ന്യൂഡൽഹി: ഡൽഹിയിലും ഉത്തരേന്ത്യയുടെ ചില ഭാഗങ്ങളിലും ശൈത്യം രൂക്ഷമായി. മൂടൽ മഞ്ഞിനെ തുടർന്നു ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നുള്ള 84 വിമാനങ്ങൾ റദ്ദാക്കി. 168 വിമാനങ്ങൾ വൈകുകയാണ്. ഇതോടെ ആയിരക്കണക്കിന് യാത്രക്കാരാണ് വിമാനത്താവളത്തിൽ കാത്തിരിക്കുന്നത്. 18 ട്രെയിനുകളും റദ്ദാക്കി.
ഡൽഹിക്കുപുറമെ ഹരിയാന, പഞ്ചാബ്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും പുലർച്ചെ മുതൽ കനത്ത മൂടൽമഞ്ഞ് അനുഭവപ്പെട്ടു.
അഞ്ചു ദിവസംകൂടി സ്ഥിതി തുടരുമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നൽകി. ഉത്തരേന്ത്യയിലെ ശൈത്യത്തിലെകഴിഞ്ഞ ദിവസം ഡൽഹിയിൽ പലയിടത്തും കാഴ്ചപരിധി പൂജ്യമായി ചുരുങ്ങിയതോടെ ഗതാഗതം താറുമാറായിരുന്നു.
ഞായറാഴ്ച തണുപ്പകറ്റാൻ കത്തിച്ച കൽക്കരിയുടെ പുക ശ്വസിച്ച് രണ്ടു കുട്ടികളടക്കം ഒരു കുടുംബത്തിലെ നാലു പേർ മരിച്ചിരുന്നു. ഡൽഹി ഖേര കലൻ ഗ്രാമത്തിൽ താമസിച്ചിരുന്ന രാകേഷ് (40), ഭാര്യ ലളിത (38), ഇവരുടെ രണ്ട് ആണ്മക്കളായ പിയൂഷ് (8), സണ്ണി (7) എന്നിവരാണു മരിച്ചത്.
അതേസമയം, ഡൽഹിയിൽ മൂടല്‍മഞ്ഞ് കാരണം ഡല്‍ഹിയില്‍നിന്നു ഗോവയിലേക്ക് പുറപ്പെടേണ്ട വിമാനം വൈകുമെന്ന കാര്യം അറിയിച്ച ഇൻഡിഗോ പൈലറ്റിന് യാത്രക്കാരന്റെ മർദനമേറ്റു. ഇന്നലെ രാത്രി ഒരു മണിക്കാണ് സംഭവം.
വിമാനം വൈകുമെന്ന് പൈലറ്റ് അനൗൺസ് ചെയ്യുന്നതിനിടയിൽ യാത്രക്കാരിൽനിന്ന് ഒരു യുവാവ് എഴുന്നേറ്റ് വന്ന് പൈലറ്റിനെ ആക്രമിക്കുകയായിരുന്നു.
ഇൻഡിഗോ അധികൃതരുടെ പരാതിയെ തുടർന്നു ഇയാളെ ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തു. മൂടല്‍മഞ്ഞ് കാരണം ഡല്‍ഹിയില്‍നിന്ന് ഗോവയിലേക്ക് പുറപ്പെടേണ്ട വിമാനം 13 മണിക്കൂറോളം വൈകിയിരുന്നു.