സമാനസ്വഭാവക്കാര്‍ ഒന്നിച്ചപ്പോള്‍ ഒഴിവായത് ആണവയുദ്ധം! കിം ജോംഗ് ഉന്നുമായി കൂട്ടുകൂടി വിവാദങ്ങളുടെ തോഴനും വിശ്വപ്രസിദ്ധ ബാസ്‌ക്കറ്റ്‌ബോള്‍ കളിക്കാരനുമായ ഡെന്നീസ് റോഡ്മാന്‍ നേടിയതിതൊക്കെ

യുക്തിരഹിതമായ ചില തമാശകള്‍ യാഥാര്‍ത്ഥ്യമായ വര്‍ഷമാണ് 2017. 2013 ല്‍ വിശ്വവിഖ്യാതനും വിവാദനായകനുമായ ബാസ്‌ക്കറ്റ്‌ബോള്‍ കളിക്കാരന്‍ ഡെന്നീസ് റോഡ്മാന്‍ ആദ്യമായി ഉത്തരകൊറിയ സന്ദര്‍ശിച്ചപ്പോള്‍ അമേരിക്കയുടെ പ്രതിനിധിയായാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നതെന്ന് വിശ്വസിക്കാന്‍ പ്രയാസമായിരുന്നു. ഡോണള്‍ഡ് ട്രംപ് അമേരിക്കയിടെ പ്രസിഡന്റായി എന്നു പറഞ്ഞതുപോലെ അവിശ്വസനീയം. അമേരിക്കയും ഉത്തരകൊറിയയും തമ്മില്‍ അരങ്ങേറേണ്ടിയിരുന്ന ആ മഹായുദ്ധം ഒഴിവാക്കിയത് റോഡ്മാനായിരുന്നു എന്നുതന്നെ വേണം കരുതാന്‍. യഥാര്‍ത്ഥത്തില്‍ ട്രംപും കിംഗ് ജോംഗ് ഉന്നും സുഹൃത്തുക്കളാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നാണ് ഒരു അന്താരാഷ്ട്ര മാധ്യമത്തോട് സംസാരിച്ചപ്പോള്‍, അഞ്ച് തവണ എന്‍ബിഎ ചാമ്പ്യനും കൂടിയായ, റോഡ്മാന്‍ പറഞ്ഞത്.

ഉന്നില്‍ നിന്ന് ക്ഷണം സ്വീകരിച്ചാണ് റോഡ്മാനും ഒരു പറ്റം മാധ്യമപ്രവര്‍ത്തകരും 2013 ല്‍ ഉത്തരകൊറിയ സന്ദര്‍ശിച്ചത്. തൊണ്ണൂറുകള്‍ മുതല്‍ മൈക്കിള്‍ ജോര്‍ദാന്റെ ചിക്കാഗോ ബുള്‍സ് ടീമിന്റെ കടുത്ത ആരാധകനായിരുന്നു താനെന്ന് കിം വെളിപ്പെടുത്തിയിട്ടുണ്ട്. ഒരു നൂറ്റാണ്ടിലെ ഏറ്റവും നല്ല പ്രതിരോധ കളിക്കാരില്‍ മുമ്പനായിരുന്ന റോഡ്മാനായിരുന്നു ഉന്നിനെ ഹരം കൊള്ളിച്ചിരുന്ന ആ ടീമുകളിലെ താരവും. കളിയിലെ മികവിനേക്കാള്‍ കൂടുതല്‍ റോഡ്മാനെ പ്രശസ്തനാക്കിയത് അദ്ദേഹത്തിന്റെ കോമാളിത്തരങ്ങളായിരുന്നു. കളിക്കളത്തിനകത്തും പുറത്തും വിവാദങ്ങളില്‍ നിന്ന് വിവാദങ്ങളിലേയ്ക്കായിരുന്നു റോഡ്മാന്റെ സഞ്ചാരം. ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റുന്നതിനുവേണ്ടി മനപൂര്‍വ്വം ചെയ്യുന്നതാണോ എന്ന് തോന്നിക്കുന്നവിധമായിരുന്നു റോഡ്മാന്റെ പെരുമാറ്റങ്ങള്‍. സെലിബ്രിറ്റികള്‍ മാറിമാറി റോഡ്മാന്റെ കാമുകി സ്ഥാനത്തേയ്ക്ക് വന്നും പോയുമിരുന്നു. ഗോസിപ്പ് കോളങ്ങളും മഞ്ഞപ്പത്രങ്ങളും റോഡ്മാന്റെ കഥകള്‍കൊണ്ട് നിറഞ്ഞു. ഒരിക്കല്‍ പൊതുപരിപാടിയില്‍ പ്രഥമ വനിത മെലാനിയ ട്രംപിന്റെ പേര് തെറ്റായി പറഞ്ഞതിന് ട്രംപിന്റെ പരസ്യശാസനത്തിനും റോഡ്മാന്‍ ഇരയായി.

