പല്ലിലെ പോട് വളരെയധികം പ്രശ്നമുണ്ടാക്കുന്ന ഒന്നാണ്. ഇതിനാകട്ടെ പ്രായപരിധിയുമില്ല. കുട്ടികളിൽ തുടങ്ങി മുതിർന്നവരിൽവരെ ഇത്തരത്തിൽ ദന്തക്ഷയം ഉണ്ടാകുന്നു. ആരംഭഘട്ടത്തിൽതന്നെ ശ്രദ്ധിച്ചാൽ കൂടുതൽ ഭാഗങ്ങളിലേക്ക് പടരാതെ ഇതിനെ ഇല്ലാതാക്കാം.
ഭക്ഷണ അവശിഷ്ടങ്ങളിൽ
ഭക്ഷണ അവശിഷ്ടങ്ങളെ ബാക്ടീരിയകൾ ദഹിപ്പിക്കുന്നതിന്റെ ഫലമായി ഉണ്ടാകുന്ന അമ്ലങ്ങൾ ദന്തോപരിതലത്തിലെ ധാതുക്കളെ അലിയിക്കുകയും ജൈവ തന്മാത്രകളെ നശിപ്പിക്കുകയും ചെയ്യുന്നതു മൂലമുണ്ടാകുന്ന രോഗമാണ് പല്ലിലെ പോട് അഥവാ ദന്തക്ഷയം.
സ്ട്രപ്റ്റോ കോക്കസ്, ലാക്റ്റോബാസിലസ് വംശത്തിൽപ്പെട്ട ജീവാണുക്കളാണ് പൊതുവിൽ ദന്തക്ഷയത്തിനു കാരണമാകുന്നത്. കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ലെങ്കിൽ അസഹ്യവേദനയും പല്ലുകൾ നഷ്ടപ്പെടുന്നതിനുമിടയാകും.
പുള്ളി വീണു തുടങ്ങുന്പോൾ..
ആരംഭഘട്ടത്തിൽ ദന്തോപരിതലത്തിൽ നേരിയ നിറവ്യത്യാസമുള്ള പുള്ളികൾ കാണപ്പെടുന്നതാണ് ദന്തക്ഷയത്തിന്റെ തുടക്കം. (വെളുത്ത ചോക്കിന്റെ നിറം) ഇതു പുരോഗമിക്കുന്പോൾ ഉപരിതലം പരുപരുത്തതാവുകയും കാലക്രമേണ അവിടെ സുഷിരങ്ങൾ രൂപപ്പെടുകയുംചെയ്യുന്നു.
ബാക്ടീരിയകൾ ഭക്ഷണാവിഷ്ടങ്ങളെ പ്രത്യേകിച്ച് സുക്രോസ്, ഫ്രക്റ്റോസ്, ഗ്ലൂക്കോസ് മുതലായ കാർബോഹൈഡ്രേറ്റുകളെ പുളിപ്പിക്കുന്നതിന്റെ ഫലമായുണ്ടാകുന്ന അമ്ലങ്ങളാണ് ദന്തക്ഷയത്തിനു കാരണം.
ശുചീകരണമാർഗങ്ങളും ഉമിനീരിലടങ്ങിയിരിക്കുന്ന ധാതുക്കളും അമ്ലങ്ങളുടെ അളവ് കുറയ്ക്കുന്പോൾ ഈ പ്രക്രിയ വിപരീത ദിശയിൽ പ്രവർത്തിക്കുന്നു. (റീമിനലൈസേഷൻ).
ദ്വാരങ്ങൾ വീണുകഴിഞ്ഞാൽ…
ദന്തോപരിതലത്തിലെ ധാതുക്കൾ അലിഞ്ഞ് നേരിയ നിറവ്യത്യാസമുള്ള പുള്ളികൾ കാണപ്പെടുന്നതാണ് ദന്തക്ഷയത്തിന്റെ തുടക്കം. വെളുത്ത ചോക്കിന്റെ നിറത്തിൽ കാണപ്പെടുന്ന ഇതിനെ പ്രാഥമിക ദന്തക്ഷയം (ഇൻസിപ്പിയന്റ് കേരീസ്) എന്ന് അറിയപ്പെടുന്നു.
