പല്ല്, ബാക്ടീരിയകൾ, സൂക്രോസ്, ഗ്ലൂക്കോസ് തുടങ്ങിയ പുളിപ്പിക്കാവുന്ന കാർബോഹൈഡ്രേറ്റുകൾ, സമയം എന്നീ നാലു ഘടകങ്ങൾ കൂടിച്ചേരുന്പോഴാണ് ദന്തക്ഷയം സംഭവിക്കുന്നത്.
പല്ലിന്റെ രൂപം, വ്യത്യസ്ത ദന്തശുചീകരണ മാർഗങ്ങളുടെ അവലംബം, ഉമിനീരിൽ അടങ്ങിയ ധാതുക്കളുടെ ശേഖരം തുടങ്ങിയവ ഇതിനെ സ്വാധീനിക്കുന്നു.
ദന്തക്ഷയം സംഭവിക്കുന്നത്
താടിയെല്ലുകൾക്ക് അകത്തുള്ള ഭാഗങ്ങൾ ഒഴികെ പല്ലിന്റെ ഏതൊരു ഭാഗത്തും ദന്തക്ഷയം സംഭവിക്കാം. പല്ലിൽനിന്നു നഷ്ടപ്പെടുന്നത്ര ധാതുക്കൾ ഉമിനീരിൽനിന്നോ കൃത്രിമ മാർഗങ്ങളിലൂടെയോ (ഫ്ളൂറൈഡ് ചികിത്സ) നിക്ഷേപിക്കപ്പെടാത്ത അവസ്ഥയിലാണ് ദന്തക്ഷയം സംഭവിക്കുന്നത്.
കാർബോഹൈഡ്രേറ്റുകൾ പല്ലിൽ അവശേഷിക്കുന്ന ഇടങ്ങളിൽനിന്നാണ് എപ്പോഴും ധാതുക്കൾ അലിഞ്ഞുപോകുന്നത്.
80 ശതമാനം ദന്തക്ഷയവുംസംഭവിക്കുന്നത്
80 ശതമാനം ദന്തക്ഷയവും സംഭവിക്കുന്നതു സാധാരണ ദന്തശുചീകരണ മാർഗങ്ങൾക്കും ഉമിനീരിനും എത്താനാകാത്ത സ്ഥലങ്ങളിലാണ്.
ഭക്ഷണം ചവച്ചരയ്ക്കുന്ന പ്രതലത്തിലെ പ്രകൃത്യാ ഉള്ള ദ്വാരങ്ങളിലാണ് (പിറ്റുകളും ഫിഷ്യർകളും) കൂടുതലും ദന്തക്ഷയം ഉണ്ടാകുന്നത്. മറ്റു പ്രതലങ്ങളിൽ ശുചീകരണ മാർഗങ്ങൾ എളുപ്പത്തിൽ എത്തുന്നതിനാൽ അവിടെ ദന്തക്ഷയം താരതമ്യേന കുറവാണ്.
എക്സ്റേ എന്തിന്?
നേരിട്ടുകാണാൻ സാധ്യതയില്ലാത്ത ഭാഗങ്ങളിലും പല്ലുകളുടെ ഉള്ളിലെ നാശം നിർണയിക്കുന്നതിനും എക്സ്റേ പരിശോധന അത്യാവശ്യമാണ്. ചികിത്സാഘട്ടത്തിൽ പോടിന്റെ വലിപ്പം നിർണയിക്കുന്നതിന് ഡിസ്ക്ലോസിംഗ് സൊല്യൂഷൻ ഉപയോഗിക്കാവുന്നതാണ്.
ലേസർ ഉപയോഗിച്ചാൽ…
അതിനൂതന മാർഗങ്ങളിൽ ഒന്നായ ലേസർ പരിശോധന, എക്സറേയുടെ ദൂഷ്യഫലങ്ങൾ ഒരു പരിധിവരെ ഒഴിവാക്കാൻ സഹായിക്കുന്നു. കൃത്യമായ ഇടവേളകളിൽ ഡെന്റിസ്റ്റിനെ കാണുന്നതുവഴിയും പരിശോധന നടത്തുന്നതുവഴിയും ദന്തക്ഷയം കൂടുതൽ പടരുന്നതിനുമുന്പുതന്നെ തടയാൻ കഴിയും.
കുട്ടികളിൽ…
പിറ്റ് ആൻഡ് ഫിഷർ സീലന്റ് ചികിത്സ കുട്ടികളിൽ ദന്തക്ഷയം തടയുന്നതിനുവേണ്ടിയുള്ള ഒരു പ്രതിരോധ ചികിത്സയാണ്. പല്ലിന്റെ പ്രകൃത്യാ ഉള്ള വിള്ളലുകളെ ഡ്രിൽ ചെയ്യാതെ ഒരു നേരിയ ഫില്ലിംഗ് കൊടുത്ത് അടയ്ക്കുന്ന രീതിയാണിത്.
പാൽപ്പല്ലിലും സ്ഥിര ദന്തങ്ങളിലും ഈ ചികിത്സ ചെയ്യുന്നുണ്ട്. വളരെ ലളിതമായ ചികിത്സാരീതിയാണിത്. കുട്ടികളിൽ ദന്തക്ഷയം തടയുന്ന വളരെ ഫലപ്രദമായ മാർഗമാണിത്.
ഫ്ളൂറൈഡ് ട്രീറ്റ്മെന്റ് എപ്പോൾ?
ആരംഭഘട്ടത്തിൽ ഫ്ളൂറൈഡ് ട്രീറ്റ്മെന്റ് വളരെയധികം ഗുണംചെയ്യും. പല്ലിൽനിന്നു നഷ്ടപ്പെട്ടു തുടങ്ങുന്ന ധാതുക്കൾ കൃത്രിമ മാർഗങ്ങളിലൂടെ തിരിച്ചു നിക്ഷേപിക്കുന്ന പ്രക്രിയയാണ് ഫ്ളൂറൈഡ് ചികിത്സ. തത്ഫലമായി പല്ലിന്റെ ഘടന പുനക്രമീകരിക്കുവാനാകും.
(തുടരും)
വിവരങ്ങൾ – ഡോ. വിനോദ് മാത്യു മുളമൂട്ടിൽ
(അസിസ്റ്റന്റ് പ്രഫസർ, പുഷ്പഗിരി കോളജ്
ഓഫ് ദന്തൽ സയൻസസ്, തിരുവല്ല).
ഫോൺ – 9447219903