ഇത്തരത്തിലുള്ള റോഡ്മാന്റെ തമാശ നിറഞ്ഞ ഭൂതകാലം അറിയാവുന്നതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ഉത്തരകൊറിയ സന്ദര്‍ശനത്തെ ആരും കാര്യമായെടുത്തില്ല. താനും കിമ്മും അടുത്ത സുഹൃത്തുക്കളാണെന്ന് റോഡ്മാന്‍ പറഞ്ഞെങ്കിലും അതും സ്വയം വ്ഡ്ഢി വേഷം കെട്ടുന്നതിന്റെ ഭാഗമായാണെന്നേ ആളുകള്‍ കരുതിയുള്ളു. എന്നാല്‍ കാര്യങ്ങള്‍ അങ്ങനെയായിരുന്നില്ല. റോഡ്മാന്‍ വീണ്ടും പലതവണ ഉത്തരകൊറിയ സന്ദര്‍ശിച്ചു. 2014 ലെ സന്ദര്‍ശനത്തിനുശേഷം, റോഡ്മാന്‍ നടത്തിയ പ്രസ്താവനകള്‍ ഏറെ വിവാദമായിരുന്നു. അമേരിക്കന്‍ മിഷനറിയായ കെന്നത്ത് ബേയെ ഉത്തരകൊറിയ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നതിന് വ്യക്തമായ കാരണമുണ്ട് എന്നാണ് റോഡ്മാന്‍ അന്ന് പറഞ്ഞത്. എന്നാല്‍ റോഡ്മാന്റെ ആ പ്രസ്താവന മറ്റൊരു തരത്തില്‍ തന്റെ മോചനത്തിന് ഗുണമായെന്നാണ് മോചിതനായശേഷം ബേ പറഞ്ഞത്. കാരണം അതിനുശേഷമാണ് ബേയുടെ യാതനകള്‍ മാധ്യമങ്ങളിലൂടെ ലോകം അറിയുകയും മോചനത്തിനായുള്ള നടപടികള്‍ നടക്കുകയും ചെയ്തത്.

അമേരിക്കന്‍ കോളജ് വിദ്യാര്‍ത്ഥിയായ ഓട്ടോ വാംബിയറിന്റെ മോചനത്തിനും കാരണമായത് റോഡ്മാനാണെന്നാണ് അധികമാരും അംഗീകരിക്കാത്ത സത്യം. റോഡ്മാനും കിമ്മും ഒന്നിച്ചുചേരുന്ന സമയങ്ങളില്‍ രാഷ്ട്രീയം ഒരിക്കലും കടന്നു വരാറില്ലെന്നും, പുറത്തുകറങ്ങാന്‍ പോവാനും ഹോഴ്‌സ് റൈഡിംഗ്, സ്‌നോ ഡൈവിംഗ് എന്നിവയൊക്കെ നടത്താനുമൊക്കെയാണ് സമയം ചെലവഴിക്കുക എന്നാണ് ഉത്തരകൊറിയന്‍ നിരീക്ഷകനായ കെന്‍ ഗോസ് വെളിപ്പെടുത്തിയിട്ടുള്ളത്. അമേരിക്ക പോലൊരു രാജ്യത്തിന്റെ പ്രതിനിധിയാവാന്‍ റോഡ്മാന് യോഗ്യതയില്ലെങ്കിലും തങ്ങള്‍ക്ക് പറ്റിയ അംബാസഡറാണ് റോഡ്മാനെന്നും ഗോസ് ഒരിക്കല്‍ പറയുകയുണ്ടായി. റോഡ്മാന്റെ ഇത്തരത്തിലുള്ള സ്വഭാവസവിശേഷത തന്നെയാണ് സമാന സ്വഭാവമുള്ള രണ്ട് നേതാക്കളുടെ ( ട്രംപ്, കിം) ഇടയില്‍ സമാധാന ദൂതനായി വര്‍ത്തിക്കാന്‍ അയാളെ അര്‍ഹനാക്കുന്നതും. ചുരുക്കിപറഞ്ഞാല്‍ അതീവ വികൃതിയും തല്ലിപ്പൊളിയുമായ ഒരു ബാസ്‌ക്കറ്റ്‌ബോള്‍ കളിക്കാരന്‍ മൂലം ഒരു ആണവ യുദ്ധത്തില്‍ നിന്ന് ലോകം രക്ഷപെട്ടിരിക്കുന്നു.

Related posts