ധാതുക്കളുടെ അലിഞ്ഞുപോകൽ തുടരുന്പോൾ പരുപരുത്ത പ്രതലങ്ങൾ തവിട്ടുനിറമാവുകയും ദ്വാരങ്ങളായി രൂപാന്തരപ്പെടുകയുംചെയ്യുന്നു. ദ്വാരങ്ങൾ രൂപപ്പെടുന്നതിനു മുന്നേ നാം വേണ്ടപോലെ ശുചീകരണമാർഗങ്ങൾ ഉപയോഗിച്ചാൽ ഈ നശീകരണപ്രക്രിയയ്ക്ക് പ്രതിപ്രവർത്തനം സംഭവിച്ചേക്കാം. ദ്വാരങ്ങൾ രൂപപ്പടുന്നതിനുശേഷം നഷ്ടപ്പെട്ട ദന്തഘടന പുനർജനിപ്പിക്കാനാവില്ല.
പുളിപ്പും വേദനയും
പ്രതിപ്രവർത്തനം (റീമിനറലൈസേഷൻ) സംഭവിച്ച പ്രാഥമിക ദന്തക്ഷയം തിളങ്ങുന്ന തവിട്ടുനിറത്തിലും സജീവമായ ദന്തക്ഷയം പരുപരുത്ത തവിട്ടുനിറത്തിലും കാണപ്പെടുന്നു.
ദന്തക്ഷയം പല്ലിലെ ഇനാമലും ഡെന്റീനും നശിപ്പിച്ചുകഴിയുന്പോഴാണ് പലപ്പോഴും ശ്രദ്ധയിൽപ്പെടുന്നത്. ദന്തക്ഷയമുള്ള പ്രതലങ്ങൾ നിറവ്യത്യാസമുള്ളതും മൃദുവായും കാണപ്പെടുന്നു.
ദന്തക്ഷയം ഇനാമലും കടന്ന് ഡെന്റീനിലെത്തുന്പോൾ അതിലുള്ള സൂക്ഷ്മധമനികളെ ഉത്തേജിപ്പിക്കുന്നു. തത്ഫലമായി നമുക്കു പുളിപ്പും വേദനയും അനുഭവപ്പെടുന്നു.
ചൂടും തണുപ്പമുള്ള ഭക്ഷണ പദാർഥങ്ങൾ, മധുരം, പുളി എന്നിവ ചിലപ്പോൾ ഈ വേദനയുടെ ആക്കം കൂട്ടാം. ദന്തക്ഷയം വായ്നാറ്റത്തിനും വായിൽ ദുഷിച്ച രുചിക്കും കാരണമാകുന്നു. തീവ്രമാകുന്പോൾ പഴുപ്പിനും കാരണമാകുന്നു.
ശ്രദ്ധിക്കാതെയിരുന്നാൽ അതു സമീപ ശരീരഭാഗങ്ങളിലേക്കു പടരുകയും ജീവനുതന്നെ ഭീഷണിയാകുന്ന ലുഡ്വിഗ്സ് ആഞ്ജെന(Ludwig’s angina) പോലുള്ള സങ്കീർണ അവസ്ഥകളായും രൂപാന്തരപ്പെടാം.
(തുടരും)
വിവരങ്ങൾ – ഡോ. വിനോദ് മാത്യു മുളമൂട്ടിൽ
(അസിസ്റ്റന്റ് പ്രഫസർ, പുഷ്പഗിരി കോളജ്
ഓഫ് ദന്തൽ സയൻസസ്, തിരുവല്ല).
ഫോൺ – 9447219903