടിയ യുവ ക്ഷീര കർഷകൻ തിരികെ വീട്ടിലെത്തി. ചീപ്പുങ്കൽ പാലത്തിനു സമീപം ആലുംപറന്പിൽ ഡെന്നീ ജോസഫ് ആണ് വീട്ടിലും ഫാമിലും വെള്ളം കയറിയതോടെ രണ്ട് ലോറി കളിലായി പശുക്കളേയും കുടുംബാംഗങ്ങളേയുമായി ബന്ധു വീട്ടിലേക്ക് പോയത്.
വെള്ളം ഇറങ്ങിയതോടെ ഇന്നലെ പശുക്കളുമായി ഡെന്നീയും കുടുംബവും തിരിച്ചെത്തി. അതിരന്പുഴ നാല്പാപ്പത്തി മലയിലെ ബന്ധുവീട്ടിലായിരുന്നു ഒന്പതു ദിവസം.പരന്പരാഗതമായി ക്ഷീര കർഷക കുടുംബമായിരുന്നു ഡെന്നിയുടേത്. രണ്ടോ മൂന്നോ പശുക്കളെ വളർത്തി വന്ന കുടുംബം രണ്ടു മാസം മുന്പാണ് കൂടുതൽ പശുക്കളെ വാങ്ങി ഫാം തുടങ്ങിയത് .
12 കറവപശുക്കളും ഏഴ് കിടാങ്ങളുമാണ് ഇപ്പോൾ ഫാമിലുള്ളത്. ക്ഷീരസംഘത്തിൽ നിന്നും സൗജന്യമായി ലഭിക്കുന്ന വൈക്കോലും കാലിത്തീറ്റയും മാത്രമാണ് ഇപ്പോൾ പശുക്കൾക്ക് നൽകുന്നത്. വെള്ളപ്പൊക്കത്തെ തുടർന്ന് പച്ചപ്പുല്ല് ലദിക്കാതാവുകയും ലോറി യാത്രയുടെ ക്ഷീണവും മൂലം നൂറ് ലിറ്ററിലധികം പാൽ ലഭിച്ചിരുന്നത് 60 ലിറ്ററായി കുറഞ്ഞതായി ഡെന്നീസ് പറഞ്ഞു .
കായലിൽ നിന്നും പുല്ലെത്തിച്ച് നൽകുക കൂടി ചെയ്താലും മൂന്നാഴ്ച കഴിഞ്ഞാൽ പഴയതുപോലെ പാൽ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കർഷകൻ .ഭാര്യ ലിറ്റി മാത്യുവും മാതാവ് ത്രേസ്യാമ്മ ജോസഫും നാല് ആണ്മക്കളും പശുക്കളുടെ സംരക്ഷണത്തിനും പരിപാലനത്തിനും പ്രോത്സാഹനവുമായി ഒപ്പമുണ്ട്.