പാൽപ്പല്ലുകളുടെ ആരോഗ്യത്തിൽ നാം വലിയ താൽപ്പര്യം കാണിക്കാത്തതാണ് സ്ഥിരദന്തങ്ങൾ നിര തെറ്റി വരുന്നതിന്റെ പ്രധാന കാരണം. സ്ഥിരദന്തങ്ങൾ വരുന്നതുവരെ മോണയിലെ സ്ഥലം നിലനിർത്താൻ വേണ്ടിക്കൂടിയാണ് പ്രകൃതി പാൽപ്പല്ലുകളെ നിയോഗിച്ചിരിക്കുന്നത്.
ദന്തനിരയുടെ ക്രമം തെറ്റുന്നതിനു പിന്നിൽ
പാൽ കുടിക്കുന്ന ശിശുക്കളുടെ പല്ലുകൾ ഒരു ടവ്വൽ ഉപയോഗിച്ചെങ്കിലും വൃത്തിയാക്കണം. കുട്ടികൾക്ക് പൊതുവെ 6 വയസ്സ് തികയുമ്പോൾ, നിലവിലുള്ള പാൽപ്പല്ലുകളുടെ പുറകിൽ മുകളിലും, താഴെയുമായി (ഇരുവശങ്ങളിലും) മൊത്തം 4 സ്ഥിരദന്തങ്ങൾ മുളയ്ക്കാറുണ്ട്.
എന്നാൽ ഇവ പാൽപ്പല്ലുകളാണെന്ന് തെറ്റിദ്ധരിച്ച് അവഗണിക്കുകയാണ് മിക്ക മാതാപിതാക്കളുടെയും പതിവ്. അതിനാൽ കുട്ടികൾക്ക് പ്രസ്തുത ദന്തങ്ങൾ നഷ്ടപ്പെടുകയും അങ്ങനെ സൃഷ്ടിക്കപ്പെടുന്ന വിടവ് മൂലം മൊത്തം ദന്തനിരയുടെയും ക്രമം തെറ്റുകയും ചെയ്യാറുണ്ട്.
6 വയസ്സിനു ശേഷവും വിരൽകുടി തുടർന്നാൽ
4 വയസ്സ് വരെ കുട്ടികൾ വിരൽ കുടിക്കുന്നതു സ്വാഭാവികമാണ്. എന്നാൽ 6 വയസ്സിനു ശേഷവും വിരൽകുടി തുടർന്നാൽ പല്ലുകളുടെ നിര തെറ്റാൻ വളരെ സാധ്യതയുണ്ട്.
അപകടസാധ്യതയുള്ള കായിക വിനോദങ്ങളിലേർപ്പെടുന്ന കുട്ടികൾക്കും മുതിർന്നവർക്കും പല്ലുകളുടെ സുരക്ഷയ്ക്ക് ഉപയോഗിക്കാവുന്ന മൗത്ത് ഗാർഡുകൾ ഇന്ന് വിപണിയിലുണ്ട്.
കൃത്യമായ ദന്താരോഗ്യ ശീലങ്ങൾ പാലിക്കുന്ന മാതാപിതാക്കളുടെ മക്കൾ പൊതുവെ ഇത്തരം ശീലങ്ങൾ പാലിക്കുന്നതിൽ താൽപ്പര്യം ഉള്ളവരായിരിക്കും.
കൃത്രിമ ദന്തങ്ങൾ ഉപയോഗിക്കാത്തതിനാൽ
മുതിർന്നവരിൽ പല്ലുകളുടെ ക്രമവും ഉപയോഗക്ഷമതയും നഷ്ടപ്പെടാനും വാക്കുകളുടെ ഉച്ചാരണം വികലമാകാനും കവിൾ ഒട്ടാനുമുള്ള പ്രധാന കാരണം നഷ്ടപ്പെടുന്ന പല്ലുകൾക്കുപകരം കൃത്രിമ ദന്തങ്ങൾ ഉപയോഗിക്കാത്തതാണ്.
പല്ലുകളുടെ നിറം നിലനിർത്താൻ
പല്ലുകളുടെ വെണ്മ വർധിപ്പിക്കാനാണ് പൊതുവെ ആളുകൾക്ക് താൽപ്പര്യമെങ്കിലും ആരോഗ്യമുള്ള പല്ലുകൾക്ക് അൽപ്പം മഞ്ഞനിറം ഉണ്ട് എന്നതാണ് യാഥാർഥ്യം. പാൽപ്പല്ലുകൾക്ക് കൂടുതൽ വെണ്മ ഉണ്ടായിരിക്കും.
ചായയും കാപ്പിയുമടക്കം നിറമുള്ള ഏത് പാനീയം ഉപയോഗിച്ചാലും ഉടനെ വായ കഴുകുന്നത് പല്ലുകളുടെ നിറം നിലനിർത്താൻ സഹായിക്കും. പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കുന്നവരുടെ പല്ലുകൾ നിറം മങ്ങുന്നതും കറ പിടിക്കുന്നതും സാധാരണമാണ്.
സ്വയം ഉരച്ചു വൃത്തിയാക്കരുത്
അപകടങ്ങളിൽ ഇളകി മോണയിൽ നിന്ന് വിട്ടു പോകുന്ന പല്ലുകൾ തണുത്ത പാലിലോ ഉമിനീരിലോ കരിക്കിൻ വെള്ളത്തിലോ ഇട്ട് ഒരു മണിക്കൂറിനുള്ളിൽ ഡെന്റിസ്റ്റിന്റെ അടുത്ത് കൊണ്ടു ചെന്നാൽ മിക്കവാറും അവയെ പൂർവസ്ഥിതിയിലാക്കാൻ സാധിക്കും.
പക്ഷെ, ഇത്തരം പല്ലുകൾ ഡെന്റിസ്റ്റിന്റെ പക്കൽ എത്തിക്കുന്നതിനു മുൻപ് സ്വയം ഉരച്ചു വൃത്തിയാക്കാൻ ശ്രമിക്കരുത്.
പല്ലുവേദനയ്ക്ക് ഇതല്ല മരുന്ന്
ആസ്പിരിൻ പോലുള്ള വേദനസംഹാരികൾ പല്ലുവേദനയുള്ള ഭാഗത്ത് വച്ച് ചികിത്സിക്കുന്നത് പലരും അനുവർത്തിക്കുന്ന ഒരു തെറ്റായ രീതിയാണ്. ഇതുമൂലം മോണയിൽ പൊള്ളൽ ഉണ്ടാവാം.
(തുടരും)
വിവരങ്ങൾ: ഡോ.ഡോൺ തോമസ്,
ഡെന്റൽ സർജൻ(DEIC),
ഗവൺമെന്റ് ജനറൽ(ബീച്ച് )ആശുപത്രി,
കോഴിക്കോട്.