പ്രമേഹബാധിതരിൽ ഉമിനീരിന്റെ കുറവ് അനുഭവപ്പെടാറുണ്ട്. ഇത് ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ട്, വിഴുങ്ങൽ, സംസാരിക്കൽ തുടങ്ങി നിരവധി പ്രശ്നങ്ങൾ ഉണ്ടാകുന്നു. ഉമിനീരിന്റെ അളവും ഗ്ലൂക്കോസിന്റെ അളവും തമ്മിൽ ബന്ധമുണ്ട്. ഉയർന്ന ഗ്ലൂക്കോസ് ലെവൽ ഉള്ള പ്രമേഹരോഗികളിൽ ഉമിനീരിന്റെ അളവ് വളരെ കുറവായിരിക്കും.
ദന്തക്ഷയം
പ്രമേഹരോഗികളിൽ പുതിയതും ആവർത്തിച്ചുള്ളതുമായ ദന്തക്ഷയത്തിന് സാധ്യതയുണ്ട്. ഉമിനീരിന്റെ ശുദ്ധീകരണവും ബഫറിംഗ് ശേഷിയും കുറയുന്നു. ഉമിനീരിൽ ഗ്ലൂക്കോസിന്റെ അളവ് വർധിക്കുന്നതാണ് ഇതിനു കാരണം.
ഇങ്ങനെവായിൽ നിരവധി ബാക്ടീരിയകൾ വരുന്നു. ഇതു പല്ലിനും പല്ലിന്റെ വേരുകളിലും നാശത്തിനു കാരണമാകുന്നു. പ്രമേഹ ബാധിതരിൽ മറ്റുള്ളവരെ അപേക്ഷിച്ച് പല്ലിന്റെ കേടുമൂലം വേരുകളിൽ പഴുപ്പു കെട്ടിനിൽക്കാനുള്ള അവസരം കൂടുതലാണെന്നു പഠനങ്ങളുണ്ട്.
ഇത്തരത്തിലുള്ള പഴുപ്പുകൾ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിൽ അണുബാധ വരുത്താനുള്ള സാധ്യത കൂടുതലാണ്.
വായിലെ അണുബാധകൾ
പ്രമേഹരോഗികൾക്ക് ഫംഗസ്, ബാക്ടീരിയ, അണുബാധകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഉമിനീർ ഉത്പാദനം കുറവും അതിലുള്ള ആന്റി മൈക്രോബിയർ ഫലങ്ങളുടെ അഭാവവും ഈ അണുബാധയ്ക്കു കാരണമാകുന്നു.
ശരീരത്തിന്റെ പ്രതിരോധശേഷി നഷ്ടമാകുന്നതും ഇതിനെ സഹായിക്കുന്നു. പ്രമേഹരോഗികളിൽ രോഗപ്രതിരോധശേഷി കുറയുന്നതായി കാണപ്പെടുന്നു.
ഓറൽ കാൽഡിഡിയാസിസ് (oral candidiasis)ഒരു ഫംഗസ് അസുഖമാണ്. വായിൽ സാധാരണ അവസ്ഥയിൽ ഈ ഫംഗസ് കാണപ്പെടുന്നു; അണുബാധ ഉണ്ടാകാൻ കാരണമാകു ന്നതിലും വളരെ ചെറിയ അളവിൽ.
എന്നാൽ, പ്രമേഹരോഗികളിൽ രോഗപ്രതിരോധശേഷി കുറവ് ആയതിനാൽ ഈ ഫംഗസിന്റെ അളവ് വർധിക്കുന്നു. ഇതുമൂലം ഓറൽ കാൻഡിഡിയാസിസ് എന്ന രോഗാവസ്ഥയിലേക്ക് എത്തുന്നു.
ഇതുപോലെതന്നെ വായിൽ വരാവുന്ന മറ്റൊരു രോഗാവസ്ഥയാണ് ഓറൽ ലൈക്കൻ പ്ലാനസ് (Oral lichen planus). ഇതിന്റെയും പ്രധാന കാരണങ്ങളിൽ ഒന്നാണു പ്രമേഹം.
പെരിയോഡൊണ്ടെറ്റിസ്
മോണ, പല്ല്, അസ്ഥി എന്നിവയെ ബാധിക്കുന്ന വിട്ടുമാറാത്ത രോഗമാണ് പെരിയോഡൊണ്ടെറ്റിസ്. ഇതു ചികിത്സിക്കാതെയിരുന്നാൽ കാലക്രമേണ പല്ലുകൾക്ക് ഇളക്കം സംഭവിക്കുന്നു.
പ്രമേഹരോഗികളിൽ ഈ അവസ്ഥ കൂടുതലായി കാണപ്പെടുന്നു. ഇതിനു കാരണം നിയന്ത്രണാതീതമായ ഗ്ലൂക്കോസിന്റെ അളവാണ്. ഇതു കാരണം ഉമിനീരിൽ ബാക്ടീരിയയുടെ അളവു വർധിക്കുന്നു. ഇതു പല്ലുകളെയും അസ്ഥികളെയും നശിപ്പിക്കുന്നു.
മോണരോഗം
മോണയിൽ ചുവപ്പ്, നീർവീക്കം, ബ്രഷ് ചെയ്യുന്പോഴോ ഫ്ളോസിംഗ് ചെയ്യുന്പോഴോ രക്തസ്രാവം, മോണ പല്ലിൽ
നിന്നു വിട്ടുനിൽക്കുക, വായ്നാറ്റം, പല്ലിലും മോണയിലുമുള്ള പഴുപ്പ് എന്നിവയാണ് മോണരോഗത്തിന്റെ ലക്ഷണങ്ങൾ.
ഗനിർണയത്തിനായി ദന്താരോഗ്യ വിദഗ്ധനെ കാണുക. ചിലപ്പോൾ ഇവയിൽ ചില ലക്ഷണങ്ങൾ മറ്റു രോഗാവസ്ഥയിലും കാണാം. ഇതിന്റെ ചികിത്സ നിങ്ങളുടെ ലക്ഷണങ്ങൾ, പ്രായം, പൊതു ആരോഗ്യം എന്നിവയെ ആശ്രയിച്ചിരിക്കും.
പല്ലുകളെയും മോണയെയും ശരിയായി പരിപാലിക്കുന്നത് പ്രമേഹവുമായി ബന്ധപ്പെട്ട വായയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായകം.
ശ്രദ്ധിക്കുക
പ്രമേഹ രോഗിയാണെന്നു നിർണയിക്കപ്പെട്ടാൽ പല്ലുകളും മോണയും രോഗവിമുക്തമായി സൂക്ഷിക്കുക. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കുക, പതിവായി ദന്ത പരിശോധന നടത്തുക. വെപ്പുപല്ല് ഉപയോഗിക്കുന്നവർ അതു വൃത്തിയാക്കുക. പുകയില ഉൽപ്പന്നങ്ങൾ ഉപേക്ഷിക്കുക.
വിവരങ്ങൾ – ഡോ. വിനോദ് മാത്യു മുളമൂട്ടിൽ
(അസിസ്റ്റന്റ് പ്രഫസർ, പുഷ്പഗിരി കോളജ്
ഓഫ് ദന്തൽ സയൻസസ്, തിരുവല്ല).
ഫോൺ – 9447219903