അണുബാധ വേരുകളിൽ എത്തിയ പല്ലുകൾക്കു ചിലപ്പോൾ വേദന ഉണ്ടാകണമെന്നില്ല. അല്ലെങ്കിൽ അണുബാധയ്ക്കു കഴിച്ച ആന്റിബയോട്ടിക് വേദന കുറയ്ക്കാം. അങ്ങനെ വേദനശമനം ഉണ്ടായാൽ പിന്നെ റൂട്ട് കനാൽ ചികിത്സയുടെ ആവശ്യമുണ്ടോ എന്നൊരു തെറ്റായ ധാരണ പൊതുജനങ്ങൾക്കിടയിലുണ്ട്.
അതിനാൽ അവർ റൂട്ട് കനാൽ ചികിത്സയ്ക്കു തയാറാവില്ല. എന്നാൽ, ഇതു താത്കാലിക ശമനം ആണെന്നതാണു വസ്തുത. ഭാവിയിൽ ഈ പല്ലുകൾക്കു വീണ്ടും വേദന ഉണ്ടായേക്കാം. അല്ലെങ്കിൽ അണുബാധ മറ്റു ഗുരുതരമായ അവസ്ഥകളിലേക്കു കടക്കാം.
പല്ലുകൾ നശിച്ചുപോകാനും ഇടയാകാം. അതുകൊണ്ടുതന്നെ പല്ലിന്റെ അവസ്ഥ നിരീക്ഷിച്ച് ഡോക്ടർ റൂട്ട് കനാൽ ചികിത്സ നിർദേശിച്ചാൽ അതു ചെയ്യുകതന്നെയാണു പല്ലുകൾ സംരക്ഷിക്കാൻ നല്ലത്.
റൂട്ട് കനാലിനു ശേഷം ക്യാപ്പിടണോ?
പലപ്പോഴും റൂട്ട് കനാൽ ചികിത്സ കഴിഞ്ഞ രോഗി പല്ലിൽ ക്യാപ്പിടാൻ തയാറാവുന്നില്ല. റൂട്ട് കനാൽ ചികിത്സ കഴിഞ്ഞ പല്ലുകൾക്കു മറ്റു പല്ലിനേക്കാൾ ബലം കുറവായതിനാൽ പൊട്ടിപ്പോകാൻ സാധ്യതയുണ്ട്. ഇതു തടയാനാണ് ക്യാപ്പിടുന്നത്.
എന്തിനാണു റൂട്ട് കനാൽ ചെയ്യുന്നത്?
റൂട്ട് കനാൽ ചെയ്താൽ ചില രോഗികളിൽ ചെറിയ മോണവീക്കത്തിനും നീരിനും കാരണമായേക്കാം. അതു ശരീരത്തിന്റെ പ്രതിരോധശക്തിയുടെ പ്രവർത്തനംമൂലമാണ്. എല്ലാവർക്കും ഇതു കാണണമെന്നില്ല.
പല്ലു പറിച്ചു കളയുന്നതല്ലേ നല്ലത്, എന്തിനാണു റൂട്ട്കനാൽ ചെയ്യുന്നത് എന്നൊരു ചോദ്യം ചിലർക്കുണ്ടാകാം. കൃത്രിമപല്ലു വയ്ക്കുന്നത് ഒരിക്കലും യഥാർഥ പല്ലിന്റെ ഗുണം തരില്ല. റൂട്ട് കനാലിൽ നമ്മുടെ യഥാർഥ പല്ലുകൾ നിലനിർത്തുകയാണ് ചെയ്യുന്നത്.
പല്ലു പറിച്ചു കളയുന്നത് എപ്പോൾ?
ദന്തക്ഷയം മൂർധന്യാവസ്ഥയിൽ എത്തിയാൽ ഒരുവിധത്തിലും നമുക്കു പല്ലുകളെ സംരക്ഷിക്കാനാവില്ല. ഇത്തരം സാഹചര്യങ്ങളിൽ അണുബാധ മജ്ജയും കടന്ന് മോണയിൽ വരെ എത്താൻ സാധ്യതയുണ്ട്.
കൂടുതൽ പ്രതലങ്ങൾ ദന്തക്ഷയംമൂലം കൂടുതൽ പ്രതലങ്ങൾ നഷ്ടപ്പെട്ട പല്ലുകൾ, റൂട്ട് കനാൽ ചികിത്സ ചെയ്തിട്ടും ഫലം കാണാത്ത പല്ലുകൾ, പൊട്ടിപ്പോയ പല്ലുകൾ എന്നിവ പറിച്ചു കളയേണ്ടതായി വരും.
ദന്തക്ഷയം എങ്ങനെ തടയാം
1. രാവിലെയും രാത്രി ഉറങ്ങാൻ പോകുന്നതിനുമുന്പും ഫ്ളൂറൈഡ് അടങ്ങുന്ന ടൂത്ത്പേസ്റ്റ് ഉപയോഗിച്ചു നിർബന്ധമായും ബ്രഷ് ചെയ്യുക.
2. ബ്രഷിന്റെ ബ്രിസിൽസിൽ മുഴുനീളം ടൂത്ത് പേസ്റ്റ് എടുത്തു ബ്രഷ് ചെയ്യുക.
3. മൂന്നു മാസം കൂടുന്പോൾ ബ്രഷ് മാറ്റുക.
4. ഏകദേശം 40 ശതമാനം കേടുവരുന്നതു പല്ലുകൾക്ക് ഇടയിലുള്ള ഭാഗത്താണ്. ഇവിടെ ഭക്ഷണം കയറിയിരിക്കുന്നത് ഒഴിവാക്കുക. ടൂത്ത് പിക്ക്, ഡെന്റൽ ഫ്ളോസ് മുതലായവ ഉപയോഗിച്ച് ഇവ നീക്കം ചെയ്യുക.
5. ആറുമാസം കൂടുന്പോൾ പല്ലുകൾ ഡെന്റിസ്റ്റിനെ കണ്ട് ക്ലീൻ ചെയ്യിക്കുകയും ഡെന്റൽ ചെക്ക്-അപ്പ് നടത്തുകയും ചെയ്യുക.
6. മധുരമുള്ള ഭക്ഷണം കഴിച്ചതിനുശേഷം പല്ലുകൾ ബ്രഷ് ചെയ്യുക.
7. ദന്തശുചിത്വം പാലിക്കുക.
8. പല്ലിൽ ഒട്ടിപ്പിടിക്കുന്ന മധുരമുള്ള ഭക്ഷണ സാധനങ്ങൾ ഒഴിവാക്കുക.
9. കുട്ടികളിൽ ഫ്ളൂറൈഡ് ചികിത്സ, പിറ്റ് ആൻഡ് ഫിഷർ സീലന്റ് ചികിത്സ എന്നിവ ദന്തക്ഷയം തടയാൻ സഹായിക്കുന്നു.
ഓർക്കുക. നമ്മുടെ സ്വന്തം പല്ലിനോളം ഗുണംചെയ്യില്ല വപ്പുപല്ലുകൾ. അതിനാൽ ആരോഗ്യമുള്ള പല്ലുകൾ നിലനിർത്തുന്നതു വളരെ പ്രധാനമാണ്.
വിവരങ്ങൾ – ഡോ. വിനോദ് മാത്യു മുളമൂട്ടിൽ
(അസിസ്റ്റന്റ് പ്രഫസർ, പുഷ്പഗിരി കോളജ്
ഓഫ് ദന്തൽ സയൻസസ്, തിരുവല്ല).
ഫോൺ – 9447219903