മുളങ്കുന്നത്തുകാവ്: മുഖ്യമന്ത്രിക്കും ആരോഗ്യവകുപ്പ് മന്ത്രിക്കും സമയമില്ല. അവസാനം, ഉദ്ഘാടനം നടത്താതെ തന്നെ ഗവ. ഡന്റൽ കോളജിലെ ഡന്റൽ വിഭാഗം ക്ലിനിക് പ്രവർത്തനം ആരംഭിച്ചു. കോളജ് കെട്ടിടത്തിന്റെ ഒന്നാംഘട്ട നിർമാണം പൂർത്തീകരിച്ചശേഷം ഉദ്ഘാടനത്തിനായി പലതവണയാണ് തീയതി നിശ്ചയിച്ചത്. മന്ത്രിമാരുടെ സമയത്തിനും താത്പര്യത്തിനും കാത്തുനിന്നതാണ് ഉദ്ഘാടനം വൈകിപ്പിച്ചത്.
ഏഷ്യയിലെ തന്നെ ഒന്നാംതരം ഡന്റൽ ആശുപത്രിയായി മാറാൻപോകുന്ന തൃശൂർ ഗവ. ഡന്റൽ ആശുപത്രിയും ഡന്റൽ കോളജും കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് ആരംഭിച്ചത്. കോളജ് കെട്ടിടത്തിന്റെ ഒന്നാംഘട്ട നിർമാണത്തിന് 14.5 കോടി രൂപ ചെലവഴിച്ചാണ് അത്യാധുനിക സജ്ജീകരണങ്ങളുള്ള കെട്ടിടം നിർമിച്ചത്. ഒഴിഞ്ഞുകിടക്കുന്ന നെഞ്ചുരോഗാശുപത്രി വക കെട്ടിടത്തിലാണ് കോളജും ക്ലിനിക്കും ഇതുവരെ പ്രവർത്തിച്ചിരുന്നത്.
സ്ഥലപരിമിതി ഏറെ പ്രതിസന്ധി ഉണ്ടാക്കിയിരുന്നെങ്കിലും കാര്യങ്ങൾ ഭംഗിയായി പോയിരുന്നു. ഒരു കെട്ടിടത്തിൽ തന്നെ ആശുപത്രിയും കോളജും മറ്റു അനുബന്ധ സൗകര്യങ്ങളും ഒരുക്കണമെന്ന ഇന്ത്യൻ ഡന്റൽ മെഡിക്കൽ കൗണ്‍സിലിന്റെ ഉത്തരവ് നടപ്പാക്കാൻ സാധിക്കാത്തതു മൂലം രണ്ടുതവണ കൗണ്‍സിലിന്റെ അംഗീകാരം നിഷേധിക്കപ്പെട്ടു. സർക്കാർ തലത്തിൽ നടത്തിയ ഇടപെടലുകളെ തുടർന്നാണ് പിന്നീട് താത്കാലിക അനുമതി ലഭിച്ചത്.
ആധുനിക സജ്ജീകരണങ്ങളോടെ 100 ദന്തൽ ചെയറുകൾ പുതിയ ക്ലിനിക്കിൽ സ്ഥാപിച്ചിട്ടുണ്ട്. ഡന്റൽ വിഭാഗമായി ബന്ധപ്പെട്ട് എല്ലാ ആധുനിക ചികിത്സയും ലഭ്യമാക്കാനുതകുന്ന ആശുപത്രി-കോളജ് കെട്ടിടത്തിന്റെ രണ്ടാംഘട്ട നിർമ്മാണം പാതി വഴിയിൽ ആണ്. നാലു നില കെട്ടിടത്തിന്റെ ഒരു നിലയാണ് ഇപ്പോൾ പൂർത്തീകരിച്ചിട്ടുള്ളത്. കെട്ടിട നിർമാണം സർക്കാരിന്റെ കനിവ് കാത്തുകിടക്കുകയാണ്.