ഗർഭധാരണം മുതൽ ദന്തസംരക്ഷണ മാർഗങ്ങൾ ആരംഭിച്ചിരിക്കണം. ഗർഭിണികളിൽ കണ്ടുവരുന്ന ചില ദന്തരോഗങ്ങളാണ് മോണപഴുപ്പ്, മോണയിൽ ദശവളരൽ, പല്ലിന് ഇളക്കം, പല്ലിന് കേട് തുടങ്ങിയവ.
മോണപഴുപ്പ്
50 – 100 ശതമാനം സ്ത്രീകളിൽ രണ്ടുമുതൽ എട്ടുമാസം വരെയുള്ള കാലയളവിൽ മോണരോഗം കണ്ടുവരുന്നു. ഇത് ഒന്പതാംമാസം ആകുന്പോഴേക്കും കുറയുന്നതായി ശ്രദ്ധിച്ചിട്ടുണ്ട്.
മോണയിൽനിന്ന് രക്തം വരിക, മോണയുടെ നിറവ്യത്യാസം, മോണവീക്കം ഇവയെല്ലാമാണ് ഇതിന്റെ ലക്ഷണങ്ങൾ. ഇതിനുള്ള കാരണം പ്രൊജസ്ട്രോണിന്റെ അളവ് കൂടുന്നതാണ്. പ്രസവത്തിനു മുന്പ് നല്ല ദന്തസംരക്ഷണമുണ്ടെങ്കിൽ പ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യത ചുരുക്കമായിരിക്കും.
മോണയിലെ ദശവളരൽ
ഇത് സ്ത്രീകളിൽ മൂന്നാം മാസത്തിലാണ് കണ്ടുവരുന്നത്. മോണരോഗമുള്ള ഗർഭസ്ഥ സ്ത്രീകളിൽ മുകളിലെ മുന്നിലെ മോണയിൽ ദശ വളരുന്നതുപോലെ നീല നിറത്തിലാണ് കാണപ്പെടുന്നത്.
ഇത് മോണയുടെ വീക്കം മാത്രമാണ്. ഇവ കാൻസറസായി കാണക്കാക്കരുത്. ഇവയ്ക്ക് സാധാരണ വേദന ഉണ്ടാകാറില്ല. പക്ഷേ ഭക്ഷണപദാർഥങ്ങൾ കയറിയിരിക്കുന്പോൾ ഇതിൽ വേദന അനുഭവപ്പെടാറുണ്ട്. ദശയിൽനിന്നുള്ള രക്തസ്രാവം ഇതിന്റെ പ്രധാന ലക്ഷണമാണ്.
പല്ലിന് ഇളക്കം
ഗർഭധാരണത്തിനു മുന്പ് മോണരോഗമുള്ള സ്ത്രീകൾ അതിന് ചികിത്സ ചെയ്യാതിരുന്നാൽ ഹോർമോൺ വ്യതിയാനങ്ങൾ മൂലം മോണരോഗം കൂടുതലാകാനിടയുണ്ട്. മോണരോഗം അധികമായാൽ അതു പല്ലിന്റെ ഉറപ്പിനെത്തന്നെ ബാധിക്കും.
പല്ലിനു കേട്
ഇടയ്ക്കിടെയുള്ള ആഹാരരീതിയും അധികം മധുരമുള്ളതും അന്നജം ധാരാളമടങ്ങിയതുമായ ഭക്ഷണവും പല്ലിന് കേടുവരുത്തും. ഓക്കാനവും ഛർദിയുമുള്ള സ്ത്രീകളിൽ കേടിനുള്ള സാധ്യത വളരെ കൂടുതലാണ്.
മോണരോഗം മൂർച്ഛിച്ചാൽ
ഗർഭിണികളിൽ ദന്തസംരക്ഷണം കുറയുന്നതിനാലുണ്ടാകുന്ന മോണരോഗം മൂർഛിച്ചതിന്റെ ഫലവും കാണപ്പെടാറുണ്ട്. ബാക്ടീരിയയുടെ പ്രവർത്തനംമൂലം ശരീരം സ്വയം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ശരീരത്തിനകത്ത് രാസമാറ്റങ്ങൾ നടക്കുന്നു. ഇതിനാൽ ഉളവാകുന്ന പദാർഥങ്ങൾ മാസംതികയാതെയുള്ള പ്രസവത്തിനു കാരണമാകുന്നു.
കരുതൽ
പ്രതിരോധമാണ് മരുന്നിനേക്കാൾ പ്രധാനം. മോണരോഗവിദഗ്ധന്റെ അടുക്കൽ വരുന്ന ഗർഭിണികൾക്കു പ്രത്യേക പരിചരണം ഉറപ്പാക്കേണ്ടതാണ്.
ഗർഭിണികൾ മോണരോഗ വിദഗ്ധനെ സമീപിക്കുന്ന സമയത്തുതന്നെ മുൻപുണ്ടായ രോഗങ്ങൾ, കുടുംബവിവരങ്ങൾ, കഴിഞ്ഞകാല ഗർഭധാരണം, പ്രമേഹം, മഞ്ഞപ്പിത്തം തുടങ്ങിയ സംബന്ധിച്ച വിവരങ്ങൾ നൽകിയിരിക്കണം. പോഷകസമീകൃതാഹാരരീതി സ്വീകരിക്കണം.
ശരിയായ രീതിയിലുള്ള പല്ലുതേക്കൽ, ഫ്ളോസിംഗ്, മൗത്ത് വാഷ് ഉപയോഗം എന്നിവ നിർബന്ധമായും പാലിക്കണം
ദന്തചികിത്സ എപ്പോൾ?
നാലുമുതൽ ആറുമാസം വരെയുള്ള കാലയളവാണ് ദന്തചികിത്സയ്ക്ക് അനുകൂലം. ഗർഭിണികൾ ഒരിക്കലും സ്വയംചികിത്സ നടത്തരുത്. പരിശോധനയ്ക്കു ശേഷം മാത്രം ഡോക്ടർ നിർദേശിക്കുന്ന മരുന്നുകൾ കഴിക്കുക.
വിവരങ്ങൾ – ഡോ. വിനോദ് മാത്യു മുളമൂട്ടിൽ
(അസിസ്റ്റന്റ് പ്രഫസർ, പുഷ്പഗിരി കോളജ്
ഓഫ് ദന്തൽ സയൻസസ്, തിരുവല്ല).
ഫോൺ – 9447219903